മട്ടാഞ്ചേരിയുടെ പോരാട്ടചരിത്രത്തെ സത്യസന്ധമായി സമീപിക്കുകയാണ് രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം.’ കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനായി പതിറ്റാണ്ടുകളോളം തൊഴിലാളികള്‍ നടത്തിയ പോരാട്ടവുമാണ് ചിത്രം പറയുന്നത്. കൊച്ചി തുറമുഖത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒരു പറ്റം തൊഴിലാളികളുടെയും അവരുടെ ചെറുത്തുനിൽപ്പിന്‍റെയും കഥയ്ക്ക് സമാന്തരമായി തുറമുഖത്തെ തൊഴിലാളികളിൽ ഒരാളായ മട്ടാഞ്ചേരി മൊയ്തുവിന്‍റെയും കുടുംബത്തിന്‍റെയും കഥയും പറഞ്ഞുപോവുകയാണ് ചിത്രം.
മൊയ്തുവിന്‍റെ പിതാവായ മൈമ്മൂദിൽ നിന്നുമാണ് ചിത്രത്തിന്‍റെ കഥ ആരംഭിക്കുന്നത്. തൊഴിൽ തേടി തിരൂരിൽ നിന്നും കൊണ്ടോട്ടിയിൽ നിന്നുമൊക്കെ കൊച്ചിയിലെത്തി ചേർന്ന നൂറുകണക്കിന് തൊഴിലാളികളിൽ ഒരാളാണ് മൈമ്മൂദും. ധാരാളം കപ്പലുകളെത്തുന്ന, തൊഴിലിനു ക്ഷാമമില്ലാത്ത ഒരിടം എന്നതായിരുന്നു കൊച്ചി തുറമുഖത്തിന്‍റെ ആകർഷണം. എന്നാൽ തീർത്തും മനുഷ്യത്വരഹിതമായ രീതിയിലുള്ള ചാപ്പ സമ്പ്രദായത്തിലായിരുന്നു ആ തുറമുഖത്തെ ജോലികൾ വിഭജിക്കപ്പെട്ടിരുന്നത്. ആത്മാഭിമാനം പണയം വച്ച് കങ്കാണിമാര്‍ എറിയുന്ന ചാപ്പയ്ക്കു വേണ്ടി തൊഴിലാളികൾ കാത്തുകിടന്നു. പണിയില്ലാതെയും ജീവിക്കാൻ പണമില്ലാതെയും വലം കെട്ടപ്പോൾ അവർ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി. ചെറുത്തുനിൽപ്പിന്‍റെ രാഷ്ട്രീയം തുടങ്ങി വയ്ക്കുന്നത് മൈമ്മൂദാണ്. അതിന് അയാൾക്ക് വലിയ വിലകൊടുക്കേണ്ടിയും വരുന്നു. വർഷങ്ങൾക്കിപ്പുറം മൈമ്മൂദിന്‍റെ മക്കളായ മൊയ്തുവും ഹംസയും അതേ തുറമുഖത്ത് തന്നെ ജീവിതം കരുപിടിപ്പിക്കാൻ നോക്കുന്നു. പക്ഷേ, തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യുന്ന കരാറുകാരും മുതലാളിമാരും യൂണിയൻ നേതാക്കളുമെല്ലാം മൊയ്തുവിന്‍റെയും ഹംസയുടെയും തൊഴിലാളി സമൂഹത്തിന്‍റെയും ജീവിതം ദുസ്സഹമാക്കുകയാണ്. മാന്യമായി ജീവിക്കാനുള്ള അവകാശങ്ങൾക്കു വേണ്ടി ആ തൊഴിലാളികൾക്ക് നിരന്തരം പോരാടേണ്ടി വരുന്നു. ചെറുത്തുനിൽപ്പുകളിലൂടെയും സമരങ്ങളിലൂടെയും മർദ്ദനങ്ങളേറ്റും മട്ടാഞ്ചേരിയിലെ തൊഴിലാളി സമൂഹം ചാപ്പ വിഭജനത്തെ തുരത്തിയ ആ ചരിത്രത്തെയാണ് ‘തുറമുഖം’ തുറന്നു കാണിക്കുന്നത്.
ശക്തമായൊരു തിരക്കഥയും അഭിനേതാക്കളുടെ മികവേറിയ പ്രകടനവുമാണ് ചിത്രത്തിന്റെ പ്ലസ്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നുണ്ട് നിവിൻ പോളി. നായകനെന്നതിനേക്കാൾ അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് നിവിന്‍റെ മൊയ്തു. ഉമ്മയായി എത്തുന്ന പൂർണിമ ഇന്ദ്രജിത്താണ് ചിത്രത്തിലെ ഏറ്റവും ശക്തയായ കഥാപാത്രങ്ങളിൽ ഒന്ന്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പല കാലഘട്ടങ്ങളെ മികവോടെ അവതരിപ്പിക്കുന്നുണ്ട് പൂർണിമ. യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും നിസ്സഹായരായ ഇരകൾ എപ്പോഴും സ്ത്രീകളും കുട്ടികളുമാണെന്നു പറയാറുണ്ട്, ആ ദൈന്യതയെ കണ്ണുകളിൽ പേറുന്നുണ്ട് ഉമ്മ. ഒരിടവേളയ്ക്കു ശേഷമുള്ള തന്‍റെ തിരിച്ചുവരവ് ഗംഭീരമായി രേഖപ്പെടുത്തുകയാണ് പൂർണിമ. അർജുൻ അശോകനാണ് പ്രകടനം കൊണ്ട് മികച്ചു നിൽക്കുന്ന മറ്റൊരാൾ. നന്മയും അലിവുമുള്ള നിസ്സഹായതകളിലൂടെ കടന്നു പോവുന്ന ഹംസയെന്ന ചെറുപ്പക്കാരൻ അർജുന്‍റെ കയ്യിൽ ഭദ്രമാണ്. നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, ഇന്ദ്രജിത്ത്, ജോജു ജോർജ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രകടനത്തിൽ മികവു പുലർത്തുന്നുണ്ട്. സ്ലോ പെയ്സിലാണ് ചിത്രത്തിന്‍റെ സഞ്ചാരം. ചരിത്രത്തിനെ കൃത്യമായി രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെയും കൃത്യമായി രേഖപ്പെടുത്തിപ്പോവുന്നുണ്ട് ഗോപൻ ചിദംബരത്തിന്‍റെ തിരക്കഥ. അച്ഛന്‍ കെ എം ചിദംബരന്‍ രചിച്ച ‘തുറമുഖം’ എന്ന നാടകത്തെയാണ് ഗോപന്‍ സിനിമയ്കായി തിരക്കഥയാക്കിയിരിക്കുന്നത്. കാലഘട്ടങ്ങൾക്ക് അനുസരിച്ചുള്ള കളർ ഗ്രേഡിങ്ങ് ആണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ബ്ലാക്ക് ആൻറ് വൈറ്റ് ടോണിലാണ് ചിത്രം അതിന്‍റെ ചരിത്രപരമായ പശ്ചാത്തലത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. രാജീവ് രവിയെന്ന സംവിധായകന്‍റെ ക്രാഫ്റ്റിലും ഛായാഗ്രഹണത്തിലുമുള്ള മികവു കൂടി ചേരുമ്പോൾ ‘തുറമുഖം’ വേറിട്ടൊരു ആസ്വാദനം സമ്മാനിക്കുന്നു.
1920 മുതൽ 1950കൾ വരെയുള്ള കാലഘട്ടത്തിനോട് നീതി പുലർത്തുന്ന രീതിയിലാണ് ചിത്രത്തിന്‍റെ ആർട്ട് ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ ദാസാണ് കലാസംവിധാനം നിർവ്വഹിച്ചത്. ബി. അജിത്കുമാർ എഡിറ്റിംഗും ഷഹബാസ് അമൻ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സുകുമാർ തെക്കേപ്പാട്ടും ജോസ് തോമസും ചേർന്നു നിർമ്മിച്ച ‘തുറമുഖം’ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ്. പലരും മറന്നുതുടങ്ങിയ ചരിത്രത്തിലേക്കും പോയ കാലത്തിലേക്കുമുള്ള ഒരു തിരിച്ചുനടത്തമാണ് ‘തുറമുഖം’ സാധ്യമാക്കുന്നത്. ഒപ്പം കേരളത്തിന്‍റെ തൊഴിലാളി സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പിനെയും ഓർമ്മപ്പെടുത്തുന്നു. 1953 സെപ്റ്റംബർ 15 ന് മട്ടാഞ്ചേരിയുടെ തെരുവിൽ പൊലീസ് വെടിവപ്പിൽ പൊലിഞ്ഞ സമരക്കാർക്കാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്. എന്റർടെയിനർ വാല്യുവിനും കൊമേഴ്സ്യൽ വാല്യുവിനും വേണ്ടി സിനിമ ഒരിടത്തും കോംപ്രമൈസ് ചെയ്യുന്നില്ല. അതു കൊണ്ടു തന്നെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായി ‘തുറമുഖ’ത്തെ കാണാനാവില്ല. എന്നാൽ സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന പ്രേക്ഷകർക്ക് ‘തുറമുഖം’ വേറിട്ടൊരു കാഴ്ചാനുഭവമായി മാറും.