തങ്ങളുടേതായ വഴി വെട്ടി പ്രേക്ഷകരുടെ മനസ്സില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇടം പിടിച്ച കണ്ടന്‍റ് ക്രിയേറ്റേഴ്സ് ആണ് കരിക്ക്. പലപ്പോഴും നീണ്ട ഇടവേളകളിലാണ് കരിക്കിന്‍റെ പുതിയ വീഡിയോകള്‍ എത്താറ്. അതിനാല്‍ത്തന്നെ ആരാധകര്‍ക്കിടയില്‍ അതിനായി വലിയ കാത്തിരിപ്പും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വെബ് സിരീസുമായി എത്തുകയാണ് അവര്‍. സാമര്‍ത്ഥ്യ ശാസ്ത്രം എന്നു പേരിട്ടിരിക്കുന്ന സിരീസിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
കരിക്കിന്‍റേതായി നേരത്തെ പുറത്തെത്തിയ പല ഉള്ളടക്കവും പോലെ ത്രില്ലര്‍ കോമഡി സ്വഭാവത്തിലുള്ളതാവും സാമര്‍ത്ഥ്യ ശാസ്ത്രവുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നിലീന്‍ സാന്ദ്ര രചന നിര്‍വ്വഹിച്ചിരിക്കുന്ന സിരീസിന്‍റെ സംവിധാനം ശ്യാമിന്‍ ഗിരീഷ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദ്, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠം, ഛായാഗ്രഹണം അഖില്‍ സേവ്യര്‍, കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍, സംഗീതം ലിയോണല്‍ ആന്‍ഡ് ഗോപു, വസ്ത്രാലങ്കാരം കരോളിന്‍ ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് അനീഷ് പി. ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടീസറിന് വന്‍ പ്രതികരണമാണ് യുട്യൂബില്‍ ലഭിക്കുന്നത്. ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതുള്ള ടീസറിന് 14 ലക്ഷത്തിലധികം കാഴ്ചകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും 10,000ല്‍ അധികം കമന്‍റുകളും വീഡിയോയ്ക്കു താഴെ ലഭിച്ചിട്ടുണ്ട്. ഒരു സിനിമയുടെ ട്രെയ്‍ലര്‍ പോലെയുണ്ടെന്നും കരിക്കിന്‍റെ കണ്ടന്‍റുകളുടെ നിലവാരം വര്‍ധിക്കുകയാണെന്നുമൊക്കെയാണ് ആരാധകരുടെ പ്രതികരണം.
ക്രിസ്മസ് റിലീസ് ആയെത്തിയ കലക്കാച്ചി ആയിരുന്നു തങ്ങളുടെ തന്നെ പ്ലാറ്റ്ഫോമിലൂടെ എത്തിയ കരിക്കിന്‍റെ അവസാന റിലീസ്. രണ്ട് ഭാഗങ്ങളായി ഒന്നേകാല്‍ മണിക്കൂറിലേറെ ദൈര്‍ധ്യമുള്ള കോമഡി കണ്ടന്‍റ് ആയിരുന്നു ഇത്. ഇതില്‍ ആദ്യഭാഗത്തിന് ഇതുവരെ ലഭിച്ച കാഴ്ചകള്‍ 1.4 കോടിയാണ്. പാര്‍ട്ട് രണ്ടിന് 1.3 കോടിയും. കരിക്ക് ടീം ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയുടെ സംവിധാനം അര്‍ജുന്‍ രത്തന്‍ ആയിരുന്നു. കൃഷ്ണചന്ദ്രന്‍, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി അലോഷ്യസ്, ജീവന്‍ സ്റ്റീഫന്‍, മിഥുന്‍ എം ദാസ്, കിരണ്‍ വിയ്യത്ത്, ബിനോയ് ജോണ്‍, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ സി, സിറാജുദ്ദീന്‍ എ, നന്ദിനി ഗോപാലകൃഷ്ണന്‍, അര്‍ജുന്‍ രത്തന്‍, അനു കെ അനിയന്‍, വിഷ്ണു വി, അമല്‍ അമ്പിളി, വിവേക് വി ബാബു, അനൂപ് ശിവദാസ്, ഹരികൃഷ്ണ എന്നിവരായിരുന്നു കലക്കാച്ചിയിലെ അഭിനേതാക്കള്‍.