കൂടുതൽ മലയാളി പ്രേക്ഷകരെ ആകർഷിക്കാനായി നെറ്റ്ഫ്ലിക്സ് (Netflix). സലിം കുമാർ നെറ്റ്ഫ്ലിക്സ് ആയിരുന്നെങ്കിലോ (what if Salim Kumar was Netflix ?) എന്ന ചോദ്യവുമായി യൂട്യൂബിൽ (YouTube) വന്ന ആറു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്. വളരെ രസകരമായ രീതിയിൽ പ്രേക്ഷകരെയും നെറ്റ്ഫ്ലിക്സ് നേയും നമുക്ക് മുൻപിൽ എത്തിച്ചിരിക്കുകയാണ് സലിം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള ഒരു കൂട്ടം അഭിനേതാക്കൾ.
വീഡിയോ കാണാം
മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് സലിം കുമാർ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ സലിം കുമാർ കഥാപാത്രങ്ങൾ ഏറെയാണ്. ജനപ്രിയ ട്രോളുകളുടെ മുഖവും താരവും അദ്ദേഹത്തിന്റെ ഡയലോഗുകളും തന്നെയാണ്. ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ പുതിയ പ്രമോയാണ് ശ്രദ്ധനേടുന്നത്.
നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തോട് പ്രേക്ഷകർ ചോദ്യം ചോദിക്കുന്നതും അവയ്ക്ക് രസകരമായ മറുപടി നൽകുന്ന സലിം കുമാറിനെയും വീഡിയോയിൽ കാണാം.
പല ഓപ്ഷനുകൾ നൽകിയിട്ടും ഒരേ സീരീസ് വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനേയും, പ്രചോദനം ഉൾക്കൊണ്ട് സിനിമയെടുക്കാൻ ഒരുങ്ങുന്ന സംവിധായകനേയും പ്രമോയിൽ കാണാനാവും.’പരസ്പരം’ കാണാൻ നെറ്റ്ഫ്ലിക്സിൽ എത്തുന്ന സ്ത്രീകളും അവർക്ക് നെറ്റ്ഫ്ലിക്സ് സീരീസ് ‘ഡാർക്’ പരിചയപ്പെടുത്തുന്ന സലിം കുമാറും രസകരമായ സെഗ്മെൻ്റ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.
നടി ഗൗതമിയും പ്രേക്ഷകയായി വീഡിയോയിൽ എത്തുന്നുണ്ട്. ഒപ്പം അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. നർമ്മങ്ങൾ കോർത്തിണക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.