ഐ.എസ്.ആര്‍. ഒ മുന്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘റോക്കട്രി-ദി നമ്പി എഫക്ട്’ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. 2022 ജൂലൈ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. തമിഴ് താരം ആര്‍.മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായെത്തുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട ‘മാഡി’ എന്ന മാധവന്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മാധവന്‍റെ ട്രൈകളര്‍ ഫിലിംസും ഡോ.വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലന്‍ പിക്ചേര്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. മലയാളത്തിന് പുറമെ ഹിന്ദി,തമിഴ്,തെലുങ്ക്, കന്നട, ഭാഷകളിലും ഇംഗ്ലീഷ് , അറബിക്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ്, ജാപ്പനീസ്, റഷ്യന്‍ എന്നീ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 4 വര്‍ഷമെടുത്താണ് ചിത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. വിഖ്യാത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. പ്രമാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അടക്കമുള്ള സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്ന് അണിപ്രവര്‍ത്തകര്‍ ട്രെയിലറിലൂടെ സൂചന തന്നിരുന്നു. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനാകാന്‍ മാധവന്‍ നടത്തിയ മേക്കോവറുകള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആൻ്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമയുടെ തിരക്കഥ തയാറാക്കിയത്. സിനിമയുടെ ഹിന്ദി പതിപ്പില്‍ ഒരു നിര്‍ണ്ണായക വേഷത്തില്‍ ഷാരുഖ് ഖാനും തമിഴ് പതിപ്പില്‍ സൂര്യയും അഭിനയിക്കുന്നുണ്ട്.
സിമ്രാനാണ് നായിക. 15 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത് ആറോളം രാജ്യങ്ങളിലായി ഷൂട്ടിംഗ് നടന്ന ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു.