ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ(Nambi Narayanan) ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ (Madhavan) സംവിധാനം ചെയ്ത ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ (Rocketry the Nambi effect) തിയേറ്ററുകളിലെത്തി. ആത്മാഭിമാനത്തിനേറ്റ ക്ഷതവുമായി ഒരു ദുരിതപർവ്വം തന്നെ താണ്ടി പോരാടി തന്റെ നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന് മാധവൻ ഒരുക്കിയ ആദരവാണ് ‘റോക്കറ്ററി ദി നമ്പി എഫക്ട്’ എന്ന ചിത്രം.
എത്ര വലിയ വിവാദവും വർഷങ്ങൾ കഴിയുമ്പോൾ സമൂഹമനസാക്ഷിയ്ക്ക് വെറും പഴങ്കഥ മാത്രമാണ്. വിവാദചുഴികളിൽ പെട്ട് മുറിപ്പെട്ടവരെയും ദുരിതക്കയങ്ങളിൽ വീണുപോയവരെയും സമൂഹം മനപൂർവ്വം മറന്നുകളയും. അങ്ങനെ മുറിവേൽപ്പിച്ചു ബോധപൂർവ്വം കാലം മറന്നുകളയുന്ന ഒരു പഴയ അധ്യായം തുറന്ന്, അതിലേക്ക് സത്യത്തിന്റെ വെളിച്ചം തെളിയിക്കുകയാണ് മാധവൻ. നമ്മളിൽ ചിലർക്കെങ്കിലും ഇപ്പോഴും നമ്പി നാരായണൻ ചാരകേസിൽ ദേശദ്രോഹിയായി മുദ്ര കുത്തപ്പെടുകയും പിന്നീട് കുറ്റവിമുക്തനാകുകയും ചെയ്ത ഏതോ ഒരു ശാസ്ത്രഞ്ജൻ മാത്രമാവും. അതിനപ്പുറം, നമ്പി നാരായണൻ എന്തായിരുന്നുവെന്ന്, ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് ധിഷണാശാലിയായ ആ ശാസ്ത്രഞ്ജൻ നൽകിയ സംഭാവനകൾ എന്തായിരുന്നുവെന്ന് കൂടി പറഞ്ഞുതരികയാണ് ‘റോക്കറ്ററി’.
രാജ്യത്തോടുള്ള വിശ്വസ്തത അതികഠിനമായ രീതിയിൽ പരീക്ഷിക്കപ്പെട്ടൊരു മനുഷ്യനാണ് നമ്പി നാരായണൻ. 1994ലാണ് ഐഎസ്ആർഒയിലെ ഏറ്റവും മിടുക്കനായ ശസ്ത്രഞ്ജരിൽ ഒരാളായ നമ്പി നാരായണന്റെ ജീവിതം തന്നെ മാറ്റി മറിച്ച ചാരകേസിന്റെ അരങ്ങൊരുങ്ങുന്നത്. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ (ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ) ചോർത്തി വിദേശികൾക്ക് നൽകിയെന്നായിരുന്നു നമ്പി നാരായണന് എതിരെയുള്ള ആരോപണം. എഴുതി നിറംപിടിപ്പിച്ച നുണകഥകളിൽ മാലി സ്വദേശിയായ മറിയം റഷീദയും നിറഞ്ഞുനിന്നു.
പിന്നാലെ, അപ്രതീക്ഷിതമായ അറസ്റ്റ്, പൊലീസിന്റെ ക്രൂരമർദ്ദനം, 50 ദിവസത്തോളം നീണ്ട തടവറവാസം, എല്ലാറ്റിനുമപ്പുറം രാജദ്രോഹിയെന്ന മുദ്രകുത്തൽ. ഐഎസ്ആർഒയ്ക്കും രാജ്യത്തിനും വേണ്ടി ജീവിതം മാറ്റിവച്ച നമ്പി നാരായണൻ എന്ന മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. ആ ലേബൽ നൽകിയ വേദനയും അപമാനവുമാണ് 24 വർഷത്തെ നമ്പി നാരായണന്റെ പോരാട്ടത്തിന് തീ പകർന്നത്. ഒടുവിൽ, സമാനതകളില്ലാത്ത ആ പോരാട്ടം ഫലം കണ്ടു. സുപ്രീംകോടതിയുടെ ചരിത്രവിധി വന്നു.
പത്രവാർത്തകളിലൂടെ നമ്മളോരോരുത്തരം വായിച്ചറിഞ്ഞ നമ്പി നാരായണന്റെ ജീവിതത്തിന്റെ ഈ ഏടുകൾ മാത്രമല്ല റോക്കറ്ററിയിൽ കാണാനാവുക, അധികം പറയപ്പെട്ടിട്ടില്ലാത്ത അയാളുടെ വ്യക്തിജീവിതം, ഐഎസ്ആർഒ ദിനങ്ങൾ, റോക്കറ്റ് സയൻസിനോടുള്ള നമ്പി നാരായണന്റെ അഭിനിവേശം, ഏറ്റെടുത്തു പൂർത്തീകരിച്ച ദൗത്യങ്ങൾ, കൈവരിച്ച നേട്ടങ്ങൾ എല്ലാം വളരെ വിശദമായും സൂക്ഷ്മമായും ചിത്രം പറഞ്ഞുപോവുന്നു. ഇത്തരം കാര്യങ്ങളിൽ നൽകിയ ഡീറ്റെയിലിംഗ് റോക്കറ്ററിയെ ഏറെ വിജ്ഞാനപ്രദമാക്കുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യരംഗം തന്നെ നമ്പിയുടെ വീട്ടിൽ നിന്നാണ് തുടങ്ങുന്നത്. ഇടിത്തീ പോലെ പരന്ന ആ വാർത്ത നമ്പിയുടെ കുടുംബത്തിന് സമ്മാനിച്ച മുറിപ്പാടുകൾ എന്തെന്ന് ആദ്യസീനുകളിൽ തന്നെ ചിത്രം രേഖപ്പെടുത്തിപോവുന്നുണ്ട്. ഒരു വിവാഹവേദിയിൽ വെച്ച് അപമാനിക്കപ്പെടുന്ന ഭാര്യ, നടുറോഡിൽ അപമാനിക്കപ്പെടുന്ന മകൾ, ദേഹോപദ്രവം ഏറ്റുവാങ്ങേണ്ടി വരുന്ന മകൻ, പൊതുജനങ്ങളാൽ ആക്രമിക്കപ്പെടുന്ന മരുമകൻ….. നമ്പി നാരായണൻ എന്ന മനുഷ്യനൊപ്പം ആ കുടുംബവും എങ്ങനെയാണ് ദുരിതകാലം താണ്ടിയതെന്ന് സംവിധായകൻ കാണിച്ചു തരുന്നു.
അഭിനയത്തിൽ മികച്ച പ്രകടനമാണ് റോക്കറ്ററിയിൽ മാധവൻ കാഴ്ചവച്ചത്. നമ്പി നാരായണൻ എന്ന കഥാപാത്രത്തിന്റെ ആത്മാവ് ഉൾകൊണ്ട് പെർഫോം ചെയ്യാൻ മാധവന് കഴിഞ്ഞിട്ടുണ്ട്. പല കാലഘട്ടങ്ങളിലെ രൂപഭാവങ്ങളൊക്കെ വളരെ സ്വാഭാവികതയോടെ മാധവൻ അവതരിപ്പിച്ചിരിക്കുന്നു. അതുവരെ നമ്പി നാരായണനായി മാധവൻ തകർത്താടിയ ഫ്രെയിമിലേക്ക് യഥാർത്ഥ നമ്പി നാരായണൻ കടന്നുവരുമ്പോഴും പ്രേക്ഷകർക്ക് തുടർച്ചയോ ഒഴുക്കോ നഷ്ടപ്പെടാതെ ചിത്രം കണ്ടിരിക്കാൻ കഴിയുന്നതും ആ സ്വാഭാവികത കാരണമാണ്.
നമ്പി നാരായണന്റെ ഭാര്യ മീനയായി എത്തുന്ന സിമ്രാനും പ്രശംസനീയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കാർത്തിക് കുമാർ, സാം മോഹൻ, രാജീവ് രവീന്ദ്രനാഥൻ എന്നിവരും ശ്രദ്ധ നേടുന്നു. മലയാളിയായ ദിനേഷ് പ്രഭാകറിന്റെ എൽഡി ഗോപാൽ എന്ന പൊലീസ് കഥാപാത്രവും ശ്രദ്ധ കവരുന്നതാണ്. നടൻ സൂര്യയും കഥാഗതിയിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
സംവിധാനരംഗത്ത് തുടക്കക്കാരനാണെങ്കിലും വലിയ പതർച്ചകളില്ലാതെ, കയ്യടക്കത്തോടെ തന്നെ ചിത്രം ഒരുക്കാൻ മാധവന് സാധിച്ചിട്ടുണ്ട്. നാലു വർഷത്തോളം സമയമെടുത്താണ് റോക്കറ്ററി മാധവൻ പൂർത്തിയാക്കിയിരിക്കുന്നത്. അക്കാലമത്രയും മാധവൻ ഈ ചിത്രത്തിനായി നടത്തിയ ഗവേഷണവും ഗൃഹപാഠവും അഭിനന്ദനം അർഹിക്കുന്നതാണ്. കഥാസന്ദർഭങ്ങളാൽ ഒരു ഡോക്യുമെന്ററി പോലെ തോന്നാവുന്ന ചിത്രത്തിലേക്ക് സിനിമാറ്റിക് ചേരുവകൾ കൂടി യോജിപ്പിച്ചപ്പോഴും മാധവൻ തന്റെ കയ്യടക്കം കൈവിട്ടിട്ടില്ല. ചിത്രത്തില്‍ സംവിധാന സഹായിയായി മാധ്യമപ്രവര്‍ത്തകനും സംവിധായകനുമായ പ്രജേഷ് സെന്നും പ്രവർത്തിച്ചിട്ടുണ്ട്.
കാഴ്ചയുടെ ഒരു വിരുന്നു കൂടിയാണ് ചിത്രം സമ്മാനിക്കുന്നത്. മുംബൈ, ഫ്രാൻസ്, ബെൽഗ്രേഡ് തുടങ്ങി സ്ഥലങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ ദൃശ്യഭാഷ പുതുമ സമ്മാനിക്കുന്നതാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ് എന്നിവരും നിർവഹിച്ചിരിക്കുന്നു. തിയേറ്ററിൽ പോയി കാണേണ്ട ചിത്രമാണ് ‘റോക്കറ്ററി’.