ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഇനോക്സ് പുതിയ പദ്ധതിയുമായി രംഗത്ത്. പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് എന്നാണ് പുതിയ ഓഫറിന്‍റെ പേര്. സ്ഥിരം സിനിമക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഓഫര്‍. അതായത് നിശ്ചിത തുക നല്‍കിയാല്‍ ഒരു മാസം പത്ത് സിനിമകള്‍വരെ കാണാനുള്ള അവസരമാണ് പ്രേക്ഷകന് പിവിആര്‍ ഒരുക്കുന്നത്. മാസത്തില്‍ സബ്സ്ക്രിപ്ഷന്‍ പുതുക്കേണ്ട ഈ പാക്കേജിന് ഒരു മാസം 699 രൂപയാണ് നല്‍കേണ്ടത്. ഒക്ടോബര്‍ 16 മുതല്‍ ഇത് ലഭ്യമാകും. എന്നാല്‍ ഇത് എടുക്കുന്നവര്‍ക്ക് പിവിആറിന്‍റെ പ്രീമിയം സര്‍വീസുകളായ ഐമാക്സ്, ലക്സി, ഡയറക്ടര്‍ കട്ട് തീയറ്ററുകളില്‍ നിന്നും സിനിമ കാണാന്‍ കഴിയില്ല. ഈ പാസ് ഉള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് സിനിമ കാണാന്‍ സാധിക്കുക.വന്‍ ചിത്രങ്ങള്‍ മാത്രം പ്രതീക്ഷിച്ച് ആളുകള്‍ തീയറ്ററില്‍ വരുന്ന ട്രെന്‍റ് ഉണ്ടായി വരുകയാണ്. അത് മാറ്റനാണ് ഈ പ്ലാന്‍ എന്നാണ് പിവിആര്‍ ഇനോക്സ് സിഇഒ ഗൌതം ദത്ത പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിച്ചത്. ഇപ്പോള്‍ ആഴ്ചയിലും തീയറ്ററില്‍ എത്തുന്നത് വലിയ ചിലവാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അവരെ ഉദ്ദേശിച്ച് കൂടിയാണ് പുതിയ പദ്ധതി. ഒപ്പം ഇത്തരം ഒരു പ്ലാന്‍ വന്‍ ചിത്രങ്ങളെ മാത്രം അല്ല ലോ ബജറ്റ്, മിഡ് ബജറ്റ് പടങ്ങള്‍ക്ക് കൂടിയാണ് ഗുണം ചെയ്യുക ഗൌതം ദത്ത പറയുന്നു. ഒരാഴ്ച 13-16 ചിത്രങ്ങള്‍ റിലീസ് ആകുന്നുണ്ട്. ഈ പദ്ധതി അവയ്ക്ക് രക്ഷയാകുകയും സിനിമ തീയറ്റര്‍ നിറയ്ക്കുകയും ചെയ്യുമെന്ന് പിവിആര്‍ ഇനോക്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്തിടെ പിവിആര്‍ തങ്ങളുടെ തീയറ്ററില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ മുതല്‍ വൈകീട്ട് 6വരെയുള്ള സമയത്ത് 40 ശതമാനം കുറച്ചിരുന്നു. ഒപ്പം 99 രൂപ കോംബോകളും ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് ഭിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഇഷ്യൂ ചെയ്ത ഐഡി കാര്‍ഡ് നല്‍കണം. അതിനൊപ്പം തന്നെ ഇത് ഉപയോഗിച്ച് അത് എടുത്ത വ്യക്തിക്ക് മാത്രമേ സിനിമ കാണാന്‍ സാധിക്കൂ.