വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ (Mammootty) കേന്ദ്രകഥാപാത്രമാക്കി നവാഗതയായ രത്തീന പി.ടി. (Ratheena P.T.) സംവിധാനം ചെയ്ത ‘പുഴു’ (Puzhu Movie). പതിവു ചലച്ചിത്ര സമവാക്യങ്ങളെയും ആഖ്യാനരീതികളെയും തൃപ്തിപ്പെടുത്തുക എന്നതിലുപരി, പ്രമേയം ആവശ്യപ്പെടുന്ന ഒരു കഥപറച്ചിൽ രീതിയാണ് ‘പുഴു’വിനായി രത്തീന സ്വീകരിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ പ്രത്യക്ഷപ്പെടുകയാണ് ‘പുഴു’വിൽ.
പ്രിയപ്പെട്ടവരെല്ലാം കുട്ടൻ എന്നു വിളിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തിന്റെ യഥാർത്ഥ പേര് സിനിമയിൽ ഒരിടത്തും രേഖപ്പെടുത്തുന്നില്ല എന്നത് കൗതുകമാണ്. ഭാര്യ മരിച്ചതിൽ പിന്നെ മകൻ മാത്രമാണ് അയാളുടെ ലോകം. വളരെ അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുകയും തന്റേതായ ശീലങ്ങൾ മകനിലേക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവാണ് അയാൾ. എന്തിന്, ശൈശവാസ്ഥയിലുള്ള തന്റെ മകനെ ശരിയായി മനസ്സിലാക്കാൻ പോലും അയാൾക്ക് സാധിക്കുന്നില്ല.
അച്ഛനെന്ന രീതിയിൽ പരാജയപ്പെട്ടു പോവുന്നതിനൊപ്പം തന്നെ ചില ഭീതികളുടെയും സംഘർഷങ്ങളുടെയും നിഴലിലാണ് അയാൾ. തന്നെ വേട്ടയാടുന്ന ചില കടങ്കഥകൾക്ക് ഉത്തരം തേടിയുള്ള അയാളുടെ യാത്രയും സമാന്തരമായി നടക്കുന്നുണ്ട്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെയും ദുഷിച്ച ചില സാമൂഹികാവസ്ഥകളെയുമാണ് പുഴു എന്ന ചിത്രം പ്രമേയമാക്കുന്നത്. വിശദാംശങ്ങൾ കഥയുടെ രസച്ചരട് മുറിക്കുമെന്നതിനാൽ പ്രമേയത്തെ കുറിച്ച് ഇവിടെ കൂടുതൽ പ്രതിപാദിക്കുന്നില്ല.
മമ്മൂട്ടി എന്ന നടന്റെ പരകായപ്രവേശമാണ് ‘പുഴു’വിൽ കാണാനാവുക. പലവിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രത്തെ അസാധ്യമായ കയ്യടക്കത്തോടെയാണ് മമ്മൂട്ടി ആവിഷ്കരിക്കുന്നത്. മകനിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു ടോക്സിക് രക്ഷിതാവിന്റെ ധാർഷ്ട്യങ്ങളെ, ഭീതികളാൽ ഉലഞ്ഞുപോവുന്ന ഒരു മനുഷ്യന്റെ വ്യഥകളെ, മാറ്റങ്ങളെ ഉൾകൊള്ളാൻ തയ്യാറല്ലാത്ത, പിൻതിരിപ്പൻ മൂല്യങ്ങളെ മുറുകെ പിടിച്ച് ജീവിതം ദുസ്സഹമാക്കുന്ന ഒരാളുടെ മനോവിചാരങ്ങളെയൊക്കെ വളരെ തന്മയത്വത്തോടെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ചിലപ്പോഴൊക്കെ ഒരു വ്യക്തിയെന്നതിനപ്പുറം ദുഷിച്ചൊരു സാമൂഹിക വ്യവസ്ഥയുടെ കൂടെ പ്രതിനിധിയാവുകയാണ് പേരില്ലാത്ത ആ കഥാപാത്രം.
ചിത്രത്തിൽ വളരെ കുറച്ചു സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും അച്ച്വോൾ എന്ന കഥാപാത്രത്തിൽ തന്റെ കയ്യൊപ്പു പതിപ്പിക്കുന്നുണ്ട് പാർവതി (Parvathi Thiruvoth). മമ്മൂട്ടിയുടെ മകനായി എത്തുന്ന വസുദേവ് സജീഷ് മാരാർ, അപ്പുണി ശശി, കോട്ടയം രമേശ്, കുഞ്ചൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വയ്ക്കുന്നത്.
ആദ്യചിത്രത്തിന് ഇതുപോലൊരു വിഷയം തിരഞ്ഞെടുക്കാൻ തയ്യാറായ സംവിധായിക രത്തീന കയ്യടി അർഹിക്കുന്നുണ്ട്. അതേസമയം, ചിത്രത്തെ എൻഗേജിംഗ് ആയി കൊണ്ടുപോവാൻ സംവിധായികയ്ക്ക് സാധിച്ചിട്ടില്ലെന്ന് പറയേണ്ടി വരും. പലയിടങ്ങളിലും അനുഭവപ്പെടുന്ന ഇഴച്ചിൽ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. മേക്കിംഗിൽ ഇത്തരം അല്ലറ ചില്ലറ പോരായ്മകൾ കാണാമെങ്കിലും മമ്മൂട്ടിയുടെ പ്രകടനം അതിനെയെല്ലാം മറികടക്കുന്നു.
ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ്, ഷറഫ്, സുഹാസ് തുടങ്ങിയവർ ചേർന്നാണ് പുഴുവിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കഥാപാത്രത്തിന്റെ ബാഹ്യമായ ചുറ്റുപാടുകൾ വരച്ചിടുന്നതിനൊപ്പം തന്നെ ആന്തരികമായ സംഘർഷങ്ങളെയും തിരക്കഥയിലേക്ക് സ്വാംശീകരിക്കാൻ തിരക്കഥാകൃത്തുകൾക്ക് സാധിച്ചിട്ടുണ്ട്. തേനി ഈശ്വർ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. കഥാപാത്രത്തിന്റെ സംഘർഷാവസ്ഥകളെയും മനോവ്യാപാരങ്ങളെയുമെല്ലാം പ്രേക്ഷകരിലേക്കും പകർന്നു നൽകുന്നതിൽ ജേക്സ് ബിജോയുടെ പശ്ചാത്തലസംഗീതം വിജയിക്കുന്നുണ്ട്. ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസും സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോർജും ചേർന്നാണ് പുഴു നിർമ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് (Sony LIV) ‘പുഴു’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
പതിവു നടപ്പാതകളിൽ നിന്നുമാറിയുള്ള മമ്മൂട്ടിയെന്ന നടന്റെ വേറിട്ട സഞ്ചാരമാണ് ‘പുഴു’. ഇതുപോലൊരു മമ്മൂട്ടിയെ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാകില്ല! ഇമേജുകളുടെ ഭാരമില്ലാത്ത, പച്ചയായ മനുഷ്യനായി മമ്മൂട്ടിയെന്ന നടനെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ ഒരു കാരണവശാലും ‘പുഴു’ മിസ്സ് ചെയ്യരുത്.
Courtesy :- Dhanya K Vilayil (The Indian Express)