തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 1. ഇതേപേരിലുള്ള കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ നോവലിനെ രണ്ട് ഭാഗങ്ങളായാണ് മണി രത്നം സിനിമാറ്റിക്കലി വിഭാവനം ചെയ്തത്. തന്‍റെ സ്വപ്നപ്രോജക്റ്റ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. രണ്ടാം ഭാഗത്തിന്‍റെ റിലീസ് തീയതി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. വരുന്ന ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 3.26 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് മണി രത്നം ട്രെയ്‍ലര്‍ കട്ട് ചെയ്തിരിക്കുന്നത്. ആദ്യ ഭാഗം കണ്ടവരുടെ ആകാംക്ഷയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതാണ് രണ്ടാം ഭാഗത്തിന്‍റെ ട്രെയ്ലര്‍.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണി രത്നത്തിന്‍റെ ഫ്രെയ്മില്‍. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രത്തിൻ്റെ രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി.