തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ജന ഗണ മന, സിബിഐ 5, കെജിഎഫ് 2 എന്നിങ്ങനെ ഒരുപിടി സിനിമകൾ ജൂണിൽ ഒടിടിയിലെത്തുന്നു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഡിജോ ജോസ്-പൃഥ്വിരാജ് ചിത്രം ജന ഗണ മന നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു കഴിഞ്ഞു.
ജൂൺ 3 മുതൽ ആമസോൺ പ്രൈം വരിക്കാർക്ക് കെജിഎഫ് 2 ആസ്വദിക്കാം. മമ്മൂട്ടിയുടെ സിബിഐ 5 ജൂൺ 12നും ശിവ കാർത്തികേയന്റെ ഡോൺ ജൂണ്‍ പത്തിനും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജനപ്രിയ ആമസോൺ- നെറ്റ്ഫ്ലിക്സ് സീരിസുകളുടെ പുതിയ സീസണുകളുടെ റിലീസും ഈ വാരത്തിൽ ഉണ്ട്.
ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ജൂൺ ആദ്യ വാരം റിലീസ് ചെയ്യുന്ന ഷോകളും സിനിമകളും ഏതൊക്കെയെന്ന് അറിയാം.
ജന ഗണ മന: ജൂൺ 2– നെറ്റ്ഫ്ലിക്സ് (Jana gana mana on Netflix)
പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹൻദാസ്, ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി എന്നിവരും അഭിനയിക്കുന്നു. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
കെജിഎഫ് ചാപ്റ്റര്‍ 2: ജൂൺ 3 – ആമസോൺ പ്രൈം (KGF Chapter 2 in Amazon Prime)
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തിയ കെജിഎഫ് : ചാപ്റ്റര്‍ 2 പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററാണ്. 199 രൂപയ്ക്ക് ചിത്രം വാടക അടിസ്ഥാനത്തിൽ ആമസോണ്‍ പ്രൈമിൽ നേരത്തേ ലഭ്യമാക്കിയിരുന്നു. പ്രൈം വരിക്കാര്‍ക്കും പ്രൈം വരിക്കാരല്ലാത്തവര്‍ക്കും ചിത്രം ലഭ്യമായിരുന്നു. എന്നാൽ ജൂൺ 3 മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് തുടങ്ങുകയാണ്.
ഇന്നലെ വരെ: ജൂൺ 9– സോണി ലീവ് 9 (Innale Vare on SonyLIV)
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലർ. ആസിഫ് അലിയും ആന്റണി വർഗീസും നിമിഷ സജയനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ബോബി–സഞ്ജയ്യുടെ കഥയ്ക്ക് ജിസ് ജോയ് തിരക്കഥ എഴുതുന്നു.
21 ഗ്രാംസ്: ജൂൺ 10 – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ (21 Grams on Disney Plus Hotstar)
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസ് ജൂൺ 10ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് സിനിമ മാർച്ച് 18നാണ് തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് നായിക.
ഡോൺ: ജൂൺ 10– നെറ്റ്ഫ്ലിക്സ് (Don on Netflix)
ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്ത്തികേയന് നായകനായി എത്തിയ ചിത്രം. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
സിബിഐ 5: ദ് ബ്രെയ്ൻ: ജൂൺ 12– നെറ്റ്ഫ്ലിക്സ് (CBI 5 The Brain on Netflix)
മമ്മൂട്ടിയെ നായകനാക്കി കെ. മധു ഒരുക്കിയ അഞ്ചാമത്തെ സിബിഐ ചിത്രം. എസ്.എൻ. സ്വാമി തന്നെയായിരുന്നു തിരക്കഥ. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു.
ദ് ബോയ്സ് സീസൺ 3: ജൂൺ 3– ആമസോൺ പ്രൈം (The Boys Season 3 on Amazon Prime)
എമ്മി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ജനപ്രിയ വെബ് സീരീസാണ് ദ് ബോയ്സ്. 2020 ഒക്ടോബറിൽ സീസൺ 2 പുറത്തിറങ്ങിയതിനു ശേഷം മൂന്നാം സീസണിനായി 20 മാസത്തെ കാത്തിരിപ്പിലായിരുന്നു ആരാധകർ. കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ സീസൺ ജൂൺ 3ന് റിലീസ് ചെയ്യുകയാണ്. മൂന്നാം സീസണിൽ 8 എപ്പിസോഡുകളാണ് ഉണ്ടാകുക.
എന്നാൽ എല്ലാ എപ്പിസോഡുകളും ഒരുമിച്ച് റിലീസ് ചെയ്യില്ല. ആദ്യ മൂന്ന് എപ്പിസോഡുകൾ ജൂൺ 3-ന് റിലീസ് ചെയ്യും. തുടർന്ന് ജൂലൈ 8 വരെ ആഴ്ചതോറും ഓരോ പുതിയ എപ്പിസോഡുകളായാകും റിലീസ്.
മിസ് മാർവൽ: ജൂൺ 8 – ഡിസ്നി ഹോട്ട്സ്റ്റാർ (Ms. Marvel on Disney Plus Hotstar)
മാർവൽ കോമിക്സിലെ കമല ഖാൻ/ മിസ് മാർവൽ എന്ന സൂപ്പർഹീറോയെ ആസ്പദമാക്കി ഒരുങ്ങുന്ന മിസ് മാർവൽ ഡിസ്നി പ്ലസിൽ സ്ട്രീം ചെയ്യും. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ എട്ട് മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. ആറ് എപ്പിസോഡുകളാണ് മിസ് മാർവലിനുള്ളത്.
റൺവേ 34: ജൂൺ 24– ആമസോൺ പ്രൈം (Runway 34 on Amazon Prime)
അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയ് ദേവ്ഗൺ തന്നെ സംവിധാനം ചെയ്ത ചിത്രം. രാകുല്‍ പ്രീത് നായികയാകുന്ന ‘റണ്‍വേ 34’ യില്‍ അങ്കിറ ധര്, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിങ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ജൂൺ 24ന് ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യും.