
മമ്മൂട്ടിയെ നായകനാക്കി ‘നൻപകൽ നേരത്ത് മയക്കം’ പോലൊരു ചിത്രം ലിജോ സംവിധാനം ചെയ്യുമ്പോഴും അതിൽ സാമ്പ്രദായികമായ സിനിമാക്കാഴ്ചകളോ മമ്മൂട്ടിയെന്ന താരത്തെയോ പ്രേക്ഷകർക്ക് കണ്ടെത്താനാവില്ല. ക്രാഫ്റ്റിലും സമീപനങ്ങളിലുമൊക്കെ കൊണ്ടുവന്ന വേറിട്ട ആഖ്യാനങ്ങൾ കാഴ്ചക്കാർക്ക് നൽകുന്നത് ആസ്വാദനത്തിന്റെ വേറിട്ടൊരു തലമാണ്. കേരളത്തിലെ ഒരു നാടകസംഘം പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപ് ഒരു വേളാങ്കണ്ണി യാത്രയ്ക്ക് എത്തുകയാണ്. നാടക ട്രൂപ്പിന്റെ സാരഥിയായ ജെയിംസും ഭാര്യയും മകനും അമ്മായിയപ്പനും അടക്കം മുതിർന്നരും കുട്ടികളുമായി ഒരു ജാഥയ്ക്കുള്ള ആളുകളുണ്ട് ആ ബസ്സിൽ. മടക്കയാത്രയിൽ ഭക്ഷണവും കഴിച്ച് ഡ്രൈവറൊഴികെ മറ്റെല്ലാവരും ഒരു ഉച്ചയുറക്കത്തിലേക്ക് തെന്നിവീണ സമയം. പെട്ടെന്ന് ഞെട്ടിയുണർന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. ഒരു ഉൾവിളിയാൽ വണ്ടിയിൽ നിന്നിറങ്ങി നടക്കുന്ന ജെയിംസ് ചെന്നെത്തുന്നത് ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിലാണ്.
ആ ഗ്രാമത്തിലെ ഓരോ വഴികളും വളവും തിരിവും മനുഷ്യരെയും മൃഗങ്ങളെയും പരിചയമുള്ളതുപോലെയാണ് ജെയിംസിന്റെ പെരുമാറ്റം. ജെയിംസിന്റെ നടത്തം ചെന്നവസാനിക്കുന്നത് ഏതാനും വർഷങ്ങൾക്കു മുൻപ് കാണാതായ സുന്ദരത്തിന്റെ വീട്ടിലാണ്. ഒരു ഉച്ചസമയത്ത് വീട്ടിലേക്ക് കയറിവന്ന് സുന്ദരത്തെ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ജെയിംസ് ആ വീട്ടുകാരെയും നാട്ടുകാരെയും ജെയിംസിനൊപ്പം വന്നവരെയും ഒരുപോലെ കുഴക്കുകയാണ്. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാവാതെ കുഴങ്ങുന്ന ഒരു പറ്റം മനുഷ്യർക്കിടയിലേക്ക് പ്രേക്ഷകരെയും ചേർത്തു നിർത്തികൊണ്ടാണ് ലിജോ അസാധാരണമായൊരു സാഹചര്യത്തിന്റെ കഥ പറയുന്നത്. പിന്നീടങ്ങോട്ടുള്ള കാഴ്ചയിൽ കാഴ്ചക്കാരനും നടന്നു തുടങ്ങുകയാണ്, ജെയിംസിനു പിന്നാലെ. ജെയിംസിലേക്കും സുന്ദരത്തിലേക്കും അനായേസേന കൂടുവിട്ട് കൂടുമാറി വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. ജെയിംസ് തന്റെ വസ്ത്രങ്ങൾ അഴിച്ചുവച്ച് സുന്ദരത്തിന്റെ വസ്ത്രങ്ങൾ അണിയുന്ന അത്ര സമയം തന്നെയേ എടുക്കുന്നുള്ളൂ, മമ്മൂട്ടി ജെയിംസ് എന്ന കഥാപാത്രത്തിന്റെ സ്വത്വം വിട്ട് അടിമുടി സുന്ദരമായി മാറാനും. പ്രേക്ഷകർ നോക്കി നിൽക്കെയാണ് ആ പരകായപ്രവേശം സംഭവിക്കുന്നത്. തിരുവള്ളുവരെയും തിരുക്കുറൽ വചനങ്ങളും കേട്ടുപരിചയം മാത്രമുള്ള, തമിഴ് ഭക്ഷണം ഇഷ്ടപ്പെടാത്ത അതേ ജെയിംസ് തന്നെയാണ് നോക്കിനിൽക്കെ ഒഴുക്കോടെ തമിഴ് സംസാരിച്ചും നടപ്പിലും നോട്ടത്തിലും ശരീരചലനങ്ങളിലുമെല്ലാം അടിമുടി തമിഴനായ സുന്ദരമായി അമ്പരപ്പിക്കുന്നത്. വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ പകർന്നാട്ടത്തിനിടയിലും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവോടെ രേഖപ്പെടുത്താൻ അശോകൻ, രാജേഷ് ശർമ്മ, രമ്യ പാണ്ഡ്യൻ, പൂ രാം, രമ്യ സുവി തുടങ്ങിയ അഭിനേതാക്കൾക്കും സാധിച്ചിട്ടുണ്ട്.
ചോളവും പാവലുമെല്ലാം കായ്ച്ചുനിൽക്കുന്ന, ഇടുങ്ങിയ വഴികളാലും കുമ്മായചാന്തണിഞ്ഞ വീടുകളാലും തിങ്ങിനിറഞ്ഞ ആ ഗ്രാമത്തെ കൃത്യമായി വരച്ചിടുന്നുണ്ട് തേനി ഈശ്വറിന്റെ ക്യാമറ. ചിത്രത്തിന്റെ തുടക്കത്തിലൊരിടത്ത്, ഈ വഴിയല്ലേ നമ്മൾ മുന്നേ നടന്നതെന്ന് അശോകന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്. ദിക്കറിയാതെ ആ ഗ്രാമവഴിയിൽ പെട്ടതുപോലൊരു അമ്പരപ്പ് കാഴ്ചക്കാരനും അപ്പോൾ അനുഭവപ്പെടും. എന്നാൽ, ചിത്രം അതിന്റെ ക്ലൈമാക്സിലെത്തുമ്പോഴേക്കും ആ വീടുകളും ഗ്രാമവഴികളുമെല്ലാം തെറ്റാതെ, പരിചിതമായൊരു ഭൂമിക പോലെ പ്രേക്ഷകന്റെയും മനസ്സിൽ പതിയും. അവിടെയാണ് ദൃശ്യഭാഷയുടെ മികവ് വെളിപ്പെടുക. ഓരോ ഫ്രെയിമുകൾക്കും അത്രയെറെ ഡീറ്റെയ്‌ലിംഗാണ് ലിജോയും തേനി ഈശ്വറും നൽകിയിരിക്കുന്നത്. ദൃശ്യകാഴ്ചയിൽ മാത്രമല്ല, ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. തമിഴ് ക്ലാസിക് ചിത്രങ്ങളിലെ സംഭാഷണങ്ങൾ, പഴയ തമിഴ് ഗാനങ്ങൾ, കീർത്തനങ്ങൾ എന്നിങ്ങനെ സിനിമയ്ക്ക് സമാന്തരമായി സഞ്ചരിക്കുന്ന ശബ്ദലോകം ആ നാടിനെയും അതിന്റെ സംസ്കാരത്തെയും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ കൊത്തിവയ്ക്കാൻ സഹായിക്കുന്നുണ്ട്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ. മനോഹരമായ ഒരു ചെറുകഥ വായിച്ചു തീരുമ്പോഴുള്ള അനുഭൂതിയാണ് ‘നൻപകൽ നേരത്ത് മയക്കം’ സമ്മാനിക്കുന്നത്. പകലുറക്കത്തിൽ കണ്ടൊരു സ്വപ്നം പോലെ, ചിത്രം കണ്ടിറങ്ങിയാലും കുറച്ചുനേരം കാഴ്ചക്കാരിൽ ചിത്രമുണ്ടാക്കിയ അനുരണനങ്ങൾ ബാക്കി നിൽക്കും. ജെയിംസിന്റെ സ്വപ്നമായിരുന്നോ സുന്ദരം? അതോ സാരഥി തിയേറ്റേഴ്സ് ആ തമിഴ് നാടൻ ഉൾഗ്രാമത്തിൽ അവതരിപ്പിച്ച ഒരു നാടകമായിരുന്നോ അത്? അതോ, സുന്ദരത്തിന്റെ ആത്മാവ് ജെയിംസിനെ തേടിയെത്തിയതോ? ശേഷിക്കുന്ന ചോദ്യങ്ങളൊക്കെ പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കുകയാണ് തിരക്കഥാകൃത്തായ എസ് ഹരീഷ്. ചിത്രം കണ്ടിരിക്കെ, മനസ്സു നിറച്ചൊരു കാഴ്ച, ആ ഗ്രാമത്തിന്റെ ആതിഥേയമര്യാദയാണ്. അസാധാരണമായൊരു സാഹചര്യത്തിൽ ആ ഗ്രാമത്തിലേക്ക് എത്തിയ ഒരു നാടക ട്രൂപ്പിനോട് ആ നാട്ടുകാർ കാണിക്കുന്ന സ്നേഹവും കരുതലും സംസാരത്തിലെ മര്യാദയുമൊക്കെ പലപ്പോഴും ഉള്ളുതൊടുന്നുണ്ട്.
മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ശബ്ദമുഖരിതമായ ഒരു ലോകത്തിന്റെ കഥ പറഞ്ഞ ‘ചുരുളി’യിൽ നിന്നും ‘നൻപകൽ നേരത്തി’ലേക്ക് എത്തുമ്പോൾ സൗമ്യതയാണ് ഇവിടെ ലിജോയുടെ ഭാഷ. വീണ്ടുമൊരു ലിജോ മാജിക്കിന് സാക്ഷിയാവാൻ, മമ്മൂട്ടിയുടെ വിസ്മയ നടനം കാണാൻ ധൈര്യമായി ചിത്രത്തിന് ടിക്കറ്റ് എടുക്കാം. വേറിട്ടൊരു കാഴ്ചയുടെ സുന്ദരലോകമാണ് ലിജോയും കൂട്ടരും ഒരുക്കിവച്ചിരിക്കുന്നത്.