ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ചിത്രീകരണം ഡിസംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് മമ്മൂട്ടി ‘സിബിഐ 5’ ആരംഭിച്ചത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷവും മമ്മൂട്ടി ലിജോയുടെ ക്യാമറയ്ക്കു മുന്നിലേക്കാണ് എത്താനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എം ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായുള്ള ചെറുചിത്രമാണിത്. ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ഒരു കാസ്റ്റിംഗ് കോള്‍ അറിയിപ്പും പുറത്തുവിട്ടിട്ടുണ്ട്.
9 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള ആണ്‍കുട്ടികളെയും 40-70 വയസ്സ് പ്രായമുള്ള സ്ത്രീകളെയും 45-70 വയസ്സ് പ്രായമുള്ള പുരുഷന്മാരെയുമാണ് ലിജോ തേടുന്നത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയുമടക്കമാണ് അപേക്ഷകള്‍ അയക്കേണ്ടത്. കുട്ടികള്‍ KIDS4LJPNEXT@GMAIL.COM എന്ന ഇമെയില്‍ വിലാസത്തിലേക്കും മുതിര്‍ന്നവര്‍ ACTORS4LJPNEXT@GMAIL.COM എന്ന വിലാസത്തിലേക്കുമാണ് അപേക്ഷകള്‍ അയക്കേണ്ടത്.
എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ലിജോ ചിത്രമൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ഈ കഥ. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.