ലോക വനിതാ ദിനം ആഘോഷിക്കുകയാണ് ഇന്ന്. ‘നാളത്തെ സുസ്ഥിരതയ്‌ക്ക് ഇന്ന് ലിംഗസമത്വം’എന്നതാണ് ഈ വർഷത്തെ അന്താരാഷ്‍ട്ര വനിതാ ദിനാഘോഷത്തിന്റെ മുദ്രാവാക്യം. ലിംഗഭേദമില്ലാതെ തുല്യനീതി നടപ്പാകുന്ന ഒരു ലോകമാണ് വിഭാവനം ചെയ്യുന്നത്. ഇതാ വനിതാ ദിനത്തില്‍ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സംഗീത സംവിധായകൻ ബിജിബാല്‍.
ലിംഗപരമായ മുൻവിധികളില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്നത് വനിതാ ദിനത്തിന്റെ ലക്ഷ്യമാണ്. കുടുംബത്തിലും രാഷ്‌ട്രീയ- സാമൂഹ്യ- സാമ്പത്തിക സ്ഥാനങ്ങളിലും സ്‌ത്രീകളുടെ നേതൃത്വം പ്രോൽസാഹിപ്പിക്കുക. സുസ്ഥിരവികസനത്തിനായി പ്രവർത്തിക്കുന്ന സ്‌ത്രീകളെ ആദരിക്കുക തുടങ്ങിയവ വനിതാ ദിന ആചരണത്തിന്റെ ഭാഗമാണ്. മാർച്ച് എട്ട് അന്താരാഷ്‍ട്ര വനിതാ ദിനമായി ആചരിക്കുന്ന വേളയിൽ മലയാളത്തിൽ ഈ ആശയങ്ങളെ സന്നിവേശിപ്പിച്ച് വനിതാ ദിന ഗാനം അവതരിപ്പിച്ചിരിക്കുകയാണ് ബിജിബാൽ. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വി എസ് ശ്യാം. പാടിയത് നിഷി.
ഗാനത്തിന്റെ വരികള്‍
മുന്നേറിയീ വഴി നീളെ നാം
കൈകോർക്കയായ് നാമൊരുമയായ്
കനൽ പാതയിൽ കരൾ കോർത്തു നാം
കനിവോടെയീ പൊരുൾ ചേർത്തു നാം
നാമുണരുമീ പുതുവെയിലിനാൽ
പ്രഭചൊരിയുമീ ലോകം, നിറയെ
നാം പകരുമീ സമഭാവനം
കടപുഴകുമീ കദനം, തനിയെ
പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ
ഉയരുവാനായി പടയണി ചേർന്നു വരൂ
വേർതിരിവുകൾ, വീൺവാക്കുകൾ
വെന്നീടുമീ പെൺബലം, അകലെ
നാമണയുമീ പെൺവഴികളിൽ
വിടരുവതോ ഒരു പുതുയുഗം,അരികെ
പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ
ഉയരുവാനായി പടയണി ചേർന്നു വരൂ
അഭിഷേക് കണ്ണനാണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ലിതിൻ പോള്‍ വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. സുമേഷ് സുബ്രഹ്‍മണ്യനാണ് വിഡിയോയുടെ കണ്‍സെപ്റ്റ്, ശ്യാം ശശിധരനാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.