അഡ്വഞ്ചർ ആക്ഷൻ ത്രില്ലറായ ‘മഡ്ഡി’ ഇന്ന് തിയറ്ററുകളിലെത്തും. പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിച്ചിരിക്കുന്ന ബഹുഭാഷ ചലച്ചിത്രമാണ് മഡ്ഡി. ഇന്ത്യൻ സിനിമയിൽ തന്നെ 4×4 മഡ് റേസിംഗ് പ്രമേയമായി എത്തുന്ന ആദ്യ സിനിമയാണിത്. പുതുമുഖ സംവിധായകനായ ഡോ.പ്രഗ്ഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. മലയാളം ,തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചെളിയിലുള്ള സംഘട്ടനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാഹസിക രംഗങ്ങൾ വളരെ യാഥാർത്ഥ്യമായി ചെളിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർക്ക് രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനവും നൽകിയിരുന്നു. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഡോ.പ്രഗ്ഭൽ. അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമ. പ്രധാനമായും വ്യത്യസ്തടീമുകൾ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ പ്രതികാരം, കുടുംബം, നർമ്മം, സാഹസികത എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭൽ പറയുന്നു. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂർ സംഗീതവും, രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.