Mike Movie Review: നടൻ ജോൺ എബ്രഹാമിന്റെ (John Abraham) ജെ എ എന്റർടെയ്‍ന്‍മെന്‍റ് ആദ്യമായി നിർമ്മിച്ച മലയാള ചിത്രം ‘മൈക്ക്’ (Mike Movie) തിയേറ്ററുകളിലെത്തി. ആൺകുട്ടിയായി മാറാൻ ആഗ്രഹിക്കുന്ന സാറ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരു മലയോരഗ്രാമത്തിൽ നിന്നുള്ള സാറ വേഷത്തിലും നടപ്പിലുമെല്ലാം ഒരു ആൺകുട്ടിയുടെ രൂപഭാവങ്ങളാണ് അനുകരിക്കുന്നത്. സാറയുടെ കൂട്ടുകാരും ആൺകുട്ടികൾ തന്നെ. ദിവസം കഴിയുന്തോറും ഒരു ആൺകുട്ടിയാവണമെന്ന സാറയുടെ ആഗ്രഹം ശക്തമായി വരുന്നു. അതിനു പിന്നിൽ അവൾക്ക് അവളുടേതായ ചില സാമൂഹിക കാരണങ്ങൾ കൂടിയുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒടുവിൽ അവൾ ഇറങ്ങിപ്പുറപ്പെടുന്നു. ആ യാത്രയ്ക്കിടയിലാണ് ആന്റണി ജോൺ എന്ന ചെറുപ്പക്കാരനെ സാറ കണ്ടുമുട്ടുന്നത്. ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന സൗഹൃദവും സാറ നേരിടുന്ന ചില ആശയക്കുഴപ്പങ്ങളുമൊക്കെയായാണ് കഥയുടെ മുന്നോട്ടുള്ള സഞ്ചാരം.
രൂപഭാവങ്ങളിൽ ആൺകുട്ടികളെ ഓർമിപ്പിക്കുന്ന, അൽപ്പം തന്റേടിയായ സാറയായി എത്തുന്നത് അനശ്വര രാജനാണ് (Anaswara Rajan). പുതുമുഖതാരമായ രഞ്ജിത്ത് സജീവാണ് (Ranjith Sajeev) ആന്റണിയെ അവതരിപ്പിപ്പിച്ചിരിക്കുന്നത്. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, വെട്ടുകിളി പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
അഭിനേതാക്കൾ തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്തുമ്പോഴും ചിത്രം ഇടറിപ്പോവുന്നത് അതിന്റെ ദുർബലമായ തിരക്കഥ കാരണമാണ്. ജെൻഡർ ക്രൈസിസ്/ ഐഡന്റിറ്റി ക്രൈസിസ് നേരിടുന്ന സാറയെന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളെ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. കുറേക്കൂടി പഠനവും ഗവേഷണവും ആവശ്യമായ ഒരു വിഷയത്തെ വളരെ ഉപരിപ്ലവമായും ബാലിശമായുമാണ് തിരക്കഥാകൃത്ത് സമീപിച്ചിരിക്കുന്നത്.
കഥാപാത്രങ്ങളുടെ വൈകാരികതകൾ പ്രേക്ഷകരുമായി കണക്റ്റാവുന്നില്ല എന്നതാണ് മറ്റൊരു പോരായ്മയായി തോന്നിയത്. രണ്ടാം പകുതിയിൽ അനുഭവപ്പെടുന്ന ഇഴച്ചിലും കാഴ്ചക്കാരെ മടുപ്പിക്കുന്നുണ്ട്. നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍ന്‍മെന്‍റാണ് ‘മൈക്ക്’ നിർമിച്ചിരിക്കുന്നത്. വിഷ്ണു ശിവപ്രസാദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രണദിവെ ഒരുക്കിയ ദൃശ്യങ്ങൾ മികവു പുലത്തുന്നു. സാങ്കേതികപരമായി മികവു പുലർത്തുമ്പോഴും മൊത്തത്തിലുള്ള ഫോക്കസില്ലായ്മയാണ് ‘മൈക്കി’നെ പിന്നോട്ടുവലിക്കുന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതും.