മനുഷ്യബന്ധങ്ങളുടെയും പ്രത്യാശയുടെയും കഥ പറയുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് മഞ്ജു വാര്യർ (Manju Warrier), ജയസൂര്യ (Jayasurya), ശിവദ (Shivadha) എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രജേഷ് സെൻ (Prajesh Sen) സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’. മനോഹരമായൊരു മെലഡി കേട്ടിരിക്കുന്നതുപോലെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.
തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായൊരു റേഡിയോ ജോക്കിയാണ് ആർജെ ശങ്കർ (ജയസൂര്യ). ശബ്ദമാണ് തന്റെ ഐഡന്റിറ്റി എന്നു വിശ്വസിക്കുന്ന ഒരാൾ. കരിയറിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച അയാൾ ന്യൂസ് റീഡറായ ഭാര്യ മെറിളിനും (ശിവദ) മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ജീവിതം അയാൾക്ക് തിരിച്ചടി സമ്മാനിക്കുന്നത്. എത്രയോ മനുഷ്യർക്ക് അവരുടെ മോശം സമയങ്ങളിൽ ശബ്ദത്തിലൂടെ പ്രത്യാശ പകർന്ന ശങ്കറിന്റെ ജീവിതം അതോടെ ഇരുട്ടിലേക്ക് വീണുപോവുന്നു. ഒരു നിയോഗം പോലെ ശങ്കറിന്റെയും മെറിളിന്റെയും ജീവിതത്തിലേക്ക് സാമൂഹിക പ്രവർത്തകയും ഡോക്ടറുമായ രശ്മി പാടത്ത് കടന്നു വരുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ആദ്യസീൻ മുതൽ അവസാനം വരെ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് മഞ്ജുവാര്യരുടെ ഡോ. രശ്മി എന്ന കഥാപാത്രം. പ്രസരിപ്പും ഊർജ്ജവും അപാരമായ ആത്മവിശ്വാസവുമുള്ള ഡോക്ടറായി മഞ്ജു തിളങ്ങുന്നു. പ്രതിസന്ധികളിൽ പെട്ടുഴറുന്ന ആർജെ ശങ്കറിന്റെ മനോവ്യഥകളെ ഹൃദയസ്പർശിയാംവണ്ണം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മഞ്ജുവാര്യയും ജയസൂര്യയും ഒന്നിച്ചുള്ള രംഗങ്ങളും പോസിറ്റീവ് വൈബ് സമ്മാനിക്കുന്നതാണ്.
ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു പെർഫോമൻസ് ശിവദയുടേതാണ്. വളരെ കയ്യടക്കത്തോടെയാണ് മെറിൾ എന്ന കഥാപാത്രത്തെ ശിവദ അവതരിപ്പിച്ചിരിക്കുന്നത്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. അതിഥി വേഷത്തിൽ സംവിധായകന്‍ ശ്യാമപ്രസാദും വന്നുപോവുന്നുണ്ട് ചിത്രത്തിൽ.
പ്രജേഷ് സെൻ തന്നെയാണ് ‘മേരി ആവാസ് സുനോ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക്, ജീവിതം ഇവിടെ തീർന്നുവെന്ന് നിരാശയിലേക്ക് ആണ്ടുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കാൻ മേരി ആവാസ് സുനോയ്ക്ക് കഴിയും. വളരെ കളർഫുളാണ് ചിത്രത്തിന്റെ വിഷ്വലുകൾ. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രം പകരുന്ന പോസിറ്റിവിറ്റി യാക്ക്സാൻ ഗാരി പെരേര നേഹ നായർ എന്നിവരുടെ പശ്ചാത്തലസംഗീതത്തിലും പ്രതിഫലിക്കുന്നുണ്ട്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും കേട്ടിരിക്കാൻ ഇമ്പമുള്ളവയാണ്. പ്രത്യേകിച്ചും കാറ്റത്തൊരു മൺകൂട് എന്നു തുടങ്ങുന്ന ഗാനം. ബി ഹരിനാരായണന്റെ വരികൾക്ക് സംഗീതമൊരുക്കിയത് എം ജയചന്ദ്രനാണ്.
വലിയ ഗിമ്മിക്കുകളോ സംഘർഷങ്ങളോ ഒന്നുമില്ലാതെ കണ്ടിരിക്കാവുന്ന, മനസ്സിന് കുളിർമ സമ്മാനിക്കുന്ന ഒരു കൊച്ചുചിത്രമാണ് ‘മേരി ആവാസ് സുനോ’. ഒരു മെലഡി പോലെ സുന്ദരം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം.
Courtesy :- Dhanya K Vilayil (The Indian Express)