സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ തിയേറ്ററുകളിലെത്തി. സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കോർത്തിണക്കിയാണ് ജിബുവും സംഘവും ചിത്രം ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ചില അവിശ്വസനീയമായ സാഹചര്യങ്ങളിൽ പകച്ചുപോവുകയും അതിജീവനത്തിനായി പോരാടേണ്ടി വരികയും ചെയ്യുന്ന ലാൻസ് നായിക് മുഹമ്മദ് മൂസ എന്ന പട്ടാളക്കാരന്റെ കഥയാണ് മേ ഹൂം മൂസ.
മുഹമ്മദ് മൂസ എന്ന പട്ടാളക്കാരൻ ഒരു കാർഗിൽ രക്തസാക്ഷിയാണ്. അയാളെ ചൊല്ലി ആ നാടിനും കുടുംബത്തിനും അഭിമാനം മാത്രം. അയാളുടെ പേരിൽ അറിയപ്പെടുന്ന നാട്, 19 വർഷങ്ങൾക്കിപ്പുറവും അയാളുടെ ചരമവാർഷികം അഭിമാനപൂർവ്വം ആഘോഷിക്കുന്ന നാട്ടുകാർ. അത്തരമൊരു ഗ്രാമാന്തരീക്ഷത്തിലേക്ക് മരിച്ചെന്നു ലോകം മുഴുവൻ വിശ്വസിച്ച മൂസ ഒരുനാൾ തിരിച്ചെത്തുകയാണ്. മരിച്ചെന്നു ലോകം മുഴുവൻ വിശ്വസിച്ച ഒരാൾ പെട്ടെന്ന് കൺമുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്തു ചെയ്യും? സുഹൃത്ത് താമി മുതൽ ആ നാടുവരെ അവിശ്വാസത്തോടെയാണ് മൂസയുടെ വരവിനെ സ്വാഗതം ചെയ്യുന്നത്. അയാൾക്കു എത്തും പിടിയും കിട്ടാത്ത രീതിയിൽ മാറി പോയ നാടും സംവിധാനങ്ങളും ടെക്നോളജിയും. പലയിടത്തും അജ്ഞതയുടെ ആൾരൂപം പോലെ അയാൾ നിൽക്കുന്നു. അയാളുടെ തിരിച്ചുവരവ് കുടുംബത്തിൽ പോലുമുണ്ടാക്കുന്നത് അസ്വസ്ഥതയാണ്. സാഹചര്യവശാൽ, മരിച്ചിട്ടില്ല താനെന്നും ജീവനോടെയിരിക്കുന്ന ഈ ശരീരമാണ് ലാൻസ് നായിക് മുഹമ്മദ് മൂസയെന്നും തെളിയിക്കേണ്ടത് മൂസയുടെ ആവശ്യമായി തീരുന്നു. അതിനുവേണ്ടിയുള്ള മൂസയുടെ ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
വളരെ ആഴത്തിൽ പറഞ്ഞുപോകാവുന്ന, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥാതന്തു തന്നെയാണ് ചിത്രത്തിന്റേത്. മേൽവിലാസം നഷ്ടമാകുന്ന മനുഷ്യർ, സ്വന്തം ഐഡന്റിറ്റി തെളിയിക്കാനായി പോരാടേണ്ടി വരുന്നവർ, യുദ്ധമുഖങ്ങളിൽ മരിച്ചുവീഴുന്ന, കാണാതാവുന്ന പട്ടാളക്കാർ… അങ്ങനെ ജീവിതത്തിന്റെ ദശാസന്ധികളിൽ പെട്ടുഴറുന്ന ഒരുപാട് മുഖങ്ങളെ, സംഭവങ്ങളെ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേദനയെ ഒക്കെ ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ, ഗൗരവസ്വഭാവമുള്ളൊരു വിഷയത്തെ കോമഡി- ത്രില്ലർ എന്ന ഴോണറിലേക്ക് കൊണ്ടുവന്നിടത്താണ് ചിത്രം പാളിപോവുന്നത്. ചിരിപ്പിക്കാനായി തിരക്കഥയിലേക്ക് കൊണ്ടുവന്ന കോമഡി എലമെന്റുകൾ പലതും ഏച്ചുകെട്ടിയതുപോലെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.
പൊലീസ്, പട്ടാളകഥാപാത്രങ്ങളിൽ എപ്പോഴും കസറുന്ന സുരേഷ് ഗോപിയുടെ മാനറിസവും രൂപഭാവങ്ങളും ചലനവുമൊക്കെ ലാൻസ് നായിക് മുഹമ്മദ് മൂസ എന്ന കഥാപാത്രത്തിനോട് നീതി പുലർത്തുമ്പോഴും മലപ്പുറം ഭാഷ സുരേഷ് ഗോപിയ്ക്ക് വഴങ്ങുന്നില്ല എന്നത് പ്രകടനത്തെ ബാധിക്കുന്നുണ്ട്. കഥാപാത്രത്തിലേക്ക് പൂർണമായി ഇറങ്ങിചെല്ലാനും പ്രേക്ഷകരിലേക്ക് ആ കഥാപാത്രത്തെ കൃത്യമായി എത്തിക്കാനും സുരേഷ് ഗോപി എന്ന നടനു മുന്നിൽ തടസ്സമാവുന്നതും പ്രാദേശിക ഭാഷയിലുള്ള ഈ വഴക്കമില്ലായ്മയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല, ചിത്രത്തിലെ മറ്റു ചില പ്രധാന കഥാപാത്രങ്ങളുടെ നിർമ്മിതിയിലും ഈ പ്രശ്നം കാണാം. സ്രിന്ദ, ഹരീഷ് കണാരൻ, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനവും പ്രേക്ഷകർക്ക് ചിരികോളൊരുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ മനോഹരമായൊരു ദൃശ്യവിരുന്ന് മേ ഹൂം മൂസയിൽ കാണാം. ടൈറ്റിൽ സോങ്ങിനിടെ സ്ക്രീനിൽ മിന്നി മറയുന്ന വിഷ്വലുകൾ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയുള്ള ഒരു മിനിടൂറാണ്. കാര്ഗില്, വാഗാ ബോര്ഡര് രംഗങ്ങളൊക്കെ വലിയൊരു ക്യാൻവാസാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരുക്കുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് പകർത്തിയ ചിത്രങ്ങൾ കാഴ്ചയെ സമ്പന്നമാക്കുന്നുണ്ട്. രൂപേഷ് റെയ്ൻ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. വെള്ളിമൂങ്ങ പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിബു ജേക്കബ് മേം ഹൂം മൂസയിൽ എത്തുമ്പോൾ നഷ്ടമാവുന്നത് മേക്കിംഗിലെ കയ്യൊതുക്കമാണ്. സ്വാഭാവികതയ്ക്ക് പകരം പലപ്പോഴും മുഴച്ചുനിൽക്കുന്നത് കൃത്രിമത്വമാണ്.