Madanolsavam Movie Review
‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ,’ ‘ന്നാ താൻ കേസ് കൊട്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ‘മദനോത്സവം.’ കോമഡിയും സറ്റയറും ഒക്കെ നിറഞ്ഞ ഒരു ‘കളർ’ ട്രെയിലർ ആണ് സിനിമയ്ക്ക് മുന്നോടിയായി എത്തിയത്. അത് ഉണ്ടാക്കിയ ഓളത്തിന്റെ ‘ഹൈയി’ലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.
ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ ഈ കഥയെ അവലംബിച്ചാണ് സിനിമയുടെ തിരക്കഥ. സിനിമയുടെ പേരിനോട് ചേർന്ന് തന്നെയാണ് കഥാഗതിയുടെ മുന്നോട്ടുള്ള പോക്ക്. കോഴിക്ക് കളറടിക്കൽ എന്നൊരു വ്യത്യസ്തമായ പരിസരമാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന ഒരു കൗതുകം. കുടുംബ സിനിമയുടെ ഫ്ലേവർ കലർത്തി ഉത്സവ-അവധിക്കാല റിലീസ് എന്ന സാധ്യതയെയും ഉപയോഗിക്കാൻ ‘മദനോത്സവം’ ശ്രമിക്കുന്നുണ്ട്. ഒരു അപര സ്ഥാനാർഥിയാവുന്നതിനു പിന്നിലെ കാര്യ കാരണങ്ങൾ, ആ അവസ്ഥയെ മുതലെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ തുടങ്ങി സിനിമകളിൽ അധികം കണ്ട് പരിചയമില്ലാത്ത രാഷ്ട്രീയ സാഹചര്യത്തെ ചുറ്റി പറ്റിയാണ് ‘മദനോത്സവം’ വികസിക്കുന്നത്. ഒറ്റ കേൾവിയിൽ തന്നെ പ്രേക്ഷകന് ഈ പ്രമേയത്തോട് ഒരു താത്പര്യം ഉണ്ടാവും. അത് സിനിമയിൽ ഉടനീളം നിലനിർത്തുക എന്നതാണ് അണിയറപ്രവർത്തകരുടെ വെല്ലുവിളി. എന്നാൽ, സിനിമ മുന്നോട്ട് പോകുമ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നുതായി അനുഭവപ്പെടും. തുടക്കത്തിലേ സ്വാഭാവിക ഹാസ്യത്തിനും പിന്നീട് അതേ മാറ്റം സംഭവിക്കുന്നു. പതിവ് മലയാള സിനിമാ രീതികളെ പിൻപറ്റാൻ തുടങ്ങുന്ന ഇടത്ത് ‘മദനോത്സവ’വും പാളി തുടങ്ങുന്നു.
രാഷ്ട്രീയ സറ്റയറുകൾക്ക്, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സാധാരണക്കാരുടെ അതിജീവനയാത്രക്ക് ഒക്കെ ഇപ്പോൾ മലയാളത്തിൽ ഒരേ രീതിയിലുള്ള നിർമിതിയും ദൃശ്യ ഭാഷയും തിരക്കഥയുമൊക്കെയാണ് എന്ന് കാണാം. ആ ചിത്രവും അതേ പാത തന്നെയാണ് പിന്തുടരുന്നത്. സമകാലിക മലയാള സിനിമകളിൽ ഏറ്റവുമധികം ആവർത്തിക്കപ്പെടുന്ന ഭൂമികയായ കണ്ണൂർ കാസർഗോഡ് പ്രദേശങ്ങൾ ചുറ്റിപ്പറ്റിയാണ് ഈ സിനിമയും. ആ നാടിന്റെ സൗന്ദര്യം, ഭാഷയിലെ വ്യത്യസ്തത, ഭാഷയുടെ സ്വാഭാവികതയുൾക്കൊണ്ട് അഭിനയിക്കാനറിയുന്ന നടന്മാരുടെ സാന്നിധ്യം തുടങ്ങി നിരവധി കാര്യങ്ങൾ ആ ഭൂമികയുടെ ഉപയോഗത്തിനു പിന്നിലുള്ളതായി കരുതാം. ഈ ട്രെൻഡിന്റെ ഇത് വരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഇടങ്ങൾ എന്നത് പ്രേക്ഷകർക്കും കൗതുകമുണ്ടാക്കിയിരുന്നു. ഈ തിരക്കഥകൃത്ത് മുൻപ് സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പയ്യന്നൂരും പരിസര പ്രദേശങ്ങളുമായിരുന്നു കഥ പറയാൻ ഉപയോഗിച്ചത്. അതേ വിഷയങ്ങൾ അതേ പ്രദേശത്ത് വച്ച് കുറച്ചൊക്കെ വ്യത്യസ്ത സാഹചര്യങ്ങളിൽ പറഞ്ഞു എന്നത് മാത്രമാണ് ‘മദനോത്സവ’ത്തിലെ വ്യത്യാസം. കണ്ണൂരിലെ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ, അതും കക്ഷി രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ മലയാള സിനിമ പിന്തുടരുന്ന ഒരു രീതിയുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സംഭാഷണം മുതൽ അജണ്ട വരെ എല്ലാ സിനിമകളിലും ഒന്നാകുന്ന അവസ്ഥയാണത്. ദൗർഭാഗ്യവശാൽ ‘മദനോത്സവവും’ അതേ പാത തന്നെയാണ് മുഴുവനായി പിന്തുടരുന്നത്. ചില കഥാപാത്രങ്ങളും സംഭാഷണങ്ങളുമൊക്കെ പുതുമയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതിനു സിനിമയിലുടനീളം തുടർച്ചയുണ്ടായില്ല.
സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, ഭാമ അരുൺ, പി പി കുഞ്ഞികൃഷ്ണൻ എന്നിവരാണ് പ്രധാന റോളുകളിലെത്തുന്നത്. ഹാസ്യത്തിൽ നിന്ന് ഗൗരവ സ്വഭാവമുള്ള പല അടരുകളുള്ള കഥാപാത്രങ്ങളിലേക്ക് സുരാജ് ചുവട് മാറ്റിയത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലേക്ക് വളർത്തി, പല അംഗീകാരങ്ങളും തേടിയെത്തുന്ന ഒരുപാട് സാധ്യതകൾ ഉള്ള നടനായി അദ്ദേഹത്തെ മാറ്റി. ആ വളർച്ചയിൽ എവിടെയോ വച്ച് തന്റെ അഭിനയത്തിന്റെ ഏറ്റവും വലിയ ശക്തിയായ ഹാസ്യാവതരണം, അതിലെ സ്വഭാവികത ഇവയൊക്കെ സുരാജിന് കൈമോശം വന്നോ എന്ന് ചില സിനിമകൾ കാണുമ്പോഴെങ്കിലും തോന്നും. ഒരു ഉത്സവകാല കുടുംബ ചിത്രത്തിന്റെ ലൈറ്റ് മൂഡിൽ തുടങ്ങി പതിവ് രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായി മാറുന്ന ‘മദനോത്സവം’ തുടക്കത്തിൽ താത്പര്യം ജനിപ്പിക്കും എങ്കിലും ഓർത്ത് വയ്ക്കാനായി ഒന്നും ബാക്കി വയ്ക്കുന്നില്ല.