ലിയോ റിവ്യു : Leo Review
സംവിധായകൻ ലോകേഷ് കനകരാജ് കെട്ടിപ്പടുത്ത സിനിമാ പ്രപഞ്ചത്തിന് എല്‍സിയു എന്ന മൂന്നക്ഷരം തീര്‍ത്ത ചുരുക്കപ്പേരില്‍ ചുറ്റിക്കറങ്ങിയ ആകാംക്ഷകള്‍. ലിയോ ആവേശം വാനോളം ഉയരാൻ ഇവ മൂന്നും ധാരാളമായിരുന്നു. റിലീസിനു മുന്നേ ലിയോയുടെ ആഗോള കളക്ഷനിലെ അക്കപ്പട്ടികകള്‍ വേഗത്തില്‍ മാറിമറിഞ്ഞതും റെക്കോര്‍ഡുകള്‍ പലതും വീണുടഞ്ഞതും അതിനാലാണ്. പ്രേക്ഷകര്‍ കാണുംമുന്നേ 160 കോടിയലധികം വാരിക്കൂട്ടി ലിയോയ്‍ക്ക് വമ്പൻ വിജയം അരക്കിട്ടുറപ്പിക്കാനായി. തിയറ്റര്‍ കാഴ്‍ചയില്‍ ലിയോ എങ്ങനെയുണ്ടാകുമെന്ന ചോദ്യങ്ങള്‍ക്കും ഉത്തരമായിരിക്കുന്നു. വിജയ്‍യുടെ വേഷപ്പകര്‍ച്ചയിലെ ആദ്യ പകുതിയിലൂടെയാകും സിനിമ പ്രേക്ഷകന്റെ ഇഷ്‍ടത്തോട് ചേര്‍ന്നുനില്‍ക്കുക. താരഭാരത്തില്‍ പതറാതെ ആഖ്യാനത്തികവുള്ള ഒരു സംവിധായകൻ എന്ന നിലയില്‍ ലോകേഷ് കനകരാജ് സ്വന്തം പേരിന് ലിയോയിലൂടെ വീണ്ടും അടിവരയിടുന്നുണ്ട്.
വിക്രത്തിന്റെ വിജയപ്പൊലിമയുടെ ഓര്‍മകളുമായാണ് വിജയ് ചിത്രമായ ലിയോയ്‍ക്കായി പ്രേക്ഷകര്‍ കാത്തിരുന്നത്. മാസ്റ്ററിനു പിന്നാലെ ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുമ്പോള്‍ സംഭവിക്കുന്ന കാഴ്‍ചകള്‍ മാസാകുമെന്ന് പ്രതീക്ഷിച്ചിരിക്കണം പ്രേക്ഷകര്‍. കാത്തുകാത്തിരുന്ന ലിയോ എത്തിയപ്പോള്‍ ചിത്രം എല്ലാ വിഭാഗത്തെയും തൃപ്‍തിപ്പെടുത്തുന്ന തീപ്പൊരി ചിത്രമാകുന്നില്ല. എന്നാല്‍ വിക്രമില്‍ കമല്‍ഹാസനെ സ്വന്തം സംവിധാന ശൈലിയോട് എങ്ങനെ ചേര്‍ത്തുനിര്‍ത്തിയോ ആ ആഖ്യാനവഴക്കം ദളപതിയെ വീണ്ടും നായകനാക്കിയപ്പോള്‍ ലോകേഷ് കനകരാജ് കാത്തുസൂക്ഷിച്ചിരിക്കുന്നു എന്നിടത്താണ് സൂപ്പര്‍ താര ചിത്രം എന്ന പതിവ് കെട്ടുകാഴ്‍ചകളില്‍ നിന്ന് ലിയോ വേറിടുന്നത്.
സാങ്കേതികത്തികവില്‍ വിശ്വസിച്ചാണ് വിജയ്‍യുടെ ലിയോയും സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്നത്. ആദ്യ പത്ത് മിനിട്ട് കാഴ്‍ചകള്‍ സിനിമയില്‍ കാണാതിരിക്കരുത് എന്ന് നേരത്തെ ലോകേഷ് കനകരാജ് പറഞ്ഞത് കാഴ്‍ചക്കാരുടെ ഓര്‍മയിലേക്ക് എത്തിക്കുന്നതാണ് ആ രംഗങ്ങള്‍. തുടര്‍ സഞ്ചാരത്തില്‍ ലിയോ അനുഭവിപ്പിക്കുന്ന സിനിമാ കാഴ്‍ചകള്‍ക്കൊപ്പം ചേരാൻ ഒരു ചരടെന്ന പോലെ അവ അനിവാര്യമാണ്. ആക്ഷൻ ചിത്രീകരണത്തിലെ മികവ് ലിയോയിലും സംവിധായകൻ ലോകേഷ് കനകരാജ് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് സംവിധായകൻ ലോകേഷ് കനകരാജിന്റെ ഇതുവരെയുള്ള സിനിമാ കാഴ്‍ചകളുടെ ആവേശം ലിയോയ്‍ക്ക് പകരാനാകുന്നുണ്ടോയെന്ന് സംശയമാണ്. വൻ ഹിറ്റുകളായ കൈതിയുടെയും വിക്രമിന്റയും സിനിമാ പ്രപഞ്ചത്തിന്റെ മാസ് അനുഭവത്തോട് ലിയോയെ ചേര്‍ത്തുനിര്‍ത്താനായിട്ടില്ല. ആദ്യ പകുതിയില്‍ സ്റ്റൈലിഷ്‍ മേക്കിംഗുമായി സംവിധായകൻ ലിയോയുടെ ക്ലാസ് ഉയര്‍ത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ അതിനോട് നീതി പുലര്‍ത്താനായിട്ടില്ല. എല്‍സിയുടെ ഓര്‍മകളില്‍ പ്രേക്ഷകനെ ആവേശമാക്കുന്ന രംഗങ്ങള്‍ ലിയോയിലുണ്ടോയെന്നത് സസ്‍പെൻസ്.
തിരക്കഥയ്‍ക്കപ്പുറം ആഖ്യാനത്തിനാണ് ലോകേഷ് കനകരാജ് സിനിമയില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ദളപതി വിജയ്‍യുടെ വര്‍ത്തമാനകാലത്ത നായക കഥാപാത്രവും സന്ദര്‍ഭങ്ങളും സൂക്ഷ്‍മതയോടെ ലോകേഷ് കനകരാജ് എന്ന തിരക്കഥാകൃത്ത് എഴുതിയൊരുക്കിയിട്ടുണ്ട്. നായകനായ പാര്‍ഥിപൻ ഉള്ളില്‍ പേറുന്ന ദുരന്ത ഓര്‍മകള്‍ പക്വതയോടെ ലിയോയില്‍ സന്നിവേശിക്കുന്നതിന് ഒരു നടൻ എന്ന നിലയില്‍ വിജയ്‍ക്ക് സാധിച്ചും ആ സൂക്ഷ്‍മതയിലാണ്. എന്നാല്‍ മറ്റ് സന്ദര്‍ഭങ്ങളിലെ വിവിധ കഥാ വഴികളില്‍ ആ അര്‍പ്പണവും ശ്രദ്ധയും ലോകേഷ് കനകരാജില്‍ നിന്ന് വേണ്ടവിധം ഉണ്ടായിട്ടില്ല.
വിജയ്‍യുടെ പതിവ് പകര്‍ന്നാട്ടങ്ങളെ തെല്ലൊന്നു തിരസ്‍കരിക്കുന്നതാണ് ലിയോ. താരമെന്നതിനപ്പുറം നടൻ എന്ന നിലയിലും ചിത്രത്തില്‍ വിജയ് ശോഭിക്കുന്നു. ആക്ഷനുകളില്‍ കസറുന്ന നായകനാകുമ്പോള്‍ തന്നെ സിനിമയില്‍ സ്വന്തം വേഷത്തിന്റെ വൈകാരിക പശ്ചാത്തലത്തെ സാധൂകരിക്കുന്ന പ്രകടനം ആദ്യ പകുതയില്‍ വിജയ്‍യില്‍ നിന്ന് കാണാനാകുന്നു എന്നത് ലിയോയുടെ പ്രത്യേകതയാണ്. ഫ്ലാഷ്‍ ബാക്കില്‍ വിജയ് പഴയ താരമാകുന്നു എന്നതാണ് പോരായ്‍മയാകുന്നത്. കളക്ഷനിലെ റെക്കോര്‍ഡ് തിളക്കങ്ങള്‍ മാത്രമാകില്ല തന്റെ ബയോഗ്രാഫിയിലേക്ക് ലിയോയെ ചേര്‍ത്തുവയ്‍ക്കുമ്പോള്‍ എന്തായാലും വിജയ്‍ക്ക് ബാക്കിയാകുക. ഇന്നേവരെയുള്ള വിജയ്‍യുടെ ഹിറ്റ് സിനിമ കഥാപാത്രങ്ങളില്‍ നിന്ന് എന്തുകൊണ്ടും ലിയോ ക്ലീഷേകള്‍ക്കപ്പുറമുള്ള ചില വ്യത്യസ്‍തകളാല്‍ അടയാളപ്പെടും. കുടുംബ പശ്ചാത്തലത്തിലെ ലിയോയിലെ നായക കഥാപാത്രമായി പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന പക്വത കാട്ടുന്നുമുണ്ട് വിജയ്. രസിപ്പിക്കുന്ന വിന്റേജ് വിജയ് മാനറിസങ്ങള്‍ ചിത്രത്തില്‍ പല ഘടത്തില്‍ ആഖ്യാനത്തിലെ ബ്രില്ല്യൻസ് എന്നോണം ചിലയിടങ്ങളില്‍ വിളക്കിച്ചേര്‍ന്നിട്ടുണ്ട്. വിജയ്‍യുടെ ലിയോ ലോകേഷ് കനകരാജ് സിനിമയാകുമ്പോള്‍ തന്നെ ദളപതിയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിനു കൂടി വഴി തുറന്നേക്കാം. തൃഷ നായകന് ഒപ്പം ചേരുന്ന ഒരു കഥാപാത്രമായി മാത്രം ലിയോയില്‍ എത്തിയിരിക്കുന്നു. സമീപകാലത്തെ ചില ഹിറ്റ് സിനിമകള്‍ പോലെ വിജയ്‍ നായകനായ ലിയോയിലും സഞ്‍ജയ് ദത്ത് കൊടും വില്ലന്റെ ക്രൂരത പകര്‍ത്തുന്നു. സ്‍ക്രീൻ പ്രസൻസില്‍ അര്‍ജുന് തന്റെ കഥാപാത്രത്തെ പ്രേക്ഷകന്റെ ശ്രദ്ധയിലേക്ക് നീക്കിവയ്‍ക്കാനായിട്ടുണ്ട്. മാത്യു തോമസ്, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ, ഗൌതം വാസുദേവ് മേനോൻ എന്നിവരൊക്കെ ലിയോയില്‍ നിര്‍ണായകമാകുന്നു.
ആക്ഷനിലെ ചടലുതയും കശ്‍മിരിലെ കാഴ്‍ചഭംഗിയും ചിത്രത്തില്‍ വേണ്ടുവിധം പകര്‍ത്താൻ മനോജ് പരമഹംസയ്‍ക്കായിരിക്കുന്നു. ലിയോയുടെ താളത്തിനൊത്തെ പശ്ചാത്തല സംഗീതം തന്നെ ഒരുക്കാനായതില്‍ അനിരുദ്ധ് രവിചന്ദറിനും കയ്യടി. വിജയ്‍യുടെ ലിയോയില്‍ സംഭാഷണങ്ങളിലൂടെ പറയാത്തവ സംവിധായകൻ സൂചിപ്പിക്കുന്നതും അനിരുദ്ധ് രവിചന്ദ്രന്റെ അത്രയ്‍ക്കങ്ങ് ലൌഡല്ലാത്ത സംഗീതത്താലാണ്. ഫിലോമിൻ രാജ് ലിയോയുടെ കട്ടുകള്‍ സംവിധായകന്റെ മനസ്സിലിരിപ്പ് മനസ്സിലാക്കുംവിധം പ്രമേയത്തിനൊത്താണ് പ്രയോഗിച്ചിരിക്കുന്നത്.