സാഹിത്യകൃതികൾ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകൾ സൃഷ്ടിച്ച വിഖ്യാത സംവിധായകൻ കെ.എസ് സേതുമാധവൻ(90) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവൻ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടൻ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. കാമ്പുകൾ കഥകൾ കണ്ടെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതിയ ഭാവുകത്വത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
1931-ൽ സുബ്രഹ്മണ്യൻ-ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബയോളജിയിൽ ബിരുദമെടുത്ത സേതുമാധവൻ കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എൽ.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദർ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു.
സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.1960-ൽ വീരവിജയ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധാകനാകുന്നത്. ആദ്യ മലയാള ചിത്രം മുട്ടത്തുവർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ച ജ്ഞാനസുന്ദരിയാണ്.
1971 ൽ സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്.
ബാലതാരമായി കമൽഹാസനെ ആദ്യമായി മലയാള സിനിമയിൽ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമൽഹാസനെ നായകനായി അവതരിപ്പിച്ചതും സേതുമാധവനായിരുന്നു. 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു.
സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനായിരുന്നു. ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനുമാണ്.
അനുഭവങ്ങൾ പാളിച്ചകൾ, ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനൽകിനാവുകൾ, ഓടയിൽ നിന്ന്, സ്ഥാനാർഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു.
ദാഹം, മറുപക്കം എന്നീ സിനിമകളുടെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു. ഇതിൽ മറുപക്കത്തിന് തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. മറുപക്കത്തിന് തിരക്കഥയ്ക്ക് പുറമെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടക്കം മൂന്ന് ദേശീയ അവാർഡ് ലഭിച്ചു. ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴ് സിനിമയിലേക്ക് എത്തുന്നതും മറുപക്കത്തിലൂടെയാണ്.
മലയാള സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകളായ പല ഗാനങ്ങളും പിറന്നത് സേതുമാധവന്റെ സിനിമകളിലായിരുന്നു. വയലാർ-ദേവരാജൻ ടീം അണിയിച്ചൊരുക്കിയ മനോഹര ഗാനങ്ങൾ മൂളാത്ത മലയാളികളില്ല.
ചെറുപ്പത്തിൽ അന്തർമുഖനായിരുന്ന കുട്ടിയാണ് വളർന്നപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനായി മാറിയത്. ജീവിതത്തിൽ ആരെയും നോവിക്കാതെ സത്യസന്ധമായി സ്വന്തം ചുമതലകൾ നിർവഹിക്കുന്നതാണ് യഥാർഥ സന്ന്യാസമെന്ന അമ്മയുടെ ഉപദേശം ശിരസ്സാവഹിച്ചു. സിനിമയിലെത്തിയിട്ടും ആ ആത്മവിശുദ്ധി അദ്ദേഹം പുലർത്തി. പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങൾക്ക് ഇടമില്ലാത്തവയായിരുന്നു സേതുമാധവന്റെ സെറ്റുകൾ.
ഭാര്യ: വത്സല സേതുമാധവൻ, മക്കൾ: സന്തോഷ്, ഉമ