Kadina Kadoramee Andakadaham Movie Review
മനുഷ്യരുടെ ജീവിതം പല തലത്തിൽ ദുസ്സഹമാക്കി കൊണ്ടാണ് കോവിഡ് മഹാമാരി എത്തിയത്. ഒരു കുഞ്ഞൻ വൈറസ് വിതച്ച ഭീതിയുടെയും നാശനഷ്ടങ്ങളുടെയും ഇടയിൽ നിസ്സഹായരായി പകച്ചു നിൽക്കേണ്ടി വന്നതിന്റെ പരശതം അനുഭവങ്ങൾ ഓരോ മനുഷ്യർക്കും പറയാനുണ്ടാവും. കോവിഡ് പ്രാരംഭകാലത്ത് റൂട്ട് മാപ്പിനെയൊക്കെ തമാശയായി കണ്ട് ട്രോളുകൾ ഉണ്ടാക്കി കൊണ്ടേയിരുന്ന നമ്മൾ മലയാളികളും പിന്നീട് ലോക്ക്ഡൗണിലും കണ്ടെയ്ൻമെന്റ് സോണുകളിലും കോവിഡ് നിയന്ത്രണങ്ങളിലുമെല്ലാം പെട്ട് വട്ടം കറങ്ങിയിട്ടുണ്ട്. വിവാഹം, മരണം എന്നു തുടങ്ങി നമ്മുടെ സാമൂഹിക കൂട്ടായ്മകൾക്കു വരെ വിലക്കുകൾ തീർത്താണ് കോവിഡ് കാലം അതിന്റെ താണ്ഡവമാടിയത്. ദുരന്തങ്ങൾ പലപ്പോഴും മനുഷ്യരെ ഒന്നിപ്പിക്കുകയും ചേർത്തുനിർത്തുകയും ഈഗോകളുടെ പുറംകുപ്പായങ്ങളിൽ നിന്ന് മുക്തരാക്കുകയും ചെയ്യും. മുഹസിൻ സംവിധാനം ചെയ്ത ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രവും കോവിഡിന്റെ പശ്ചാത്തലത്തിൽ നിന്നും കഥ പറയുന്ന ചിത്രമാണ്. മനുഷ്യബന്ധങ്ങളെ കുറിച്ചു തന്നെയാണ് ചിത്രവും സംസാരിക്കുന്നത്. ബച്ചു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബഷീറുദ്ദീൻ (ബേസിൽ ജോസഫ്) വലിയ ബിസിനസ്സ് സ്വപ്നങ്ങളുള്ള ഒരു യുവാവാണ്. എത്രയോ വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കമറുദ്ദീൻ്റെ മകൻ. മകന് ഗൾഫിലൊരു ജോലി നേടി കൊടുക്കാൻ കമറുദ്ദീൻ ശ്രമിക്കുന്നുണ്ടെങ്കിലും ബച്ചുവിന് പ്രവാസജീവിതത്തിലേക്ക് പോവാൻ താൽപ്പര്യമില്ല. സ്വന്തം നിലയിൽ ബിസിനസ്സ് ചെയ്ത് നാട്ടിൽ തന്നെ ജീവിക്കാനാണ് ബച്ചുവിന്റെ ആഗ്രഹം. ആ ആഗ്രഹത്തിനു വേണ്ടി ഏറെ ചെറുത്തുനിൽപ്പുകളും ബച്ചുവിന് നടത്തേണ്ടി വരുന്നുണ്ട്.
പന്തല്‍, ഡെക്കറേഷന്‍, ലൈറ്റ് ആന്റ് സൗണ്ടുമൊക്കെ വാടകയ്ക്ക് കൊടുക്കുന്ന ബച്ചുവിന്റെ ബിസിനസ്സ് ഒന്നു പച്ച പിടിച്ചു വരുന്നതിനിടയിലാണ് കോവിഡ് എത്തുന്നത്. ആഘോഷങ്ങളും ആൾക്കൂട്ട ഒത്തുച്ചേരലുകൾക്കുമൊക്കെ കോവിഡ് തടയിട്ടതോടെ ബച്ചുവിന്റെ ബിസിനസ്സിനെയും അതു ബാധിക്കുന്നു. തോറ്റുപോയാൽ ഇഷ്ടമില്ലാത്ത പ്രവാസജീവിതം തിരഞ്ഞെടുക്കേണ്ടി വരുമെന്ന് അറിയുന്നതിനാൽ മറ്റു പല ബിസിനസ്സുകളിലേക്കും ബച്ചു തിരിയുകയാണ്. ജീവിക്കാനറിയാവുന്ന ആളാണെന്ന് എങ്ങനെയെങ്കിലും ബാപ്പയ്ക്കും കുടുംബത്തിനും മുന്നിൽ തെളിയിക്കണമെന്ന ബച്ചുവിന്റെ വാശിയാണ് ആ ചെറുപ്പക്കാരനെ മുന്നോട്ടു നടത്തുന്നത്. പ്രശ്നങ്ങളിലൂടെയും കടക്കെണിയിലൂടെയുമുള്ള ബച്ചുവിന്റെ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായൊരു വേർപാട് കൂടി തേടിയെത്തുന്നതോടെ ആ യുവാവിനു മുന്നിൽ ലോകം കഠിന കഠോരമായി മാറുകയാണ്. ഒന്നു കണ്ണോടിച്ചാൽ ചുറ്റുവട്ടത്തു നിന്നും കണ്ടെത്താവുന്ന ഒരു കഥാപാത്രമാണ് ബേസിലിന്റെ ബച്ചു. അയൽവക്കത്തെ പയ്യൻ ഇമേജുള്ള കഥാപാത്രം. വളരെ തന്മയത്വത്തോടെയും കയ്യടക്കത്തോടെയും തന്നെയാണ് ബേസിൽ ആ കഥാപാത്രത്ത അവതരിപ്പിച്ചിരിക്കുന്നത്. ഈഗോ, നിസ്സഹായത, കുറ്റബോധം, വേദന തുടങ്ങി എല്ലാവിധ വികാരങ്ങളെയും കൺവീൻസിംഗായി തന്നെ അവതരിപ്പിക്കാൻ ബേസിലിനു കഴിഞ്ഞിട്ടുണ്ട്. നടനെന്ന രീതിയിൽ ഒരിക്കൽ കൂടി ബേസിൽ തന്നെ അടയാളപ്പെടുത്തുകയാണ്. ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റു രണ്ടു പ്രകടനങ്ങൾ ഇന്ദ്രൻസിന്റെയും ശ്രീജ രവിയുടേയുമാണ്. ഒരാൾ സൗഹൃദത്തിന്റെ അടരുകളിൽ നിന്നും കാഴ്ചക്കാരുടെ കണ്ണു നനയിക്കുമ്പോൾ മറ്റൊരാൾ നിസ്സഹായതയുടെയും പ്രണയത്തിന്റെയും ആൾരൂപമായി മാറുന്നു. ബിനു പപ്പു, ജാഫര്‍ ഇടുക്കി, ഷിബില, സുധീഷ്, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി എന്നിവരും തങ്ങളുടെ റോളുകളിൽ തിളങ്ങി. പെർഫെക്റ്റ് ഓകെ ഡയലോഗിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം കെപി നൈസലും ചിത്രത്തിലുണ്ട്.
ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്നു തന്നെയാണ് തിരക്കഥാകൃത്ത് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ കണ്ടെത്തിയിരിക്കുന്നത് എന്നു പറയേണ്ടി വരും. കാരണം ബച്ചുവും ഉമ്മയും കമറുദ്ദീനും ബുഷ്റയും റഷീദും അയൽക്കാരുമടക്കമുള്ള മനുഷ്യർക്ക്, സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ അവരുടെ ജീവിതപരിസരങ്ങളിൽ കണ്ട മുഖങ്ങളോട് സാമ്യം തോന്നും. അത്രയേറെ സൂക്ഷ്മതയോടെയും റിയലിസ്റ്റിക്കുമായാണ് കഥാപാത്രങ്ങളുടെയും കഥാസാഹചര്യങ്ങളുടെയും നിർമിതി. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദിന്റേതാണ് കഥയും തിരക്കഥയും. കടലോര ജീവിതത്തിന്റെ കാഴ്ചകളെ ആഴത്തിൽ മനസ്സിൽ പതിപ്പിക്കാൻ അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവരുടെ ഛായാഗ്രഹണത്തിനും സാധിക്കുന്നുണ്ട്. ഗോവിന്ദ് വസന്തയൊരുക്കിയ പാട്ടുകളും ഹൃദയത്തെ സ്പർശിക്കുന്നവയാണ്. മു.രി, ഷര്‍ഫു, ഉമ്പാച്ചി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സോബിന്‍ സോമന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ മൂഡ് കൃത്യമായി നിലനിർത്തികൊണ്ടുപോവുന്നുണ്ട്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് പശ്ചാത്തലമാക്കി നിരവധി ചിത്രങ്ങൾ സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ നിന്നെല്ലാം ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ അവതരണമാണ്. വളരെ സ്വാഭാവികതയോടെ കഥ പറഞ്ഞുപോവുന്ന ചിത്രം വളരെ എളുപ്പത്തിൽ തന്നെ കാഴ്ചക്കാരുമായി വൈകാരികമായി കണക്റ്റാവുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തെ ബാധിച്ചതെങ്ങനെയെന്ന് കൃത്യമായി പറഞ്ഞുവയ്ക്കുന്ന ചിത്രം മികച്ച പെർഫോമൻസുകൾ കൊണ്ടും വൈകാരികത കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം കവരും.