പ്രൈവസി, സൈബർ സുരക്ഷ, എന്നിങ്ങനെ ഇക്കാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന, എന്നാൽ പലരും ബോധവാന്മാരല്ലാത്ത കാര്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘കീടം’ (Keedam Movie Review). വളരെ ലളിതമായി പറഞ്ഞു പോകുന്ന നന്നായി വെട്ടിയൊതുക്കി വെടുപ്പാക്കിയെടുത്ത സൈബർ ക്രൈം ത്രില്ലാണറാണ് ചിത്രം. രജിഷ വിജയനാണ് (Rajisha Vijayan) ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്വന്തമായി ഒരു സൈബർ സെക്യൂരിറ്റി സ്റ്റാർട്ട് അപ് നടത്തുന്ന സൈബർ വിദഗ്ധയാണ് രാധിക (രജിഷ). താൻ ചെയ്യുന്ന ജോലിയിൽ പൂർണ ആത്മാർത്ഥ കാണിക്കുന്ന പണത്തിന് മുന്നിൽ പോലും തന്റെ ധാർമികത പണയം വയ്ക്കാത്ത വളരെ ബോൾഡ് ആയ ഒരു കൂർമ്മബുദ്ധിക്കാരി. പ്രൈവസി എന്നത് ഓരോരുത്തർക്കും അത്രയും പ്രധാനപെട്ടതാണെന്നും അതിലേക്ക് ഉള്ള കടന്നു കയറ്റം ഒരിക്കലും അനുവദിക്കാൻ കഴിയുന്നതല്ലെന്നും വിശ്വസിക്കുന്നയാളാണ് രാധിക. പക്ഷെ, ഒരിക്കൽ ഒരുകൂട്ടം ക്രിമിനലുകളിൽ നിന്ന് അവൾക്ക് നേരിടേണ്ടി വരുന്ന സൈബർ ആക്രമണവും അതിനു പിന്നാലെ അഭിഭാഷകനായിരുന്ന അച്ഛനു (ശ്രീനിവാസൻ) നേരെയുമുണ്ടാകുന്ന അക്രമവും അവളെ മാറ്റുന്നു. അതുവരെ താൻ കാണിച്ചിരുന്ന ധാർമ്മികതയും മര്യാദകളും എല്ലാം രാധിക മറക്കുകയാണ്. പിന്നീട് അവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങുന്ന അവളിലൂടെയും അവളുടെ പോരാട്ടങ്ങളിലൂടെയുമാണ് ‘കീട’ത്തിന്റെ കഥ വികസിക്കുന്നത്.
ഓരോ താരങ്ങളും മത്സരിച്ച് അഭിനയിക്കുന്നതാണ് ഈ ചിത്രത്തിൽ കാണാനാവുക. അതാണ് ഒരു പ്ലസ്. ആദ്യം മുതൽ അവസാനം വരെ കയ്യടക്കത്തോടെയുള്ള പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നുണ്ട് രജിഷയുടെ രാധിക എന്ന കഥാപാത്രം. ഒരിക്കലും ആത്മവിശ്വാസം കൈവിടാത്ത നീതിക്കായി പൊരുതുന്ന കൂർമ്മബുദ്ധിക്കാരിയായ സൈബർ വിദഗ്ധയായി തിളങ്ങുകയാണ് രജിഷ. മകളെ കുറിച്ച് ഏറെ ആശങ്കകൾ ഉള്ള എന്നാൽ മകളുടെ ഏറ്റവും നല്ല സുഹൃത്തായ, പിന്തുണ നൽകുന്ന, റിട്ടയർമെന്റ് ആഘോഷിക്കുന്ന ബാലൻ എന്ന അച്ഛൻ കഥാപാത്രത്തെ ശ്രീനിവാസനും ഗംഭീരമാക്കിയിട്ടുണ്ട്. ഇരുവരും തമ്മില്ലുള്ള കോമ്പിനേഷൻ രംഗങ്ങളും അത്രയും മനോഹരമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും നല്ല അച്ഛൻ – മകൾ കൊമ്പൊയിലേക്ക് ചേർക്കാവുന്ന ഒന്നാണ് ഇത്.
വില്ലൻമാരായി എത്തിയ മണികണ്ഠൻ പട്ടാമ്പി, രഞ്ജിത് ശേഖർ, മഹേഷ് നായർ, ആനന്ദ് മന്മദൻ എന്നിവരുടെ പ്രകടനമാണ് പിന്നീട് എടുത്തു പറയേണ്ടത്. തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ചതാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ചാൾസ് എന്ന പൊലീസുകാരനായി വിജയ് ബാബുവും ശ്രദ്ധേയപ്രകടനമാണ് കാഴ്ചവെക്കുന്നത്.
വളരെ കെട്ടുറപ്പുള്ള തിരക്കഥയാണ് ‘കീട’ത്തിന്റേത്. രാഹുൽ റിജി നായർ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈബർ സുരക്ഷ, സ്വകര്യത തുടങ്ങിയവയുടെ പ്രാധാന്യവും സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവവും നമ്മുടെ നീതി ന്യായ വ്യവസ്ഥയിലെ പഴുതുകളുമെല്ലാം ചിത്രം പറയുന്നുണ്ട്. ഹാക്കിങ്ങും മറ്റു ടെക്നോളോജിക്കൽ എലമെൻസ്റ്റുമെല്ലാം സിനിമയിലുണ്ടെങ്കിലും അതെല്ലാം ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ വളരെ സിമ്പിളായും റിയാലിസ്റ്റിക്കായുമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാകേഷ് ധാരന്റെ ഛയാഗ്രഹണവും മികച്ചതാണ് കൊച്ചി പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കൊച്ചിയുടെ രാത്രികാഴ്ചകൾ ഒക്കെ രാകേഷ് മനോഹരമായി പകർത്തിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും മികവ് പുലർത്തി. സിദ്ധാർത്ഥ് പ്രദീപ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട ഒന്ന്. സിനിമയുടെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ ബാക്ക്ഗ്രൗഡ് മ്യൂസിക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. രജിഷയുടെ ഹാക്കിങ് ശ്രമത്തിനിടയാൽ വരുന്ന ബിജിഎം ഒക്കെ അത്രയും മനോഹരമായിരുന്നു. ക്രിസ്റ്റി സെബാസ്റ്റ്യൻ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാര്യർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
യാതൊരു വലിച്ചു നീട്ടലുകളുമില്ലാതെ ഒന്നേ മുക്കാൽ മണിക്കൂർ ദൈർഖ്യത്തിൽ നല്ല വൃത്തിയായി ഒരുക്കിയിരിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ‘കീടം’. ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന ആർക്കും ധൈര്യവുമായി ടിക്കറ്റ് എടുക്കാം.