Kannur Squad Movie Review
പൊലീസുകാരുടെ ജീവിതങ്ങളെ അതിശയോക്തിയില്ലാതെ കൃത്യമായ മീറ്ററിൽ അവതരിപ്പിക്കുകയാണ് ‘കണ്ണൂർ സ്‌ക്വാഡ്. ഒപ്പം യൂണിഫോമിനോടും തന്റെ ജോലിയോടും നൂറുശതമാനം ആത്മാർത്ഥത കാണിക്കുന്ന, നേരവും കാലവും നോക്കാതെ കർമ്മനിരതരായി ജോലി ചെയ്യുന്ന പൊലീസുകാർക്കുള്ള ട്രിബ്യൂട്ട് കൂടിയാണ് ഈ ചിത്രം.കണ്ണൂർ എസ് പി കൃഷ്ണലാൽ ഐപിഎസിന്റെ പേഴ്സണൽ സ്ക്വാഡിൽ ജോലി ചെയ്യുന്നവരാണ് ജോർജ്, ജോസ്, ഷാഫി, ജയൻ എന്നിവർ. നിരവധി കേസുകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിയിക്കുകയും പ്രതികളെ പഴുതില്ലാതെ പൂട്ടുകയും ചെയ്ത സമർത്ഥരായ നാൽവർ സംഘം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളാലും ജീവിതാവസ്ഥകളാലും കൂട്ടത്തിലൊരാൾ ചെയ്യുന്ന ഒരു ചെറിയ അഴിമതി കണ്ണൂർ സ്ക്വാഡിനു തന്നെ പേരുദോഷമാവുന്നു. ഈ സാഹചര്യത്തിലാണ് കാസർക്കോട്, നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം നടക്കുന്നത്. വലിയ രാഷ്ട്രീയ സമ്മർദ്ദമുള്ള ഈ കേസിന്റെ അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ പൊലീസിനു മേൽ സമ്മർദ്ദമേറുകയാണ്. കേസിന്റെ ചുമതലയുള്ള മനു നീതി ചോളൻ ഐപിഎസ് പ്രതികളെ കണ്ടെത്തുക എന്ന ദൗത്യം കണ്ണൂർ സ്ക്വാഡിനെ ഏൽപ്പിക്കുന്നു. പ്രതികളെ തേടി കണ്ണൂർ സ്ക്വാഡ് യാത്ര തുടരുകയാണ്. 10 ദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തുക എന്നതാണ് സ്ക്വാഡിനു മുന്നിലുള്ള ദൗത്യം. ഏതാണ്ട് 3000 കിലോമീറ്ററുകളോളം താണ്ടി ഒടുവിൽ അവർ പ്രതികളെ പിടികൂടുന്നു.ജോലിയോട് അങ്ങേയറ്റം കൂറുള്ള പൊലീസുകാരനായി സൂക്ഷ്മമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വയ്ക്കുന്നത്. ബുദ്ധികൂർമ്മത, പ്രതിബദ്ധത, നേതൃത്വപാടവം, അന്വേഷണത്വര, ഉൾകാഴ്ച എന്നിവയെല്ലാം ജോർജ് മാർട്ടിൻ എന്ന ടീം ഹെഡ്ഡിൽ ഭദ്രം. ജോർജിനൊപ്പം നിഴലു പോലെ കൂടെയുള്ള, സമർത്ഥരായ പൊലീസുകാരായി റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരും തകർക്കുന്നുണ്ട്. കിഷോർ കുമാർ, വിജയരാഘവൻ എന്നിവരുടെ പൊലീസ് വേഷങ്ങളും ശ്രദ്ധ കവരും. മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.വളരെ വിശ്വാസയോഗ്യമായ രീതിയിൽ, കൃത്യതയോടെയും വളച്ചുകെട്ടലുകളില്ലാതെയും കഥ പറഞ്ഞു മുന്നോട്ടുപോവുന്നു എന്നതാണ് കണ്ണൂർ സ്ക്വാഡിന്റെ പ്ലസ് പോയിന്റ്. മുൻ കണ്ണൂർ എസ് പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, ‘കണ്ണൂർ സ്‌ക്വാഡി’ലേക്ക് എത്തുമ്പോൾ നാലു പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു കഥ മുന്നോട്ടു പോകുന്നത്. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. സഹോദരനു വേണ്ടി റോണി കഥയെഴുതിയ ചിത്രം എന്ന പ്രത്യേകതയും കണ്ണൂർ സ്ക്വാഡിനുണ്ട്. റോണി ഡേവിഡ് രാജിന്റെ സഹോദരനാണ് സംവിധായകൻ റോബി വര്‍ഗീസ് രാജ്.ചിത്രത്തിന്റെ രണ്ടാം പകുതി അതിന്റെ നോർത്തിന്ത്യൻ പശ്ചാത്തലം കൊണ്ട് സമീപകാലത്തിറങ്ങിയ രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയെ ചിലയിടങ്ങളിൽ ഓർമിപ്പിക്കുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ടുപോക്കിൽ ആ സാമ്യതകളെ പിന്നിലുപേക്ഷിച്ച് സ്വന്തം ട്രാക്ക് കണ്ടെത്താൻ കണ്ണൂർ സ്ക്വാഡിനു കഴിയുന്നുണ്ട്. ഒരു റോഡ് മൂവിയുടെ സ്വഭാവം കൂടി പ്രകടമാക്കുന്ന ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. ഉദ്വേഗജനകമായ രീതിയിലാണ് തിരക്കഥാകൃത്തുക്കളായ റോണിയും മുഹമ്മദ് ഷാഫിയും കഥയെ മുന്നോട്ടു കൊണ്ടുപോവുന്നത്. വഴി അവസാനിച്ചു എന്നു തോന്നുന്നിടത്തു നിന്ന് തുമ്പു കണ്ടെത്തി, പ്രതിബദ്ധതകളെയെല്ലാം അതിജീവിച്ച് കണ്ണൂർ സ്ക്വാഡ് മുന്നേറുമ്പോൾ ആ കാഴ്ച പ്രേക്ഷകരിലും ഉദ്വേഗം ജനിപ്പിക്കുന്നതാണ്. ഒരു കുറ്റാന്വേഷണ സിനിമയ്ക്കു വേണ്ട വേഗത, മുറുക്കം എന്നിവയൊക്കെ കൃത്യമായി കണ്ണൂർ സ്ക്വാഡിൽ ചേരുന്നുണ്ട്. ‘ഉയിരേയുള്ളൂ ചൂതാടുവാൻ’ എന്ന മനോഭാവത്തോടെ പ്രതികളെ തേടി അലയുന്ന പൊലീസുകാരുടെ യാത്രയെ അതിന്റെ ചടുലതയോടെയും ആകാംക്ഷയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനു വലിയ പങ്കുണ്ട്. സുഷിൻ ശ്യാം ആണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫിയും മികച്ചു നിൽക്കുന്നു. മുഹമ്മദ് റാഫിലാണ് കണ്ണൂർ സ്ക്വാഡിന്റെ ഛായാഗ്രാഹകൻ. മുഹമ്മദ് റാഫിലിന്റെ ക്യാമറയ്ക്ക് ഒപ്പം ഛായാഗ്രാഹകൻ കൂടിയായ സംവിധായകൻ്റെ ഉൾകാഴ്ചകളും കൂടി ചേരുമ്പോൾ ചിത്രത്തിന്റെ ദൃശ്യഭാഷ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്.‘നൻപകൽ നേരത്ത് മയക്കം,’ ‘റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്.’ ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.കൃത്യതയോടെയും ലോജിക്കോടെയും വൃത്തിയായി കഥ പറയുകയും മികച്ച സാങ്കേതിക മികവോടെ നിർമ്മിക്കുകയും ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ പ്രേക്ഷകരെ നിരാശരാക്കുന്നില്ല. കാശു മുടക്കി തിയേറ്ററിലെത്തുന്ന പ്രേക്ഷകന് നിറഞ്ഞ സംതൃപ്തിയോടെ തന്നെ ചിത്രം കണ്ടിറങ്ങാം. മമ്മൂട്ടിയുടെ മികച്ച പൊലീസ് വേഷങ്ങളുടെ നിരയിലേക്കാണ് ജോർജ് മാർട്ടിനും നടന്നു കയറുന്നത്.