കോവിഡ് ലോക്ക്ഡൗണിന് ശേഷം ലോക്ക്ഡൗൺ പശ്ചാത്തലമാക്കുന്ന ഒന്നിലധികം സിനിമകൾ മലയാളത്തിൽ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിലെ ഏറ്റവും പുതിയ സിനിമയാണ് നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ‘ജോ ആൻഡ് ജോ’ (Jo & Jo Movie). നിഖില വിമല്‍ (Nikhila Vimal), മാത്യു തോമസ് (Mathew Thomas), നസ്‍ലെന്‍ (Naslen K Gafoor) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ്, നസ്‍ലെന്‍ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ആ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.
സഹോദരങ്ങൾ ഉള്ളവർക്കും കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾക്കും കണക്ട് ചെയ്യാൻ സാധിക്കുന്ന വളരെ ലളിതമായ കഥാതന്തുവാണ് ചിത്രത്തിന്റേത്. ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലാണ് കഥ നടക്കുന്നത്. ഹോമിയോ വിഷ ചികിത്സ ചെയ്യുന്ന ബേബി പാലത്തറ(ജോണി ആന്റണി) യുടെയും ലില്ലി (സ്‌മിനു) യുടെയും രണ്ടു മക്കളാണ് ജോമോനും (മാത്യു തോമസ്) ജോമോളും (നിഖില വിമൽ). മിക്ക വീടുകളിലും കാണുന്ന പോലെ സ്ഥിരം കലഹിക്കുന്ന ഒരു ചേച്ചിയും അനിയനുമാണ് ജോമോളും ജോമോനും. ലോക്ക്ഡൗണിനെ തുടർന്ന് പുറത്തെവിടെയും പോകാൻ കഴിയാതെ ഓൺലൈൻ ക്ലാസും ട്യൂഷനെടുക്കലും മാത്രമായി വീട്ടിൽ ഒതുങ്ങികൂടേണ്ട അവസ്ഥയിലാണ് ജോമോൾ. അതിന്റെതായ ബുദ്ധിമുട്ടുകൾ ജോമോൾക്ക് ഉണ്ട്. ജോമോൻ ആവട്ടെ സുഹൃത്തുക്കളായ മനോജ് സുന്ദരനും (നസ്ലെൻ) എബി (മെൽവിൻ)യുമായിട്ട് കറങ്ങി നടന്നും ചൂണ്ടയിടാൻ പോയൊക്കെയാണ് ലോക്ക്ഡൗണിന്റെ ആലസ്യം മറികടക്കുന്നത്. അങ്ങനെയിരിക്കെ, സഹോദരങ്ങളിൽ പരസ്‌പരം സംശയം ജനിപ്പിക്കുന്ന ഒരു സംഭവം വീട്ടിലുണ്ടാകുന്നു. വീട്ടിലുള്ള അച്ഛമ്മയെ കൂട്ടുപിടിച്ചു ജോമോൾ അത് കണ്ടെത്താൻ ഇറങ്ങുമ്പോൾ തന്റെ ഉറ്റ സുഹൃത്തുക്കളുമായാണ് ജോമോൻ അതിന് ഉത്തരം കണ്ടെത്താൻ ഇറങ്ങുന്നത്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ലോക്ക്ഡൗൺ കാലത്തെ കൗമാരക്കാരുടെ ജീവിതം വളരെ സത്യസന്ധമായി തന്നെ ‘ജോ ആൻഡ് ജോ’ യിൽ അവതരിപ്പിച്ചിട്ടുണ്ട്. വീടുകളിൽ ഒതുങ്ങികൂടേണ്ടി വന്ന അവരുടെ വിഷമവും നിരാശയുമെല്ലാം ജോമോളിലൂടെയും ജോമോനിലൂടെയും ചിത്രം പറയുന്നു. ലോക്ക്ഡൗൺ കാലത്ത് വൈറലായ ലുഡോ പോലുള്ള വിനോദങ്ങളും വൈറലായ ‘ബക്കറ്റ് ചിക്കനും’ ‘എള്ളോളംതരി’ റീലുമെല്ലാം കഥയുടെ ഭാഗമാകുന്നുണ്ട്.
കുടുംബങ്ങളിലെ ചില വിമർശിക്കപ്പെടേണ്ടേ വിഷയങ്ങളെയും ചിത്രം അഡ്രസ് ചെയ്യുന്നുണ്ട്. വീട്ടിൽ ആൺകുട്ടികളോടും പെൺകുട്ടികളോടും കാണിക്കുന്ന വേർതിരിവുകളും പ്രായപൂർത്തിയാകുന്നതിന് മുൻപേ പെൺകുട്ടികൾക്ക് അമ്മമാർ നൽകി വരുന്ന കുടുംബിനിയാകാനുള്ള ട്രെയിനിങ്ങിനെയെല്ലാം വിമർശിക്കുന്നുണ്ട് ചിത്രം. ഒപ്പം തന്നെ പുതിയ തലമുറയിലെ കുട്ടികളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്ത മാതാപിതാക്കളെയും, അസ്വസ്ഥരാക്കുന്ന കുട്ടികളെയും ‘ജോ ആൻഡ് ജോ’ കാട്ടിത്തരുന്നു.
അതേസമയം, കോമഡി ചിത്രം എന്നനിലയിൽ പലയിടങ്ങളിലും ചിരിസമ്മാനിക്കാൻ കഴിയാതെ പോകുന്നുണ്ട് ജോ ആൻഡ് ജോയ്ക്ക്. പകുതിക്ക് ശേഷം ഒഴുക്ക് നഷ്ടപ്പെടുന്ന ചിത്രം തരക്കേടില്ലാത്ത ക്‌ളൈമാക്‌സ് കൊണ്ട് അത് വീണ്ടെടുക്കുന്നുണ്ട്.
നിരന്തരം കലഹിക്കുന്ന ചേച്ചിയെയും അനിയനെയും നിഖില വിമലും മാത്യു തോമസും മികച്ചതാക്കിയിട്ടുണ്ട്. നിഖിലയുടെ ഇതുവരെ കണ്ട കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ് ജോമോൾ. മനോജ് സുന്ദരനായി നസ്ലെൻ ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഇഷ്ടം കവരുന്നുണ്ട്. നർമ്മ രംഗങ്ങളിൽ നസ്ലൻ മികച്ചു നിന്നു. ജോമോളുടെയും ജോമോന്റെയും അച്ഛനും അമ്മയുമായെത്തുന്ന ജോണി ആന്റണിയും സ്‌മിനു സിജോയും കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. ജോണി ആന്റണി യുടെ സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്‍തമായൊരു കഥാപാത്രമാണിത്. അച്ഛമ്മ ആയി എത്തിയ ലീന ആന്റണിയും ജോമോന്റെ സുഹൃത്തായി എത്തിയ മെൽവിനും ശ്രദ്ധേയപ്രകടനമാണ് നടത്തിയത്. സാഗർ സൂര്യയുടെ പരിഷ്കാരി കഥാപാത്രം അൽപം ചിരിയുണർത്തുന്നതായിരുന്നു. ഒറ്റ റോളിൽ മാത്രം വന്ന ഷാജോണും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
അൻസർ ഷായുടെ ഫ്രയിമുകൾ കാഴ്ചയെ മനോഹരമാക്കുന്നുണ്ട്. ഗോവിന്ദ് വസന്തയുടെ ഗാനങ്ങൾ ചിത്രത്തിനോട് ഇണങ്ങി നിൽക്കുന്നവയാണ്. ‘എള്ളോളംതരി’ റീമാസ്റ്റഡ് വേർഷൻ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ ആകെ മൂഡ് നിലനിർത്തുന്നതിൽ പശ്ചാത്തലസംഗീതം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഹാരിസ് ദേശം, ആദർശ് നാരായൺ, പിബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് സംവിധായകൻ അരുണും രവീഷ് നാഥും ചേർന്നാണ്.
Courtesy :- Dhanya K Vilayil (The Indian Express)