തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായി മികച്ച പ്രകടനമാണ് പൃഥ്വിയും (Prithviraj) സുരാജും (Suraj) കാഴ്ചവയ്ക്കുന്നത്. തിയേറ്റർ ആമ്പിയൻസിൽ അനുഭവിച്ചറിയേണ്ട ഒരു ത്രില്ലർ ചിത്രമാണ് ജന ഗണ മന (Jana Gana Mana)
പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി (Dijo Jose Antony) സംവിധാനം ചെയ്ത ജന ഗണ മന ഇന്ന് തിയേറ്ററുകളിലെത്തി. കെട്ടുറപ്പുള്ള തിരക്കഥയും പൃഥ്വിരാജിന്റെയും സുരാജിന്റെയും മികച്ച പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് ഈ ത്രില്ലർ ചിത്രം. ട്വിസ്റ്റുകളും കഥകളും ഉപകഥകളുമൊക്കെമായി പ്രേക്ഷകർക്ക് പ്രവചിക്കാനാവാത്ത രീതിയിൽ മുന്നോട്ടു പോവുന്ന കഥ പ്രേക്ഷകരിലും ഉദ്വേഗം ജനിപ്പിക്കുന്നുണ്ട്. കാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളെ ചിത്രം അഡ്രസ് ചെയ്യുന്നുണ്ട്. ഒരു സാധാരണക്കാരനായ പൗരൻ നീതിന്യായ വ്യവസ്ഥയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും ജന ഗണ മന ചോദിച്ചു കൊണ്ടേയിരിക്കുന്നു.
ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുരോഗമിക്കുന്നത്. ബാംഗ്ലൂരിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന സഭ വളരെ മൃഗീയമായ രീതിയിൽ കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷണത്തിന് എത്തുന്നത് സജൻ കുമാർ (സുരാജ് വെഞ്ഞാറമൂട്) എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. സജന്റെ കേസ് അന്വേഷണത്തിലൂടെയും തുടർന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ജന ഗണ മനയുടെ കഥ മുന്നോട്ട് പോവുന്നത്.
സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ വളരെ കയ്യടക്കത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യപകുതിയുടെ ഹീറോയും സുരാജ് തന്നെ. അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം പൃഥ്വിരാജിനെ ഒരു പവർ പാക്ക് പെർഫോമൻസുമായി കാണാൻ കഴിയുന്നു എന്നതാണ് ജന ഗണ മനയുടെ പ്ലസ്. വിൻസി അലോഷ്യസ് ആണ് പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരാൾ. മംമ്ത, ശാരി, ഷമ്മി തിലകൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ രൂപഭാവങ്ങളിൽ എവിടെയൊക്കെയോ തിലകനെ ഓർമ്മിപ്പിക്കുന്നുണ്ട് ഷമ്മി.
ജന ഗണ മനയിൽ ഏറ്റവും വലിയ കയ്യടി അർഹിക്കുന്നത് ഡിജോ ജോസ് ആന്റണി എന്ന സംവിധായകൻ തന്നെയാണ്. വേറിട്ട രീതിയിലുള്ള നരേഷനിലൂടെയാണ് സംവിധായകൻ ജന ഗണ മനയുടെ കഥ പറഞ്ഞുപോവുന്നത്. ഷാരിസ് മുഹമ്മദിന്റെ കരുത്തുറ്റ തിരക്കഥയും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. രണ്ടാം പകുതിയിലെ കോടതി സീനും മികച്ചുനിൽക്കുന്നു. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനും തുല്യ പ്രാധാന്യം നൽകികൊണ്ടാണ് സംവിധായകൻ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. നായകനും വില്ലനുമല്ല, വ്യവസ്ഥിതികളാൽ പരുവപ്പെട്ട രണ്ടു മനുഷ്യരുടെ ജീവിതമാണ് സംവിധായകൻ തുറന്നുകാണിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂദീപ് ഇളമൺ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. ഒരു ത്രില്ലർ ചിത്രത്തിന്റെ മൂഡ് നിലനിർത്തികൊണ്ടുപോവുന്നതിൽ ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും വിജയിച്ചിട്ടുണ്ട്. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത തള്ളികളയാനാവില്ല എന്ന സൂചനയോടെയാണ് ചിത്രം അവസാനിക്കുന്നത്. തിയേറ്റർ ആമ്പിയൻസിൽ അനുഭവിച്ചറിയേണ്ട മികച്ചൊരു ത്രില്ലർ ചിത്രം തന്നെയാണ് ജന ഗണ മന.
Courtesy :- Dhanya K Vilayil (The Indian Express)