ഏറെ നാളായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’. നേരം, പ്രേമം തുടങ്ങിയ രണ്ടു ചിത്രങ്ങൾ കൊണ്ടു തന്നെ മേക്കിംഗിൽ തന്റേതായൊരു സ്റ്റൈൽ പരിചയപ്പെടുത്തിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ‘ഗോൾഡ്’ തിയേറ്ററുകളിലേക്ക് എത്തുമ്പോഴും ആദ്യഷോട്ട് മുതൽ അവസാനം വരെ ആ സിഗ്നേച്ചർ സ്റ്റൈൽ നിലനിർത്താൻ അൽഫോൺസിനു സാധിച്ചിട്ടുണ്ട്.
ടൗണിലെ ഒരു മാളിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ജോഷി. പെരിയാറിന്റെ തീരത്തുള്ള വീട്ടിൽ അമ്മയ്ക്ക് ഒപ്പമാണ് ജോഷിയുടെ താമസം. വിവാഹാലോചനകളും പെണ്ണുകാണലും കാറുവാങ്ങലുമൊക്കെയായി ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണ് ജോഷി (പൃഥ്വിരാജ്). ഒരു സുപ്രഭാതത്തിൽ അമ്മ ജോഷിയെ വിളിച്ചുണർത്തുന്നത് വിചിത്രമായൊരു കാഴ്ചയിലേക്കാണ്, ജോഷിയുടെ വീട്ടുവളപ്പിലേക്കുള്ള വഴിയടച്ച് ആരോ ഒരു വണ്ടി പാർക്ക് ചെയ്തിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ആ ബൊലേറോ ജോഷിയുടെ പ്രശ്നമായി മാറുന്നു. ആ വണ്ടിയെ ചുറ്റിപ്പറ്റിയുള്ള ജോഷിയുടെ ജീവിതത്തിലെ ഏതാനും ദിവസങ്ങളാണ് ‘ഗോൾഡ്’ പറയുന്നത്.
വളരെ സ്വാഭാവികമായി തുടങ്ങി, പതിയെ പ്രശ്നങ്ങളുടെ കുരുക്കു മുറുകി, പ്രേക്ഷകരെയും മുൾമുനയിൽ നിർത്തി, ഒടുവിൽ കലങ്ങിതെളിയുന്ന കഥയും ഇടയിൽ പെട്ടുപോവുന്ന നായകനും- ‘നേര’ത്തിൽ പ്രേക്ഷകർ കണ്ടതിനു സമാനമായ ഒരു പ്ലോട്ട് തന്നെയാണ് ‘ഗോൾഡി’നു വേണ്ടി അൽഫോൺസ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനായി പറഞ്ഞു വച്ചതു പോലെയുള്ള കഥാപാത്രമാണ് ജോഷി. ജോഷിയുടെ അങ്കലാപ്പും അതിബുദ്ധിയും കള്ളത്തരവും പരുങ്ങലുമൊക്കെ വൃത്തിയായി തന്നെ പൃഥ്വി അവതരിപ്പിക്കുന്നുണ്ട്. സദാ കുക്കിംഗ് പരീക്ഷണങ്ങളിൽ ഏർപ്പെടുന്ന ജോഷി മോന്റെ അമ്മച്ചിയായി എത്തുന്നത് മല്ലിക സുകുമാരനാണ്. അമ്മ-മകൻ കോമ്പിനേഷൻ സീനുകളെല്ലാം തന്നെ അതിന്റെ സ്വാഭാവികതകൊണ്ട് മികവു പുലർത്തുന്നുണ്ട്.
ബാബുരാജ്, ശബരീഷ്, ഷമ്മി തിലകൻ, ശാന്തികൃഷ്ണ, ലാലു അലക്സ്, അജ്മൽ അമീർ, ജഗദീഷ്, റോഷൻ മാത്യു, വിനയ് ഫോർട്ട്, ഇടവേള ബാബു എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. ഷറഫുദ്ദീൻ, സിജു വിത്സൺ, കൃഷ്ണശങ്കർ, അൽതാഫ് തുടങ്ങിയ അൽഫോൺസിന്റെ ചങ്ങാതിമാരും ചിത്രത്തിൽ അതിഥികളായി എത്തുന്നുണ്ട്. സൈജു കുറുപ്പ്, സൗബിൻ ഷാഹിർ, ഗണപതി, സുധീഷ്, പ്രേംകുമാർ, അബു സലിം, ചെമ്പൻ വിനോദ് എന്നിങ്ങനെ താരങ്ങൾ കൊണ്ട് നിറഞ്ഞുനിൽക്കുകയാണ് മിക്ക ഷോട്ടുകളും. അതിനാൽ സ്ക്രീനിൽ വന്നുപോവുന്ന അഭിനേതാക്കളെ ഒന്നുകൂടി സൂക്ഷിച്ചു നോക്കാൻ മറക്കേണ്ട, കൺമുന്നിൽ മിന്നിമാഞ്ഞു പോവുന്നത് ചിലപ്പോൾ നിങ്ങൾക്ക് പ്രിയപ്പെട്ട അഭിനേതാക്കളിലാരെങ്കിലുമാവാം! എന്തിന്, അൽഫോൺസ് പുത്രൻ വരെ അതിഥി താരമായി ‘ഗോൾഡി’ൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
നയൻതാരയെന്ന താരത്തെയും നടിയേയും ആവശ്യപ്പെടുന്ന ചിത്രമാണ് ‘ഗോൾഡ്’ എന്നു പറയാനാവില്ല. മലയാളം മുതൽ ബോളിവുഡ് വരെയുള്ള ഇൻഡസ്ട്രികളിൽ താരമെന്ന രീതിയിൽ തന്നെ അടയാളപ്പെടുത്തുകയും നായിക കേന്ദ്രീകൃതമായ നിരവധി സിനിമകൾ ചെയ്യുകയും ചെയ്ത താരമാണ് നയൻതാര ഇന്ന്. അത്തരമൊരു നായികയെ മലയാളത്തിലേക്ക് ക്ഷണിക്കുമ്പോൾ, അൽപ്പം കൂടി പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ കരുതിവയ്ക്കാൻ അൽഫോൺസ് ശ്രമിക്കണമായിരുന്നു. കാരണം, നയൻതാരയിൽ നിന്നും മികച്ച കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരും ഇവിടെയുണ്ട്, അവരെ നിരാശരാക്കരുത്.
ഒരു മുത്തശ്ശിക്കഥ പോലെ പറയാവുന്ന വളരെ ചെറിയൊരു കഥാതന്തുവിൽ നിന്നുമാണ് അൽഫോൺസ് ‘ഗോൾഡി’ന്റെ കഥാപരിസരം ഒരുക്കിയിരിക്കുന്നത്. കഥയേക്കാളും അഭിനേതാക്കളുടെ പ്രകടനത്തേക്കാളുമൊക്കെ ചിത്രത്തിന് കരുത്താവുന്നത് അതിന്റെ എഡിറ്റിംഗും പശ്ചാത്തലസംഗീതവുമാണ്. പുൽച്ചാടിയ്ക്ക് ഒക്കെ ബാക്ക്ഗ്രൗണ്ടിൽ ഇതുപോലെയുള്ള കിടിലൻ ബിജിഎം ഇട്ടുകൊടുത്ത് കളറാക്കാൻ അൽഫോൺസ് പുത്രനല്ലാതെ മറ്റൊരു സംവിധായകനുണ്ടാവുമോ എന്നു സംശയമാണ്. അത്തരം സാധ്യതകളെ മനോഹരമായി തന്നെ ഉപയോഗപ്പെടുത്താൻ അൽഫോൺസിനു സാധിച്ചിട്ടുണ്ട്. ‘പ്രേമ’ത്തിൽ പൂമ്പാറ്റകളായിരുന്നു പ്രധാന മെറ്റഫറെങ്കിൽ ഇവിടെ പുൽച്ചാടിയും ‘ലഡുവെന്ന ഭൂഗോള’ത്തെ ഒരു വശത്തുനിന്നും പതിയെ പതിയെ തിന്നുതുടങ്ങുന്ന ഉറുമ്പുമൊക്കെ സ്ക്രീനിൽ ആധിപത്യം ഉറപ്പിക്കുന്നുണ്ട്.
വളരെ ലളിതമായൊരു കഥയെ, അതിനകത്തെ ഡ്രാമയെ പ്രേക്ഷകരിലും ആകാംക്ഷയുണ്ടാക്കുന്ന രീതിയിൽ അവതരിപ്പിക്കുക എന്ന ദൗത്യത്തിൽ അൽഫോൺസ് പുത്രൻ വിജയിച്ചിട്ടുണ്ട്. പോരായ്മയായി തോന്നിയത്, കഥാപുരോഗതിയിൽ ഇടയ്ക്ക് വന്നുചേരുന്ന മെല്ലെപ്പോക്ക് ആണ്, ചില ഭാഗങ്ങളിൽ വല്ലാതെ ലാഗ് അടിപ്പിക്കുന്നുണ്ട് ചിത്രമെന്നു പറയാതെ വയ്യ. അൽഫോൺസിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, ‘പ്രേമ’വും യുദ്ധവും പ്രതീക്ഷിച്ച് ആരും ‘ഗോൾഡി’നെ സമീപിക്കേണ്ട. ഇതു രണ്ടും ‘ഗോൾഡി’ൽ ഇല്ല. വേണമെങ്കിൽ ‘നേരം’ പ്രതീക്ഷിക്കാം, എങ്കിൽ ‘ഗോൾഡ്’ നിങ്ങളെ നിരാശരാക്കില്ല.