
ആൽപ്സ് പർവതനിരകളിലുണ്ടായ അപകടത്തിൽ പ്രമുഖ ഫ്രഞ്ച് നടൻ ഗാസ്പാര്‍ഡ് ഉല്യേലിന് (37) അന്ത്യം. സ്കീയിങ്ങിനിടെ മറ്റൊരാളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ചയുണ്ടായ അപകടത്തെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർവൽ സീരീസ് മൂൺ നൈറ്റിലെ പ്രധാന താരമായിരുന്നു ഗാസ്പാർഡ്. ഹാനിബല്‍ ഫ്രാഞ്ചൈസിയിലെ ‘ഹാനിബല്‍ റൈസിംഗ്’ എന്ന ചിത്രത്തിലൂടെയാണ് ഗാസ്പാര്‍ഡ് പ്രശസ്തി നേടുന്നത്. കനേഡിയൻ-ഫ്രഞ്ച് ചിത്രം ‘ഇറ്റ്സ് ഓൺലി ദി എൻഡ് ഓഫ് ദി വേൾഡ്'(2016) എന്ന ചിത്രത്തിലെ പ്രകടനം ഗാസ്പാർഡിനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധേയനാക്കി. ഗാസ്പാർഡിന്റെ മരണത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഗാസ്പാർഡ് സിനിമയ്ക്കൊപ്പവും സിനിമ ഗാസ്പാർഡിനൊപ്പവുമാണ് വളർന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് അനുസ്മരിച്ചു.

പരസ്പരം ഭ്രാന്തമായ സ്നേഹമായിരുന്നു സിനിമയും ഗാസ്പാർഡും തമ്മിൽ. അദ്ദേഹം ജീവൻ നൽകുന്ന കഥാപാത്രങ്ങൾ ഇനിയുണ്ടാകില്ലെന്നത് ഹൃദയഭേദകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസ്പാർഡിന് മികച്ച വേഷങ്ങൾ നൽകിയ സംവിധായകരായ പീറ്റർ വെബ്ബെർ( ഹാന്നിബൽ റൈസിംഗ്), സേവ്യർ ഡോളൻ( ഇറ്റ്സ് ഓൺലി ദി എൻഡ് ഓഫ് ദി വേൾഡ്) തുടങ്ങിയവർ അടക്കമുള്ളവരും നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 2001 ല്‍ പുറത്തിറങ്ങിയ ‘ബ്രദര്‍ ഓഫ് ദ വൂള്‍ഫ്’ എന്ന ചിത്രത്തിലൂടെയാണ് ഗാസ്പാര്‍ഡ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘എ വെരി ലോംഗ് എന്‍ഗേജ്മെന്റ്’, ഇറ്റ്സ് ഓണ്‍ ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സീസര്‍ പുരസ്കാരം ലഭിച്ചു. 2014 പുറത്തിറങ്ങിയ ‘സെയിന്റ് ലോറന്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലൂമിനാര്‍ പുരസ്കാരവും നേടി.
ഗാസ്പാർഡ് അഭിനയിച്ച ‘മോര് ദാന്‍ എവർ’ ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് നടന്റെ അപ്രതീക്ഷിത വിയോഗം.