വേറിട്ട കാഴ്ചകളും ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളുമായി പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തുകയാണ് ഷാഹി കബീർ (Shahi Kabir) സംവിധാനം ചെയ്ത ‘ഇലവീഴാപൂഞ്ചിറ’. ജോസഫ്, നായാട്ട് തുടങ്ങിയ ഉൾകാമ്പുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഷാഹി കബീർ ആദ്യമായി സംവിധായകനാവുകയാണ് ചിത്രത്തിലൂടെ.
കോട്ടയത്തിനും ഇടുക്കിയ്ക്കും അതിർത്തിയാവുന്ന, സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇല വീഴാ പൂഞ്ചിറ എന്ന പ്രദേശത്തെ ഒരു വയർലസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. ഒറ്റപ്പെട്ട ആ പ്രദേശത്ത് ജോലി ചെയ്യുന്ന മൂന്നു പൊലീസുകാരുടെ ജീവിതവും അനുബന്ധമായി നടക്കുന്ന ഒരു കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. സ്ലോ പേസിൽ മുന്നോട്ട് പോവുന്ന കഥ ഇന്റർവെല്ലോടു കൂടി ത്രില്ലർ മൂഡിലേക്ക് മാറുകയാണ്.
മധു (സൗബിൻ ഷാഹിർ), സുധി (സുധി കോപ്പ), വെങ്കായം (ജൂഡ് ആന്റണി), കാറ്റിനോടും ഇടിമിന്നലിനോടുമൊക്കെ പടവെട്ടി കൊണ്ടാണ് ഇലവീഴാപൂഞ്ചിറയിൽ ഈ പൊലീസുകാരുടെ ഓരോ ദിവസവും കടന്നുപോവുന്നത്. ആളൊഴിഞ്ഞ ആ കുന്നിൻമുകളിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരിടിമിന്നലിൽ കത്തിയെരിഞ്ഞുപോവാൻ മാത്രമേയുള്ളൂ തങ്ങളെന്ന തിരിച്ചറിവിന്റെയും ഭീതിയുടെയും നിഴലിൽ ആ വയർലസ് സ്റ്റേഷനിൽ അവർ ഊഴമനുസരിച്ച് ജോലി ചെയ്യുന്നു.
പല ഷെയ്ഡുകളുള്ള, വൈകാരികമായ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോവുന്ന, നിഗൂഢതകളുള്ള മധു എന്ന കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെയും പൂർണതയോടെയുമാണ് സൗബിൻ അവതരിപ്പിച്ചിരിക്കുന്നത്. സൗബിനിലെ നടനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട് ഷാഹി കബീർ. സുധി കോപ്പയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കുറച്ചുനേരം മാത്രമാണ് സ്ക്രീനിൽ വന്നുപോവുന്നതെങ്കിലും ജൂഡ് ആന്റണി അവതരിപ്പിച്ച വെങ്കായം എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിലിടം നേടും. ചെറുതും വലുതുമായി കഥയിലുടനീളം വന്നുപോവുന്ന ഓരോ കഥാപാത്രങ്ങളും ചിത്രത്തിന്റെ റിയലിസ്റ്റിക് സ്വഭാവം കാത്തുസൂക്ഷിക്കുന്നു.
പൊലീസുകാരുടെ ജീവിതത്തിന്റെ വളരെ സത്യസന്ധമായൊരു ആവിഷ്കരണം തന്നെ ചിത്രത്തിൽ കാണാം. ആ നേർകാഴ്ചകൾക്ക് ഒപ്പം തന്നെ, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കഥാമുഹൂർത്തങ്ങൾ തന്മയത്വത്തോടെ തിരക്കഥയിലേക്ക് ഉൾപ്പെടുത്താനും തിരക്കഥാകൃത്തുകളായ നിധീഷിനും ഷാജി മാറാടിനും സാധിച്ചിട്ടുണ്ട്.
ഇലവീഴാപൂഞ്ചിറ എന്ന ഒരില പോലും വീഴാത്ത പൂഞ്ചിറ. ആകാശചെരുവിലെന്ന പോലെ ഒറ്റപ്പെട്ടുനിൽക്കുന്ന വയർലസ്സ് സ്റ്റേഷൻ. അവിടുന്നു നോക്കിയാൽ കാണാവുന്ന വിദൂരകാഴ്ചകൾ. അഴകും വന്യതയും ഒരുപോലെ ഒത്തുചേരുന്ന ആ ലൊക്കേഷനെ ഏറ്റവും സമർത്ഥമായി തന്നെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് സംവിധായകനും സംഘവും.
സഞ്ചാരികളെ മോഹിപ്പിച്ചും ഭൂപ്രകൃതികൊണ്ട് അമ്പരപ്പിച്ചും വേറിട്ടുനിൽക്കുന്ന വിനോദസഞ്ചാരകേന്ദ്രം. വല്ലപ്പോഴും വിരുന്നുകാരെ പോലെ വന്നുപോവുന്ന സഞ്ചാരികൾ കാണുന്ന കാഴ്ചകൾക്ക് അപ്പുറം ആ സ്ഥലത്തിനും അതിന്റേതായ ജീവിതമുണ്ട്. ഇലവീഴാപൂഞ്ചിറയുടെ സൗന്ദര്യത്തെ, രൗദ്രഭാവങ്ങളെ, കാറ്റിലും മഴയിലും മഞ്ഞിലും രാത്രിയിലുമെല്ലാം മുഖം മാറികൊണ്ടേയിരിക്കുന്ന ഋതുഭേദങ്ങളെ അപ്പാടെ ഒപ്പിയെടുത്തിരിക്കുകയാണ് മനേഷ് മാധവന്റെ സിനിമോട്ടോഗ്രാഫി.
അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതവും കിരൺ ദാസിന്റെ എഡിറ്റിംഗും ചിത്രത്തോട് നീതി പുലർത്തുന്നു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന വിഷ്വലുകളിൽ ഒന്ന്, ഒറ്റപ്പെട്ടു കിടക്കുന്ന ആ വയർലസ് സ്റ്റേഷന്റേതാവും. ദിലീപ് നാഥാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.
വലിയ സ്ക്രീനിൽ കാണേണ്ട, തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ഒരു ചിത്രം കൂടിയാണ് ‘ഇല വീഴാ പൂഞ്ചിറ’. ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം, ചിത്രം നിങ്ങളെ നിരാശരാക്കില്ല.