Corona Papers Movie Review
മോഹൻലാലും എംജി കുമാറിന്റെ പാട്ടുകളും തമാശകളുമൊന്നുമില്ലാത്ത ഒരു പ്രിയദർശൻ ചിത്രം. പതിവു പ്രിയദർശൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ‘കൊറോണ പേപ്പേഴ്സ്’. അത്യാവശ്യം സസ്പെൻസും തരക്കേടില്ലാത്തൊരു സ്റ്റോറി ലൈനുമൊക്കെയുള്ള ‘കൊറോണ പേപ്പേഴ്സ്’ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ്.
കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എസ് ഐ ആയി ജോയിൻ ചെയ്യാനെത്തുകയാണ് രാഹുൽ (ഷെയ്ൻ നിഗം). രാഹുലിന്റെ ആദ്യത്തെ പോസ്റ്റിംഗ് ആണ്. ജോയിൻ ചെയ്ത് ഏതാനും ദിവസങ്ങൾക്കകം രാഹുലിന്റെ പിസ്റ്റൾ മോഷണം പോവുന്നു. അതോടെ രാഹുൽ സസ്പെൻഷനിലുമാവുന്നു. തോക്ക് വീണ്ടെടുത്ത് സർവ്വീസിൽ തിരിച്ചു കയറാനുള്ള രാഹുലിന്റെ ശ്രമങ്ങളും അതിനിടയിൽ ഉണ്ടാകുന്ന ചില സംഭവങ്ങളുമൊക്കെയായി സസ്പെൻസ് സമ്മാനിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ടു പോക്ക്. നാലുവർഷങ്ങൾക്കു മുൻപു നടന്ന ഒരു പൊലീസ് എൻകൗണ്ടറിന്റെ തുടർച്ചയായി ചില സംഭവങ്ങളും സമാന്തരമായി അരങ്ങേറുന്നുണ്ട്. മൊത്തം കലങ്ങി മറിഞ്ഞ ഒരു പ്ലോട്ടിൽ നിന്നുകൊണ്ടാണ് കഥ വികസിക്കുന്നത്. വലിയ ഗിമ്മിക്കുകളൊന്നും കാണിക്കാതെ പ്ലെയിനായിട്ടാണ് കഥ പറഞ്ഞുപോവുന്നത്.
തമിഴിൽ ഏറെ ശ്രദ്ധ നേടിയ ‘എട്ട് തോട്ടകള്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ‘കൊറോണ പേപ്പേഴ്സ്’. എന്നാൽ പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളിലെല്ലാം ഏറെ മാറ്റങ്ങൾ വരുത്തിയാണ് പ്രിയദർശൻ കൊറോണ പേപ്പേഴ്സ് ഒരുക്കിയിരിക്കുന്നത്. ശ്രീ ഗണേഷിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദർശൻ തന്നയാണ്. മലയാളം പതിപ്പിനായി വരുത്തിയ സുപ്രധാന മാറ്റങ്ങളെല്ലാം കഥയോട് നല്ല രീതിയിൽ ഇഴുകി പോവുന്നുണ്ട്. എന്നാൽ, സന്ധ്യ ഷെട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറിയിലും മറ്റും ചില അവ്യക്തതകൾ കാഴ്ചക്കാർക്ക് അനുഭവപ്പെടും. ആ കഥാപാത്രത്തിന്റെ മോട്ടീവ് കൃത്യമായി പ്രേക്ഷകരിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ തിരക്കഥയ്ക്കു സാധിക്കുന്നില്ല.
സിദ്ദിഖിന്റെ സിനിമയാണ് ‘കൊറോണ പേപ്പേഴ്സ്’ എന്നു പറയേണ്ടി വരും. മികച്ച പ്രകടനമാണ് സിദ്ധിഖ് ചിത്രത്തിൽ കാഴ്ച വയ്ക്കുന്നത്. തുടക്കക്കാരനായ ഒരു പൊലീസുകാരൻ കടന്നുപോവുന്ന സംഘർഷങ്ങളെ ഷെയ്ൻ നിഗവും തെറ്റില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോയുടെ പാപ്പനും സന്ധ്യ ഷെട്ടിയുടെ കോബ്ര ഗ്രേസിയുമൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. ഗായത്രി അശോകൻ, പിപി കുഞ്ഞികൃഷ്ണൻ, ഹന്ന റെജി, മണിയൻപിള്ള രാജു, ജീൻ പോൾ ലാൽ, വിജിലേഷ്, സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഒപ്പം, മരക്കാർ തുടങ്ങി സമീപകാലത്ത് പ്രിയദർശൻ മലയാളത്തിൽ ചെയ്ത ചിത്രങ്ങളേക്കാളും മികച്ച ശ്രമമാണ് ‘കൊറോണ പേപ്പേഴ്സ്’ എന്നു പറയേണ്ടി വരും. പറയാനുദ്ദേശിച്ച വിഷയത്തോട് പരമാവധി നീതി പുലർത്തുന്നുണ്ട് പ്രിയദർശൻ ഇവിടെ. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രഹണവും എം എസ് അയ്യപ്പൻ നായർ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഈ രണ്ടു ഡിപ്പാർട്ട്മെന്റുകളും മികവോടെ തന്നെ ജോലി നിർവ്വഹിച്ചിട്ടുണ്ട്. വലിയ ബോറടികളില്ലാതെ ഒരു തവണ കണ്ടിരിക്കാവുന്നതൊക്കെ കൊറോണ പേപ്പേഴ്സിലുണ്ട്.