
Christy Movie Review
പ്രായത്തിൽ മുതിർന്ന സ്ത്രീയുമായുള്ള പ്രണയം, ഒരു കാലത്ത് മലയാള സിനിമയിലും സാഹിത്യത്തിലും വളരെ ട്രെൻഡിംഗായിരുന്ന അതേ വിഷയവുമായാണ് നവാഗതനായ ആൽവിൻ ഹെൻറിയുടെ ‘ക്രിസ്റ്റി’ കാണികളിലേക്കെത്തിയത്. ഇത്തരം ബന്ധങ്ങളുടെ സ്വാഭാവികത കുറെയേറെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവെ മലയാളി കാമനകളിലധികവും ഇത്തരം ബന്ധങ്ങൾ രതിയുമായി പ്രാഥമിക ബന്ധം പുലർത്തുന്ന ഒന്നാണ്. രതി നിർവേദവും രതി ചേച്ചിയും സോഫ്റ്റ് പോൺ നിർമിതിയുമൊക്കെയാണ് അധികവും ഈ പ്രമേയവുമായി ബന്ധപ്പെട്ട് മലയാളി ചിന്തകളിൽ കടന്നു വരുന്നത്. അതിൽ നിന്നൊക്കെയുള്ള പൂർണമായ അപനിർമാണമാണ് ‘ക്രിസ്റ്റി’. പ്രായത്തിൽ മുതിർന്ന സ്ത്രീയോടുള്ള പ്രണയത്തിലൂടെ റോയ് എന്ന ചെറുപ്പക്കാരന്റെ കമിങ് ഓഫ് ഏജിനേ അടയാളപ്പെടുത്തുന്ന അല്ലെങ്കിൽ ആ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ‘ക്രിസ്റ്റി’. ടൈറ്റിൽ കഥാപാത്രത്തോട് റോയ് എന്ന പയ്യന് തോന്നിയ ഭ്രാന്തവും നിഷ്കളങ്കവുമായ പ്രണയത്തിലൂടെ അയാളുടെ ജീവിതത്തിലെ ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തിലേക്ക് സിനിമ സഞ്ചരിക്കുന്നു. ഈയൊരു മാറ്റത്തെ വളരെ സമയമെടുത്ത് മൃദുവായി കാണികളിലേക്ക് എത്തിക്കാൻ സിനിമ ശ്രമിക്കുന്നു.
സുന്ദരിയും വിവാഹ മോചിതയും ഒരുപാട് സ്വപ്നങ്ങളുള്ളവളുമായ അടുത്ത വീട്ടിലെ ട്യൂഷനെടുക്കുന്ന ചേച്ചി, പശ്ചാത്തലത്തിൽ മഴ എന്നിങ്ങനെ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട സിനിമകളിലെ സ്ഥിരം കാഴ്ചകളിലൂടെയാണ് ‘ക്രിസ്റ്റി’യിലെ പ്രണയം വികസിക്കുന്നത്. പ്രണയത്തിനു പശ്ചാത്തലമായി വരുന്ന മഴയിൽ തുടങ്ങി ക്‌ളീഷേയായി തോന്നാവുന്ന നിരവധി കാഴ്ചകളുണ്ട് ചിത്രത്തിൽ. പ്രണയത്തിൽ ‘ യൂണിവേഴ്സൽ ‘ എന്ന് പറയാവുന്ന കുറെ കാഴ്ചകളുണ്ട്. ആ കാഴ്ചകളുടെ ആവർത്തനം തന്നെയാണ് ‘ക്രിസ്റ്റി’. യൂണിവേഴ്സലായ പലയാവർത്തി കാണുന്ന ഇത്തരം കാഴ്ചകൾ എത്ര കണ്ട് മനോഹരമായിരിക്കുമെന്നത് ഓരോരുത്തരെ സംബന്ധിച്ചും തികച്ചും വ്യക്തിപരമായ അനുഭവമായിരിക്കുമെന്ന് തോന്നുന്നു.റോയ് പ്ലസ് ടു കാലം മുതൽ സൂക്ഷിക്കുന്ന പ്രണയത്തിൽ സ്വയം സമർപ്പിതനാണ്. ക്രിസ്റ്റി നിശബ്ദമായ ദുരൂഹതകളും അവ്യക്തതകളുമുള്ളവളാണ്. ഇതും പൊതുവെ പെൺ സ്വഭാവമെന്ന് കഥകളും സിനിമകളും പല കാലങ്ങളായി ഊട്ടിയുറപ്പിച്ച ഒന്നാണ്. ഇങ്ങനെ ചിലർക്ക് ക്‌ളീഷെകളായും മറ്റു ചിലർക്കു മനോഹരമായും അനുഭവപ്പെടാവുന്ന കാഴ്ചകളിലൂടെ സിനിമ വളർന്ന് പരിണാമഗുപ്തിയിലെത്തുന്നു.
നിങ്ങൾ പ്രണയത്തിനു വേണ്ടി എത്ര ദൂരം പോകുമെന്ന ചോദ്യം ഒരുപക്ഷെ പ്രണയമുണ്ടായ കാലം മുതൽ ചോദിക്കപ്പെട്ട ഒന്നാണ്. ക്രിസ്റ്റി വികസിക്കുന്നത് ഇതേ ചോദ്യത്തിൽ നിന്നാണ്. പ്രണയത്തിലാകുമ്പോൾ കൈവരുന്ന യുക്തിരഹിതമായ ധൈര്യമനുഭവിച്ചവർക്ക് ചിലയിടങ്ങളിൽ ക്രിസ്റ്റി ഉള്ളു തൊടുന്ന അനുഭവമാകാം. പക്ഷെ അതിലേക്ക് വളരെ പ്ലെയിനായാണ് സിനിമയെത്തുന്നത്. സഹതാപത്തിനപ്പുറം അനുതാപം കാണികൾക്കുണ്ടാക്കാൻ പലപ്പോഴും സിനിമക്ക് കഴിയാതെ വരുന്നു. പ്രണയത്തെ അനുഭവിപ്പിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ജോലിയിൽ സിനിമ ചിലയിടങ്ങളിലെങ്കിലും പരാജയപ്പെട്ടു പോവുന്നുണ്ട്.
‘ക്രിസ്റ്റി’ എന്ന സിനിമയുടെ ഒരാകർഷണം ബെന്യാമിൻ, ഇന്ദുഗോപൻ എന്നിവർ ചേർന്ന് സംവിധായകന്റെ കഥക്കെഴുതിയ തിരക്കഥയാണ്. തീർത്തും വ്യത്യസ്തമായ ശൈലിയിൽ എഴുതുന്ന അതിപ്രശസ്തരായ രണ്ടെഴുത്തുകാർ വളരെയധികം സാധ്യതകളുള്ള അതി വൈകാരികതയുള്ള പ്രമേയത്തെ എങ്ങനെ സമീപിക്കുന്നുവെന്നത് ഒരു വിഭാഗം കാണികളുടെയെങ്കിലും കൗതുകമായിരുന്നു. പ്രണയം രണ്ട് പേർക്കിടയിലുള്ള കടലാവുന്നതും കടലിനെ ഇവരുടെ പ്രണയത്തിലെ പല കാലങ്ങളിൽ, പല രീതിയിൽ അടയാളപ്പെടുത്തുന്നതുമൊക്കെ സാഹിത്യ ഭംഗിയോടെ അവതരിപ്പിക്കുന്നതിൽ ഇവരുടെ തിരക്കഥക്ക് വലിയ പങ്കുണ്ട്.
സിനിമയിലെ പല രംഗങ്ങളും ചെറുകഥയോട് സാമ്യം പുലർത്തിയാണ് സ്ക്രീനിലെത്തുന്നത്. ഇപ്പോഴുള്ള സിനിമകളിൽ കണ്ട് വരാത്തത്രയും നിശബ്ദത ചില രംഗങ്ങളിൽ കാണാം. പൂവാറിന്റെയും മാലിദ്വീപിന്റെയും കഥക്കാവശ്യമായ ലാൻഡ്സ്ക്കേപിങ്ങിലും തിരക്കഥക്ക് വലിയ പങ്കുണ്ട്. രണ്ടാമത്തെ കൗതുകം ഇതൊരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള സിനിമയാണെന്നതാണ്. എത്രത്തോളം ആ സംഭവം സിനിമയിലുണ്ട് എന്നറിയില്ലെങ്കിലും അപൂർവതയുടെ കൗതുകം ആ വെളിപ്പെടുത്തൽ ബാക്കി വെക്കുന്നുണ്ട്.
ഇതോടൊപ്പം ചേർത്ത് പറയേണ്ട കാര്യമാണ് സിനിമയുടെ സവിശേഷമായ കാലഘട്ടം. 2007ലാണ് സിനിമ തുടങ്ങുന്നത്. ആ കാലഘട്ടത്തിലെ മൊബൈൽ ഫോൺ, സി ഡി, സിനിമാറ്റിക് ഡാൻസ് തുടങ്ങി അതാത് കാലഘട്ടങ്ങളിലെ സിനിമാ പോസ്റ്ററുകൾ വരെ സൂക്ഷ്മതയോടെ സിനിമയിൽ കാണിച്ചിട്ടുണ്ട്. പൊതുവെ സമകാലിക മലയാള സിനിമകളിൽ ഈ സൂക്ഷ്മത അധികം കാണാറില്ല. സിനിമയുടെ മൂഡ് ഇതോടൊപ്പം തന്നെ കാണികളിൽ എത്തിക്കുന്നത് ആനന്ദ് സി ചന്ദ്രന്റെ ക്യാമറയാണ്. ഭൂമികയെ കൃത്യമായി കാണികളിലേക്കെത്തിക്കാൻ ക്യാമറക്ക് സാധിച്ചു. മാത്യുവിന്റെ മുഖത്തുള്ള ബോയ്ഹുഡിന്റെ നിഷ്കളങ്കത റോയ് എന്ന കഥാപാത്രത്തിനെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. മാളവിക മോഹൻ ശരീര ഭാഷ കൊണ്ടും രൂപം കൊണ്ടും ഭാവം കൊണ്ടും ക്രിസ്റ്റിയായി മാറിയിരിക്കുന്നു. പക്ഷെ മാളവികയുടെ വളരെ പോളിഷ്ഡ് ആയ സംസാര ശൈലി ഈ കഥാപാത്രത്തിൽ നിന്ന് മാറി നടന്നു. ജോയ് മാത്യു, നീന കുറുപ്പ്, വീണ, മഞ്ജു സുനിച്ചൻ, മുത്തുമണി, രാജേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി സ്ക്രീനിലെത്തുന്നത്. ഇവരൊക്കെ സ്വന്തം കഥാപാത്രങ്ങളെ നന്നായി തന്നെ കാണികളിലെത്തിച്ചു.
വളരെയധികം സ്റ്റാറ്റിക് ആയ സിനിമയാണ് ക്രിസ്റ്റി. പ്രണയത്തിൽ, പ്രത്യേകിച്ചും ഏകപക്ഷീയമായ പ്രണയത്തിൽ പെട്ടവർ ആശങ്കയിലും ആകാംക്ഷകളിലുമായിരിക്കും ജീവിക്കുകയെന്ന് പറയാറുണ്ട്. ആ അവസ്ഥയെ ദൃശ്യഭാഷയിലേക്കെത്തിക്കാൻ സിനിമ കഷ്ടപ്പെടും പോലെ തോന്നി. നിഷിദ്ധമെന്നൊക്കെ പറയാവുന്ന പ്രണയത്തെ പറ്റി പറയുമ്പോഴും ഇതേ പ്രശ്നമുണ്ട്. പ്രണയത്തിലായ ഒരാളുടെ ചിന്തകളെ ഒരു പോപ്പുലർ സിനിമയാക്കൽ ഒട്ടും എളുപ്പമല്ല എന്ന് ക്രിസ്റ്റി തെളിയിച്ചു.
രണ്ടാം പകുതിയിലെ ക്ലൈമാക്സിനോടടുത്ത രംഗങ്ങൾ ലാഗ് എന്ന് ഒരു വിഭാഗം കാണികൾ വിളിക്കുന്ന ഒരവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നത്. പലപ്പോഴും ആ ഇടങ്ങളിൽ സിനിമക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നു തോന്നി. അവ്യക്തമായി തുടങ്ങിയവസാനിച്ച ഒരനുഭവമാണ് ക്രിസ്റ്റി പലയിടത്തും സമ്മാനിക്കുന്നത്. ഓൾഡ് സ്കൂൾ എന്നൊരു വാക്കുണ്ട്. പഴഞ്ചൻ എന്നതിനപ്പുറം സിനിമയിലേക്ക് വരുമ്പോൾ ഇപ്പോഴുള്ള പൊതു നിർമിതികളിൽ നിന്ന് മാറി നടക്കുന്നത് എന്ന അർത്ഥത്തിൽ അതിനെ പ്രയോഗിക്കാറുണ്ട്. ക്രിസ്റ്റിയുടെ പ്രമേയം, നിർമിതി, താളം, വേഗം ഒക്കെ അങ്ങനെയൊരു ഓൾഡ് സ്കൂ ളിൽ പെട്ടതാണ്. ഇന്നത്തെ സിനിമാ കാഴ്ചകളിൽ നിന്ന് എല്ലാ രീതിയിലും മാറി നടക്കുന്ന ആ അനുഭവത്തെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമുള്ള സിനിമയാണ് ‘ക്രിസ്റ്റി’.