Christopher Movie Review

മാസിൽ നിന്ന് മാറി നടക്കാനും അതേ സമയം മാസ്സ് സിനിമാ ആരാധകരെ കയ്യടിപ്പിക്കാനും ശ്രമിച്ചു രണ്ടും പലയിടത്തും ഫലിക്കാതെ പോകുന്ന കാഴ്ചയാണ് ‘ക്രിസ്റ്റഫറി’ൽ ഉടനീളം കാണാനാവുക
ഉദയകൃഷ്ണ സ്‌പൈ യൂണിവേഴ്സിൽ നിന്ന് മാറി നടക്കുന്ന സിനിമ, കുറച്ച് കാലങ്ങൾക്ക് ശേഷം സ്‌ക്രീനിൽ വരുന്ന സ്റ്റൈലിഷ് ‘cop’ മമ്മൂട്ടി, മലയാളത്തിലെ പൊലീസ് സിനിമകളുടെ സ്ഥിരം സ്വഭാവവും രീതികളും, നീതിയും നിയമവും തമ്മിലുള്ള മലയാള സിനിമയിൽ കണ്ട് വരുന്ന സ്ഥിരം സംവാദങ്ങൾ… ബി ഉണ്ണികൃഷ്ണന്റെയും ഉദയകൃഷ്ണയുടെയും സിനിമകളെ ചുറ്റിപ്പറ്റി ഉണ്ടാവുന്ന പതിവ് വിമർശനങ്ങളെ മറികടക്കാനുള്ള ബോധപൂർവമായ ശ്രമം
‘ക്രിസ്റ്റഫർ’ എന്ന അതിജാഗ്രതയുള്ള പോലിസുദ്യോഗസ്ഥന്റെ ജീവചരിത്രം എന്നാണ് സിനിമയുടെ ടാഗ് ലൈൻ. അത് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ ജീവചരിത്രമന്വേഷിക്കുന്നതിലാണ് കഥ തുടങ്ങുന്നത്. ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രത്തിനേക്കാൾ അയാളുടെ പ്രത്യേക രീതിയിലുള്ള എൻകൗണ്ടറുകളെ കുറിച്ചും അയാൾ അതിലേക്കെത്തിയ സാഹചര്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ് സിനിമയുടെ ആദ്യ ഘട്ടത്തെ മുന്നോട്ട് നയിക്കുന്നത്. രണ്ടാം പകുതിയിൽ പതിവ് പൊലീസ് സിനിമകളുടെ രീതിയിലേക്ക് സിനിമ മടങ്ങി പോകുന്നു. ഇതിനിടയിൽ ക്‌ളീഷേകളുടെ വലിയൊരു നിര കടന്നു പോകുന്നു.
‘റേപ്പ്’ ആണ് സിനിമയുടെ പ്രധാന പ്രമേയം. നീതിയും നിയമവും തമ്മിലുള്ള യുദ്ധത്തെ പറ്റി പറയാൻ ഏറ്റവും സാധ്യതയുള്ള വിഷയം കൂടിയാണ് ഇത്. വൈകി കിട്ടിയ നീതി, നീതി നിഷേധം തുടങ്ങിയ വിഷയങ്ങൾ ഏറ്റവുമധികം ഉപയോഗിക്കാൻ ഈ വിഷയത്തിനാവും. ഇന്ത്യയിൽ വളരെയധികം കുപ്രസിദ്ധി നേടിയ ബലാത്സംഗ കേസുകളുടെ റഫറൻസ് ഉപയോഗിച്ചാണ് സിനിമയിൽ അത്തരം രംഗങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. ബലാൽസംഗികൾക്ക് ഇപ്പോഴത്തെ നീതി വ്യവസ്ഥ അർഹിക്കുന്ന ശിക്ഷ നൽകുന്നില്ല എന്ന പൊതുബോധത്തെ പരമാവധി ഉപയോഗിക്കാനുള്ള സാധ്യത ഇത് സിനിമക്ക് തരുന്നു.
നീതിമാനായ, പഴയകാല മുറിവുകൾ വേട്ടയാടുന്ന ഒറ്റയാനും ഏകാകിയുമായ പൊലീസ് ഉദ്യോഗസ്ഥൻ ഇതിനെതിരെ ആയുധമെടുത്ത് പോരാടുക എന്ന ത്രെഡിന് ഒരു ആക്ഷൻ ഡ്രാമയിൽ സാധ്യതകൾ ഏറെയാണ്. അതിനെ ഉപയോഗിക്കാനാണ് തിരക്കഥകൃത്തും സംവിധായകനും സിനിമയിൽ ഉടനീളം ശ്രമിച്ചത്. മുൻ സിനിമകളിലെ സ്ത്രീ വിരുദ്ധതതക്കും ഇരട്ടതാപ്പുകൾക്കും രാഷ്ട്രീയ ശരികളിൽ വിശ്വസിക്കുന്നവരിൽ നിന്ന് അതിതീവ്ര വിമർശനം നേരിട്ടവരാണ് ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും. റേപ്പ്, സ്ത്രീസുരക്ഷാ നിയമം ഒക്കെ പറയുമ്പോൾ ഈ തലങ്ങളിൽ നിന്ന് മാറി സഞ്ചരിക്കാനവും എന്ന പ്രതീക്ഷ ഇവർക്കുള്ളത് പോലെ പലയിടത്തും തോന്നി.
ഒരർത്ഥത്തിൽ ആ ബോധപൂർവമുള്ള ശ്രമം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പാളിച്ചയും. മലയാള സിനിമയുടെ മാസിൽ നിന്ന് മാറി നടക്കാനും അതേ സമയം മാസ്സ് സിനിമാ ആരാധകരെ കയ്യടിപ്പിക്കാനും ശ്രമിച്ചു രണ്ടും പലയിടത്തും ഫലിക്കാതെ പോകുന്ന കാഴ്ചയാണ് ‘ക്രിസ്റ്റഫറി’ൽ ഉടനീളം കാണാനാവുക. സിനിമയുടെ താളവും തുടർച്ചയും കൈമോശം വരുന്നതും ഈയിടങ്ങളിലാണ്. ‘ഐ ഡൂ റെസ്‌പെക്ട് വിമൺ’ എന്ന് ‘കസബ’യിലെ കഠിന സ്ത്രീവിരുദ്ധതക്ക് ശേഷം റിലീസ് ചെയ്ത മമ്മൂട്ടി പടം ‘മാസ്റ്റർപീസി’ൽ സ്ഥിരം പറയുന്നുണ്ടായിരുന്നു. ഈ പറച്ചിൽ ബി ഉണ്ണികൃഷ്ണനും ഉദയ കൃഷ്ണയും ചേർന്ന് രണ്ട് മണിക്കൂറിലധികം നീണ്ട സിനിമയാക്കിയ അനുഭവമാണ് ‘ക്രിസ്റ്റഫർ’ തന്നത്. സാങ്കേതികമായോ ഭാവുകത്വപരമായോ കാണികളെ സ്പർശിക്കാതിരിക്കുന്നതിനൊപ്പം തന്നെ ഒരു സൂപ്പർ താര ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു അഡ്രിനാലിൻ റഷ് ഒരു ഘട്ടത്തിൽ പോലും ഉയർത്താതിരിക്കുകയും ചെയ്യുന്ന അനുഭവമാണ് ‘ക്രിസ്റ്റഫർ.’
താരത്തിൽ നിന്ന് നടനായി മാറിയ മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനായി ആക്ഷൻ ഡ്രാമയിൽ മടങ്ങിയെത്തുന്നതായിരുന്നു ‘ക്രിസ്റ്റഫറി’ന്റെ ഒരു ആകർഷണം. ഫാൻസിനു വേണ്ടിയുള്ള ‘ഹൈപ്പ്’ സിനിമയിലേക്കുള്ള മടങ്ങി വരവ് എന്ന നിലയിൽ ‘ക്രിസ്റ്റഫർ’ ആഘോഷിക്കപ്പെട്ടിരുന്നു. പക്ഷേ തന്നിലെ നടനോ താരത്തിനോ വെല്ലുവിളിയുയർത്തുന്ന ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്ന മമ്മൂട്ടിയെയാണ് സിനിമയിൽ കാണാനാവുക. ഇടക്ക് വരുന്ന ഒന്നോ രണ്ടോ ഡയലോഗുകൾ മാറ്റി വച്ചാൽ നല്ല ബ്രാൻഡഡ് ഷർട്ടുകളിട്ട് സ്ലോ മോഷനിൽ നടക്കുക, നിർവ്വികാരനായി നിൽക്കുക എന്നതൊക്കെയാണ് സിനിമയിൽ അദ്ദേഹത്തിന് കാര്യമായി ചെയ്യാനുള്ളത്.
വേദനകൾ മനസിലാക്കാതെ നായകനെ വിട്ട് പോകുന്ന ഭാര്യ എന്ന പതിവ് ടെംപ്ളേറ്റിൽ വന്ന സ്നേഹയുടെ ബീനക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. അമല പോൾ, ഐശ്വര്യ ലക്ഷ്മി, സിദ്ധിഖ്, ദിലീഷ് പോത്തൻ, ജിനോ, വിനയ് റായ് എന്നിവരൊക്കെ പതിവ് മലയാളം പോലീസ് ആക്ഷൻ സിനിമകളിലെ സ്ഥിരം കാണുന്ന കഥാപാത്രങ്ങളുടെ തുടർച്ചയിൽ വന്നു പോയി. പുതുമയൊന്നും പറയാനില്ലെങ്കിലും സ്വന്തം ഇടങ്ങളിൽ കഥാപാത്രങ്ങളെ ഭദ്രമായി സ്‌ക്രീനിൽ എത്തിക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ ‘കുമാരി’ക്ക് ശേഷം മോശമായി അവതരിപ്പിച്ച മറ്റൊരു കഥാപാത്രമായി സ്‌ക്രീനിൽ വന്നു പോയി.
സിനിമക്ക് ‘ക്രിസ്റ്റഫർ’ എന്ന പേര് മാറ്റി റേപ്പ് എന്ന് പേരിടാമായിരുന്നു എന്നൊരഭിപ്രായം സിനിമ കണ്ട ഒരാൾ പറയുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ആ വാചകത്തിലുണ്ട് സിനിമ എന്താണ് എന്നത്. ഒരുപാട് റേപ്പ് രംഗങ്ങൾ സിനിമയിൽ കടന്നു വരുന്നുണ്ട്. പലപ്പോഴും റേപ്പിന് ഇടയിൽ എപ്പോഴോക്കെയോ മറ്റു കഥാപാത്രങ്ങൾ വന്ന് പോകുന്നു എന്ന് പറയാൻ തോന്നും. ഇത്രയധികം വയലൻസ് ഉള്ള, ഒരുപക്ഷേ വേട്ടക്കാരനെ ആനന്ദിപ്പിക്കും പോലുള്ള റേപ്പ് സീനുകൾ, ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാഴ്ചയായിരുന്നു. സിനിമയിൽ സന്ദർഭങ്ങളിലും അസന്ദർഭങ്ങളിലും കടന്നു വരുന്ന കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഈ രംഗങ്ങളെ കൂടുതൽ ആരോചകമാക്കി. സിനിമയിൽ ‘മാസ്സ് ഇംപാക്റ്റ്’ ഉണ്ടാക്കാൻ ഉപയോഗിച്ച പശ്ചാത്തല സംഗീതം ദുഃഖം നിറഞ്ഞ രംഗങ്ങളിൽ പോലും കടന്നു വന്നു ചെവി തുളച്ചു കടന്നു പോയി. സിനിമയുടെ ക്യാമറയിലും വസ്ത്രധാരണത്തിലും എഡിറ്റിങ്ങിലും വരെ ക്‌ളീഷെകൾ, പോലീസ് സിനിമകളെ സംബന്ധിച്ച ബോധ്യങ്ങൾ ഒക്കെ അനാവശ്യമായി കടന്നു വന്നു.
ചുരുക്കി പറഞ്ഞാൽ ‘ക്രിസ്റ്റഫർ’ ബി ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ ടീമിന്റെ എല്ലാ സ്വഭാവങ്ങളും കടന്നു വരുന്ന മമ്മൂട്ടിയുടെ പുതിയ കാല പൊലീസ് സിനിമകളുടെ അതേ പാത പിന്തുടരുന്ന സിനിമയാണ്. അതറിഞ്ഞു കൊണ്ട് ആ സിനിമ കാണാൻ എത്തുന്നവർക്ക് പോലും ഒരു ചെറിയ അഡ്രിനാലിൻ റഷ് നൽകി തൃപ്തിപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നുമില്ല. സിനിമ മാസ്സ് പോലുമല്ല എന്ന് ചുരുക്കം.