പേരുപോലെ തന്നെ ഒരു വഴിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. റെയിൽവേ ട്രാക്കിനോടു ചേർന്നുകിടക്കുന്ന ഈ വഴിയാണ് സിനിമയിലെ കഥാപാത്രങ്ങളേയും അവരുടെ ജീവിത പരിസരങ്ങളേയും കൂട്ടിയിണക്കുന്നത്. ഒരു പ്രത്യേക സന്ദർഭത്തിൽ ഈ വഴി ഒരു തർക്കവിഷയമാവുകയാണ്. ഈ തർക്കത്തിന്റെ പരിസമാപ്തിയാണ് ചിത്രത്തിന്റെ ആകെ കഥ. ഒരു കുഞ്ഞുകഥയെ അധികം വലിച്ചുനീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്ലസ് പോയിന്റ്. കൂടാതെ ആദ്യം മുതൽ അവസാനം വരെ രസച്ചരട് മുറിയാതെ ലൈവായി നിർത്തുന്നുമുണ്ട്.
ത്രില്ലടിപ്പിക്കേണ്ടിടത്ത് ത്രില്ലടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് കൃത്യമായി ചിരിപ്പിക്കുന്നുമുണ്ട് ഭീമന്റെ വഴി. അപ്രതീക്ഷിതമായി കിട്ടുന്ന ചിരികളും ധാരാളം. തന്റെ കഴിഞ്ഞ ചിത്രമായ തമാശ പോലെ കേരളത്തിലെ ഒരുപാട് പേർ അഭിമുഖീകരിക്കുന്ന വിഷയമാണ് സംവിധായകൻ അഷ്റഫ് ഹംസ കൈകാര്യം ചെയ്തിരിക്കുന്നത്. തുടങ്ങുന്നത് മുതൽ തന്നെ ആ പ്രദേശത്തുകാരുടെ ആവശ്യം എന്താണെന്ന് കൃത്യമായി സംവിധായകൻ കാണിച്ചുതരുന്നുണ്ട്. അതുകൊണ്ട് തന്നെ അധികം മുഖവുരകളില്ലാതെ നേരിട്ട് കഥയിലേക്ക് കടക്കുന്നുമുണ്ട് ചിത്രം. അത്യാവശ്യം ചോരക്കളിയൊക്കെയുള്ള അങ്കമാലി ഡയറീസിൽ നിന്ന് തികച്ചും വിഭിന്നമായൊരു അന്തരീക്ഷത്തിലേക്കാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് കൂട്ടിക്കൊണ്ടുപോവുന്നത്.
താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ കുഞ്ചാക്കോ ബോബനിൽ നിന്ന് തന്നെ തുടങ്ങാം. ഒരാവശ്യത്തിന് മുന്നിട്ടിറങ്ങി, അതിന്റെ ലക്ഷ്യം കാണണമെന്നുള്ള ചിന്തയുമായി നടക്കുന്ന ഭീമനായി താരം മികച്ചുനിന്നു. ഇടയ്ക്ക് ലക്ഷ്യത്തിലെത്താൻ അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒന്ന് ട്രാക്ക് മാറ്റിപ്പിടിപ്പിക്കുന്നുമുണ്ട് ഭീമൻ. അത്ര മാന്യനുമല്ല ഭീമൻ. പ്രതിനായകവേഷത്തിലെത്തുന്ന ജിനോ ജോണിനെപ്പറ്റി പറയാതെ ഈ സിനിമയേക്കുറിച്ചുള്ള റിവ്യൂ പൂർണമായില്ല. മലയാളസിനിമയിലെ വ്യത്യസ്തരായ വില്ലന്മാരുടെ എണ്ണമെടുത്താൽ അതിൽ ഇനി ജിനോയുമുണ്ടാവും. ഒറ്റ ലുങ്കി മാത്രമുടുത്ത് നടത്തുന്ന വില്ലത്തരം കാണേണ്ടതുതന്നെയാണ്. ബിനു പപ്പുവിന്റെ മുഴുക്കുടിയൻ കഥാപാത്രവും കയ്യടിയർഹിക്കുന്നു. ഇടയ്ക്ക് ടാർസ്യൂസായി വന്ന സുരാജ് വെഞ്ഞാറമൂട് അപ്രതീക്ഷിതമായി ചിരിവിരുന്നൊരുക്കുന്നുണ്ട്. ചെമ്പൻ വിനോദ്, വിൻസി, ചിന്നു, ശബരീഷ് വർമ, നസീർ സംക്രാന്തി, ഭഗ്ത മാനുവൽ എന്നിവർക്കെല്ലാം വ്യക്തമായ ഇടമുണ്ട് ഭീമന്റെ വഴിയിൽ. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും വിഷ്ണു വിജയിന്റെ സംഗീതവും പ്രത്യേക പരാമർശമർഹിക്കുന്നു. കൃത്രിമത്വങ്ങളില്ലാത്ത കാഴ്ചകളാണ് ഭീമന്റെ വഴിയിലുള്ളത്. പല സ്വഭാവമുള്ള ജീവിതങ്ങളെ അവിടെ കാണാം. വ്യത്യസ്തരായ മനുഷ്യരെ ഒന്നിച്ചുകൂട്ടാൻ ഭീമൻ കണ്ടെത്തിയ വഴിയാണ് ഭീമന്റെ വഴി. ധൈര്യമായി കാണാം ഈ ചിരിയുടെ വഴി.