ശാസ്ത്രം എത്ര മുന്നോട്ടുപോയാലും സാങ്കേതികവിദ്യകളെത്ര വളർന്നാലും ചിലകാര്യങ്ങളിൽ ഉത്തരം കിട്ടാൻ സമയമെടുക്കും. അത്തരത്തിൽ ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങളിലൊന്നാണ് ബർമുഡ ട്രയാംഗിൾ. അതേക്കുറിച്ചാണ് ഇന്നത്തെ വിദ്യയിൽ
കപ്പലുകളെയും വിമാനങ്ങളെയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ വിഴുങ്ങുന്നയിടം, പ്രേതക്കപ്പലുകൾ നിശ്ശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കുന്നയിടം, റേഡിയോകൾ നിശ്ചലമാകുന്ന, വടക്കുനോക്കിയന്ത്രങ്ങൾ ഭ്രാന്തമായി വട്ടംകറങ്ങുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കാതെയാകുന്ന ദുരൂഹമായയിടം.
19-ാം നൂറ്റാണ്ടുമുതൽ ഇതുവരെ 75 വിമാനങ്ങളും നൂറിലേറെ കപ്പലുകളും ആയിരത്തിലേറെ മനുഷ്യന്മാരും ബർമുഡ ട്രയാംഗിളിനടുത്തുവെച്ച് അപ്രത്യക്ഷമായെന്നാണ് കണക്ക്. വർഷങ്ങൾ തിരച്ചിൽ നടത്തിയിട്ടും ഇത്തരത്തിൽ കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ കണ്ടെടുക്കാനായിട്ടില്ല.
അതുകൊണ്ടുകൂടിയാണ് ബർമുഡ ട്രയാംഗിൾ ഇപ്പോഴും നിഗൂഢതയുടെ പട്ടികയിൽ തുടരുന്നത്. 1964-ൽ അമേരിക്കൻ എഴുത്തുകാരൻ വിൻസെന്റ് ഗാഡിസാണ് ഈപ്രദേശത്തിന് ‘ബർമുഡ ട്രയാംഗിൾ’ എന്ന പേരുനൽകിയത്. 15-ാം നൂറ്റാണ്ടിൽ, ഇറ്റാലിയൻ നാവികനും അമേരിക്ക കണ്ടുപിടിച്ചയാളുമായ ക്രിസ്റ്റഫർ കൊളംബസാണ് ബർമുഡ ട്രയാംഗിളിന്റെ ദുരൂഹതയെക്കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തുകൂടി യാത്രചെയ്യുമ്പോൾ വലിയ തീഗോളങ്ങൾ കടലിൽ വീഴുന്നതായും തന്റെ വടക്കുനോക്കിയന്ത്രം അതിവേഗത്തിൽ വട്ടം കറങ്ങിയതായും കൊളംബസ് യാത്രാവിവരണത്തിൽ പറയുന്നു. 1918 മാർച്ചിൽ കരീബിയൻ ദ്വീപുകളിൽനിന്ന് ബാൾട്ടിമോറിലേക്ക് പോകുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ ‘യു.എസ്.എസ്. സൈക്ലോപ്സ്’ കപ്പൽ ബർമുഡ ട്രയാംഗിളിൽവെച്ച് ദുരൂഹമായി കാണാതാകുന്നതോടെയാണ് വീണ്ടും ഈ പ്രദേശം വാർത്തകളിൽ നിറഞ്ഞത്. 309 പേരുണ്ടായിരുന്ന കപ്പലിനെക്കുറിച്ച് ഒരുവിവരംപോലും പിന്നീട് ലഭിച്ചില്ല. അപകടസൂചനകളൊന്നും കപ്പൽ പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.
1941-ൽ യു.എസിന്റെതന്നെ ‘യു.എസ്.എസ്. പ്രോട്ടിയസ്’ എന്ന കപ്പലും ഒരുമാസത്തിനുശേഷം ‘യു.എസ്.എസ്. നീറോസ്’ എന്ന കപ്പലും ഇതേ പ്രദേശത്ത് അപ്രത്യക്ഷമായി. 1945-ൽ ‘യു.എസിന്റെ ഫ്ളൈറ്റ്-19’ എന്ന അഞ്ച് ടി.ബി.എം. അവെഞ്ചർ ടോർപിഡോ ബോംബർ വിമാനങ്ങൾ ബർമുഡ ട്രയാംഗിളിനുമുകളിൽവെച്ച് റഡാറിൽനിന്ന് മറഞ്ഞു. ഇവയെ അന്വേഷിച്ചുപോയ മറ്റൊരു വിമാനവും ഇതേ മേഖലയിൽവെച്ച് കാണാതായി. ”എല്ലാം ദുരൂഹമായി തോന്നുന്നു. വെള്ളനിറത്തിലുള്ള സമുദ്രത്തിലേക്ക് പോകുകയാണ് ഞങ്ങൾ, ഒന്നും ശരിയായി തോന്നുന്നില്ല. എവിടെയാണ് ഞങ്ങളെന്നറിയില്ല. വെള്ളയല്ല പച്ചനിറത്തിലാണ് വെള്ളം” -കാണാതായ വിമാനങ്ങളിലൊന്നിലെ പൈലറ്റ് നൽകിയ അവസാന സന്ദേശമിങ്ങനെയായിരുന്നു. അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതോടെ അപകടകാരണം വ്യക്തമല്ലെന്ന റിപ്പോർട്ടിൽ യു. എസ്. അന്വേഷണം അവസാനിപ്പിച്ചു. ”വിമാനങ്ങൾ നേരെ ചൊവ്വയിലേക്ക് കടന്നപോലെ” എന്നായിരുന്നു റിപ്പോർട്ടിലെ ഒരുപരാമർശം.
1948-ൽ യു.എസിന്റെ ഡി.സി.-3 യാത്രാവിമാനവും ബ്രിട്ടീഷ് അവ്റോ ടുഡോർ വിമാനവും ഇവിടെനിന്ന് കാണാതായി. 1949-ൽ ബർമുഡയിൽനിന്ന് ജമൈക്കയിലേക്ക് പുറപ്പെട്ട ജി-എഗ്രി വിമാനം, 1963-ൽ എസ്.എസ്. മറൈൻ സൾഫർ ക്ലീൻ, 1967-ൽ സിൽവിയ എൽ. ഒസ്സ എന്ന ചരക്കുകപ്പൽ, 1984-ൽ ബഹാമസിൽനിന്ന് പുറപ്പെട്ട യാത്രാവിമാനം സെസ്ന തുടങ്ങിയവ ബർമുഡ ട്രയാംഗിൾ വിഴുങ്ങിയതിൽ ചിലതുമാത്രം. 2020 ഡിസംബറിൽ ബഹാമസിൽനിന്ന് ഫ്ളോറിഡയിലേക്കുപോയ യാത്രാബോട്ട് കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.