Ayalvaashi Movie Review
അപ്രതീക്ഷിത പ്രശ്നങ്ങളിൽ അകപ്പെടുന്നു, അവിടെ നിന്ന് രക്ഷപ്പെടുന്നു മറ്റൊരു പ്രശ്നത്തിലും കുരുക്കിലും പെടുന്നു. ഇത് ഒരു കാലത്തെ മലയാള സിനിമകളുടെ പതിവ് രീതിയായിരുന്നു. ഇതിനിടയിൽ സാധാരണക്കാരന്റെ ജീവിതം, കഷ്ടപ്പാടുകൾ ഒക്കെ പശ്ചാത്തലമായി കടന്നു വരാറുണ്ട്. നന്മ ഇത്തരം സിനിമകളുടെ മറ്റൊരു ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്. ഈ പ്രമേയങ്ങളെ മുഴുവൻ ചേർത്ത് അതിനൊപ്പം ലാൻഡ് സ്‌കേപ്പ് ഊട്ടിയുറപ്പിക്കൽ, ഫീൽ ഗുഡ് മൂഡിൽ ലീനിയർ നോൺ ലീനിയർ പാറ്റേണുകൾ ഇടകലർത്തിയുള്ള കഥാപറച്ചിൽ തുടങ്ങി സമകാലിക മലയാള സിനിമയുടെ രീതികൾ ആശ്രയിച്ച നിർമിതി. ഇർഷാദ് പരാരിയുടെ അയൽവാശിയെ ഇങ്ങനെ ചുരുക്കാം. ഉത്സവകാല സിനിമകളുടെ പതിവ് ആഘോഷകാഴ്ചകൾ കൂടി ചേരുമ്പോൾ ഈ സിനിമയുടെ ആകെത്തുകയാവും.
കൈമോശം വരാത്ത നന്മയാണ് ആത്യന്തികമായി ഈ സിനിമയുടെ പ്രമേയം. ഇതിനായി തുടക്കത്തിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന വിശ്വാസത്തെ കുറിച്ച് അയൽവാശി പുനർചിന്തനം ചെയ്യുന്നുണ്ട്. നന്മ കൊണ്ട് പല വിധ പ്രശ്നങ്ങളിൽ പെടുന്നവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അനുതാപം, സഹായ മനസ്ഥിതി ഒക്കെ കൊണ്ട് പല വിധ പ്രശ്‌നങ്ങളിലേക്ക് ഇതിലെ കഥാപാത്രങ്ങളെത്തുന്നു. അടുത്ത വീടുകളിൽ താമസിക്കുന്ന താജുവും ബെന്നിയും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെയാണ് ഈ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ഉപാധികളില്ലാത്ത സ്നേഹവും സൗഹൃദവുമൊക്കെയാണ് ഇവർക്കിടയിലുള്ളത്. കുടുംബ പ്രശ്നങ്ങളും പ്രാരബ്ദങ്ങളും ഒക്കെയാണ് ഇവരുടെ ജീവിതത്തിലെ നിത്യ കാഴ്ച. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി അവർക്കിടയിൽ ഉണ്ടാവുന്ന കലഹവും പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും സിനിമയെ മുന്നോട്ട് നയിക്കുന്നു. അപ്പോഴൊക്കെ സിനിമ നന്മ നിറഞ്ഞ കഥാപാത്രങ്ങളുടെ നിസ്സഹായതയെ തന്നെയാണ് കൂടെ കൂട്ടുന്നത്. ഒരു ഭാഗത്ത് നിന്ന് നന്മയുള്ള ജീവിതത്തെ ട്രോളുമ്പോഴും മറുഭാഗത്ത് കൂടെ നന്മ വിജയിക്കും, നന്മ ഒളിച്ചു വച്ചവർ എന്നൊക്കെയുള്ള ക്‌ളീഷേകളിലേക്കു സിനിമ പതിവ് രീതിയിൽ സംസാരിക്കുന്നു.
ഈരാറ്റുപേട്ടയിലാണ് സിനിമയുടെ കഥ നടക്കുന്നത്. സാധാരണയിലേക്കാൾ കൂടുതൽ ആ നാടിനെയും അവിടത്തെ ജീവിതത്തെയും കാഴ്ചകളെയും കാണികളിലേക്ക് എത്തിക്കാൻ അയൽവാശി ശ്രമിക്കുന്നുണ്ട്. സിനിമക്ക് ഒറ്റ നോട്ടത്തിൽ യൂണിവേഴ്സൽ സാധ്യതയുണ്ട്. മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ ഈരാറ്റുപേട്ടയിൽ മാത്രം നടക്കാവുന്ന കഥയല്ല അയൽവാശിയുടെത്. പക്ഷെ ആ സ്ഥലത്തെ ഭാഷ മുതൽ പലതിന്റെയും പ്രാദേശികത കാണിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.
സൗബിനും ബിനു പപ്പുവും ആ ഭാഷ പിന്തുടരാൻ ചില സമയത്തു കഷപ്പെടും പോലെ തോന്നി. ലിജോമോളും നിഖില വിമലും കുറച്ചു കൂടി നന്നായി ആ ഭാഷയുടെ തുടർച്ച അവസാനം വരെ നിലനിർത്തി. ഇവരെ കൂടാതെ നസ്ലിൻ, ഗോകുലൻ, കോട്ടയം നസീർ, ജഗദീഷ് തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. സൗബിന്റെ ഇനിയും വിടാത്ത കൊച്ചി ഭാഷയും പതിവ് ശൈലിയുടെ പിന്തുടർച്ചയും ഒഴിച്ച് നിർത്തിയാൽ താരങ്ങൾ കഥാപാത്രങ്ങളെ പരിക്കുകൾ ഏൽപ്പിച്ചില്ല. ഹാസ്യം നന്നായി കൈകാര്യം ചെയ്യാവുന്ന താരങ്ങൾ സിനിമയിലുണ്ട്. ഹാസ്യത്തിനുള്ള സാധ്യത ബാക്കി വെക്കുന്ന രംഗങ്ങൾ ഒരുപാടുണ്ട്. പക്ഷെ അതിനെയൊന്നും ഒട്ടും ഉപയോഗിച്ചില്ല അയൽവാശി. സിനിമയുടെ സാങ്കേതികതയും കഥാഗതിയും ചേർന്ന് നിന്നു.
നിരന്തരം ചർച്ചയാവുന്ന ഒന്നാണ് ഒടിടി കാലത്തിനു ശേഷമുള്ള തീയേറ്ററിലെ സിനിമാ റിലീസുകൾ. കോവിഡ് കാലത്തിനു ശേഷമുള്ള ഒഴിഞ്ഞ തീയേറ്ററുകൾ മുതൽ ചെറു സിനിമകൾ തീയേറ്റർ റിലീസുകളാക്കി മാറ്റുന്നത് വരെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ കടന്നു വന്നു. മലയാളം പോലൊരു ചെറിയ സിനിമാ വ്യവസായത്തിൽ വലിയ പ്രാധാന്യമുണ്ട്. പല അടരുകളും സാധ്യമായ ആ ചർച്ചയിൽ പറയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സിനിമയുടെ കെട്ടിലും മട്ടിലും വന്ന മാറ്റമാണ്. ഷോർട്ട് ഫിലിമുകളിൽ ഒതുക്കാവുന്ന സിനിമകൾ, വളരെ ചെറിയ പ്രമേയവും പരിസരവുമുള്ള സിനിമകൾ ഒക്കെ നീട്ടിയും പല നിലക്ക് ചില നന്മകളും ട്വിസ്റ്റുകളും ചെറുത്തും തീയേറ്ററുകളിൽ എത്താറുണ്ട് എന്നതാണ് പോസ്റ്റ് കോവിഡ് കാലത്തെ, ഒടിടി സിനിമകൾ കടന്നു വരുന്ന കാലത്തെ സിനിമകളെ കുറിച്ച് പൊതുവെ പറയാറുള്ളത്. അത് അടിമുടി കെട്ടിലും മട്ടിലും പിൻപറ്റുന്ന സിനിമയാണ് അയൽവാശി.