സമുദ്രലോകത്തെ മായക്കാഴ്ചകളുമായി ജയിംസ് കാമറൂണിന്റെ (James Cameron) ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ (Avatar The Way of Water) ഡിസംബർ 16ന് തിയേറ്ററുകളിലേക്ക് എത്തുന്നു. രാജ്യത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലെല്ലാം മികച്ച പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തിലേക്കായി ഇന്ത്യയിൽ മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോർട്ട്.പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘അവതാർ 2’ന്റെ കഥ പൂർണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. ‘നെയിത്രി’യെ വിവാഹം കഴിക്കുന്ന ‘ജേക്ക്’ ഗോത്രത്തലവനാകുന്നതും പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെയുള്ള സാഹസികയാത്രകൾ കൊണ്ട് ‘അവതാർ 2’ കാഴ്ചയുടെ വിസ്‍മയലോകം സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷ. 1832 കോടി രൂപയാണ് നിർമാണ ചെലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
2009ൽ ‘അവതാർ’ ചിത്രം പിറന്നു വീണത് തന്നെ റെക്കോർഡുകളിലേയ്ക്കായിരുന്നു. 237 മില്യൺ യുഎസ് ഡോളർ ചെലവിൽ വന്ന ചിത്രം റിലീസ് ദിവസം മാത്രം 77 മില്യൺ ഡോളറും, ആകെ 2.8 ബില്യൺ യുഎസ് ഡോളറുമാണ് വാരിക്കൂട്ടിയത്. ജയിംസ് കാമറൂണിന്റെ തന്നെ 2.2 ബില്യൺ എന്ന ‘ടൈറ്റാനിക്കി’ന്റെ റെക്കോർഡാണ് ‘അവതാർ’ തിരുത്തപ്പെട്ടത്. അന്ന് ‘അവതാർ’ നേടിയെടുത്ത റെക്കോർഡ് തിരുത്തപ്പെട്ടത് 13 വർഷങ്ങൾക്ക് ശേഷമാണ്, ‘അവഞ്ചേഴ്സ് എൺഡ് ഗെയിമിലൂടെ’. എന്നാൽ ‘അവതാർ’ പിന്മാറാൻ ഒരുക്കാമായിരുന്നില്ല. 2022 സെപ്റ്റംബറിൽ അവതാറിന്റെ റീ- റിലീസിലൂടെ അവർ റെക്കോർഡ് നിലനിർത്തി. ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന നേട്ടത്തിലേയ്ക്കാണ് ‘അവതാർ’ എത്തിയത്. 2.910 ബില്യൺ ഡോളാണ് ലഭിച്ചത്. ഒരു പുതിയ ചിത്രമല്ല മറിച്ച് അതിന്റെ റീ-റിലീസാണ് 30 മില്ല്യൻ നേടിയതെന്നത് മറ്റൊരു പ്രത്യേകത. ഇതോടെ വരാനിരിക്കുന്ന ‘അവതാർ 2; ദി വേ ഓഫ് വാട്ടറി’ലുള്ള പ്രതീക്ഷകൾ വാനോളം ഉയരുന്നു.
സിനിമയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാനം. അവതാറിന് മുൻപ് അങ്ങനെയൊരു ലൈവ്-മോഷൻ ക്യാപ്‌ചർ ആക്ടിങ് ആക്ടിങ് ഉണ്ടായിരുന്നത് ആൻഡി സെർക്കിസിന്റെ ‘ലോർഡ് ഓഫ് ദ് റിങ്‌സിൽ’ നിന്നുള്ള ‘ഗൊല്ലം’ എന്ന കഥാപാത്രത്തിനായിരുന്നു. എന്നാൽ കാമറൂൺ മോഷൻ ക്യാപ്ചറിൽ പുതിയൊരു രൂപമാണ് സൃഷ്ടിച്ചത്. ചലനങ്ങൾ ചിത്രീകരിച്ചതിന്ശേഷം അവ അനിമേഷനിലേക്ക് മാറ്റുന്നു. അവയെല്ലാം കമ്പ്യൂട്ടർ-നിർമ്മിതമായതാണെങ്കിലും സോ സൽദാനയുടെ നെയ്‌തിരിയിലും സാം വർത്തിംഗ്ടണിന്റെ ജേക്ക് സള്ളിയിലും അഭിനയത്തിലൂടെ അത് സാങ്കേതിക വിദ്യയായി തോന്നിയില്ല. അങ്ങനെ അവതാർ ഒരു മോഷൻ ക്യാപ്ചർ വിപ്ലവം സൃഷ്ടിച്ചു. അവതാറിനുശേഷം വന്ന സിനിമകളിൽ മോഷൻ-ക്യാപ്ചർ കൂടുതൽ ഉപയോഗിക്കപ്പെടുകയും ചെയ്കു. ‘പ്ലാനറ്റ് ഓഫ് ദ ഏപ്സ് ട്രൈലോജി’ ഉൾപ്പെടെയുള്ള ജനപ്രിയ സിനിമകളുടെ അടിത്തറ തന്നെ ഇതായിരുന്നു.ജോൺ ഫാവ്‌റോയുടെ ‘ജംഗിൾ ബുക്കും’ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടർന്ന് വിആർ ഹെഡ്‌സെറ്റുകളുമായി ‘ലയൺ കിങും’. അവതാർ 3ഡി സിനിമകളുടെ വിജയം തിരികെ കൊണ്ടുവരികയും ഒരു പുതിയ ഫാഷൻ സൃഷ്ടിച്ച് 3ഡിയിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു.
അവതാറിനൊപ്പം കാമറൂൺ രണ്ട് ബദലുകൾ അവതരിപ്പിക്കുന്നതായി തോന്നുന്നു. ഒന്ന് മനുഷ്യർക്ക് മുന്നിലെ ഭയാനകമായ ഭാവി, രണ്ട് പ്രകൃതിയുമായി ചേർന്ന് അത്ഭുതകരമായ എന്തെങ്കിലും സൃഷ്ടിക്കാനുള്ള അവസരം. അന്യഗ്രഹ ഗ്രഹമായ പണ്ടോറയുടെ മനുഷ്യ കോളനിവൽക്കരണമാണ് അവതാറിന്റെ കേന്ദ്ര ഇതിവൃത്തം. അവരുടെ നാടിന്റെ നാശത്തിനെതിരായ തദ്ദേശവാസികളുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് അവതാർ പറയുന്നത്. പതിറ്റാണ്ടുകളായി പറഞ്ഞു പോയ കഥ തന്നെയാണിത്. സാധാരണ ഒരു കഥ വ്യത്യസ്തമായി പറയുന്നതിലുള്ള കാമറൂണിന്റെ കഴിവ് ‘ടൈറ്റാനിക്കി’ലൂടെ തെളിഞ്ഞതാണ്. അവതാർ തിളക്കമാർന്ന വിജയം നേടിയിട്ടും നിശിതമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ‘വെള്ളക്കാരനായ’ ഒരു നായകൻ വന്ന് നാട്ടുകാരെ രക്ഷിക്കുന്നത് വംശീയ വിരോധമായി കണ്ടു കാമറൂണിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. “വില്ലും അമ്പും ഉപയോഗിക്കുന്ന തലത്തിൽ നിൽക്കുന്ന തദ്ദേശീയ ജനത സാങ്കേതിക മികവുറ്റ ശക്തികളുമായി നേരിടുമ്പോൾ, ആരെങ്കിലും അവരെ സഹായിച്ചില്ലെങ്കിൽ, അവർ തോൽക്കും. നിലവിലുള്ള ഒരു ജനസംഖ്യയ്ക്കുള്ളിൽ അവരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു വർഗ്ഗത്തെക്കുറിച്ചല്ല അവതാർ പറയുന്നത്,” കാമറൂൺ പറഞ്ഞു. ചിത്രം വംശീയത നിറഞ്ഞതാണെന്ന അവകാശവാദങ്ങളും കാമറൂൺ തള്ളിക്കളഞ്ഞു, അവതാർ വ്യത്യസ്തതകളെ മാനിക്കുന്നതാണെന്നും വാദിച്ചു. അവതാർ റിലീസിന് ശേഷം നിരവധി സംവാദങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിതന്നെ അവതാർ തുടർന്നു.
1984ലെ ‘ടെർമിനേറ്റർ’ എന്ന ചിത്രത്തിൽ നിന്നാണ് ജയിംസ് കാമറൂൺ എന്ന പേര് സിനിമചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ടത്. ഭാവനയുടെ മറ്റൊരു തലത്തിൽ പ്രേഷകരെ എത്തിക്കാൻ കാമറൂണിന് കഴിഞ്ഞു. കാമറൂണിന്റെ ചിത്രത്തിന് കയറുമ്പോൾ തന്നെ പ്രേഷകർ അസാധാരണ കാഴ്ചകളെ കാണാൻ തയാറെടുക്കുന്നു.
1997ൽ ഇറങ്ങിയ എല്ലാക്കാലത്തെയും ക്ലാസിക് പ്രണയകഥയുമായി വന്ന ടൈറ്റാനിക്ക് ഓസ്കാർ വേദിയിൽ താരമായി മാറിയിരുന്നു. ‘ടൈറ്റാനിക്’ 11 ഓസ്കാർ ആണ് സ്വന്തമാക്കിയത്. അതുവരെയുണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും ടൈറ്റാനിക്കിന്റെ മുന്നിൽ കീഴടങ്ങി. 12 വർഷത്തിനു ശേഷം അവതാർ തന്നെ വേണ്ടി വന്നു ആ റെക്കോർഡ് മറികടക്കാൻ. ‘ഏലിയൻസ്’, ‘ടെർമിനേറ്റർ 2’, ‘ദി ആബിസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ കാമറൂൺ ഒരു വേൾഡ് ബ്രാൻഡായി മാറിയികുന്നു.
‘ടൈറ്റാനിക്കി’നും മുൻപേ കാമറൂണിന്റെ മനസിൽ അവതാർ ഇടം പിടിച്ചിരുന്നു. എന്നാൽ മനസ്സിലുള്ള കഥയ്ക്ക് പൂർണത നൽകാൻ അന്നത്തെ സാങ്കേതിക വിദ്യ വളർന്നിരുന്നില്ല. അത് കൊണ്ട് ‘അവതാർ’ പിന്നീടത്തേക്ക് മാറ്റിവച്ചു.