
Ammu Movie Review : ‘അമ്മു’ റിവ്യൂ
ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി ചാരുകേഷ് ശേഖർ സംവിധാനം ചെയ്ത ‘അമ്മു’ ഗാർഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണ്. സാമൂഹികപരവും മാനസികവുമായ കാരണങ്ങളാൽ ടോക്സിംഗ് ബന്ധത്തിൽ കുടുങ്ങി കിടക്കുന്ന സ്ത്രീകൾക്ക് ഒരു ഉൾക്കാഴ്ച നൽകാനും കുടുംബമെന്ന വ്യവസ്ഥയിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസികാഘാതങ്ങളും നിശബ്ദമായ സഹനങ്ങളെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും ചിത്രത്തിനു സാധിക്കുന്നുണ്ട്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
അച്ഛനമ്മമാരുടെ ഏക മകളാണ് അമ്മു (ഐശ്വര്യ ലക്ഷ്മി). അമ്മുവിന്റെ പെണ്ണുകാണൽ രംഗത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അയൽവാസിയും പൊലീസുകാരനുമായ രവീന്ദ്രനാഥും (രവി) മാതാപിതാക്കൾക്കൊപ്പം അമ്മുവിനെ പെണ്ണുകാണാനായി എത്തിയിരിക്കുകയാണ്. വീട്ടുകാരുടെ അനുഗ്രഹത്തോടെ രണ്ടുപേരും വിവാഹിതരാവുന്നു. ഇരുവരും നഗരത്തിലേക്ക് താമസം മാറുന്നു. എന്നാൽ മധുവിധു കാലം കഴിയും മുൻപു തന്നെ നടുക്കത്തോടെ അമ്മു ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നു. രവിയിലെ ടോക്സിക് ഭർത്താവിൽ നിന്നും നിരന്തരമായ പീഡനങ്ങളാണ് അവൾ നേരിടുന്നത്. ആ വിവാഹബന്ധത്തിൽ നിന്നും ഇറങ്ങിപോരാനും തിരികെ ചെല്ലാനും ഒരു വീടും സ്നേഹസമ്പന്നരായ മാതാപിതാക്കളുമുണ്ടായിട്ടും എന്തോ ഒന്ന് അവളെ പിന്നോട്ട് വലിക്കുകയാണ്. അമ്മുവിന്റെ സഹനവും തിരിച്ചറിവുകളും പ്രതികാരവുമൊക്കെയാണ് ചിത്രം പറയുന്നത്.
തെലുങ്കിൽ ചിത്രീകരിച്ച് മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റിയ ചിത്രമാണെങ്കിലും അമ്മു മലയാളികൾക്ക് അപരിചിതമായ കഥാപശ്ചാത്തലമൊന്നുമല്ല. സ്ത്രീധന പീഡനവും ഭർത്തൃവീട്ടിലെ ദുരിതങ്ങളും കാരണം ആത്മഹത്യ ചെയ്ത നിരവധി പെൺകുട്ടികളെ, ഇപ്പോഴും നിശബ്ദമായി ഗാർഹിക പീഡനം സഹിച്ചു ജീവിക്കുന്ന സ്ത്രീകളെയൊക്കെ ചിത്രം ഓർമ്മിപ്പിക്കും.
ഗാർഹിക പീഡനത്തിലൂടെ കടന്നുപോവുന്ന ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥകളെ കയ്യടക്കത്തോടെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. ചിലപ്പോൾ പ്രണയം കൊണ്ട് മൂടുന്നവൻ, തൊട്ടടുത്ത നിമിഷം ആക്രോശിക്കുകയും പൊട്ടിത്തെറിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമൊക്കെ ചെയ്യുമ്പോൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അമ്മുവിനെ സൂക്ഷ്മമായ ചലനങ്ങൾ കൊണ്ടും ഭാവങ്ങൾ കൊണ്ടും ഐശ്വര്യ അടയാളപ്പെടുന്നു. നിസ്സഹായത, ഭീതി എന്നിവയാൽ ഉഴലുന്ന അമ്മുവിന്റെ ഭാവങ്ങളും നോട്ടവുമൊക്കെ പ്രേക്ഷകരുടെയും ഉള്ളുതൊടും.
നവീൻ ചന്ദ്ര, ബോബി സിംഹ, മാല പാർവതി, അഞ്ജലി അമീർ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വയ്ക്കുന്നത്. വീട്ടിലുള്ളവരോട് ഏറ്റവും മോശമായി പെരുമാറുന്ന മനുഷ്യർ, സമൂഹത്തിനു മുന്നിൽ അണിയുന്ന മാന്യതയുടെ മുഖം മൂടിയുണ്ട്. ഇരട്ട വ്യക്തിത്വമുള്ള രവിയെ കൃത്യമായി രേഖപ്പെടുത്താൻ നവീൻ ചന്ദ്രയ്ക്കും സാധിച്ചിട്ടുണ്ട്.
അമ്മുവിന്റെയും രവിയുടെയും മാത്രം കഥയായി ഒതുങ്ങുന്നില്ല ചിത്രം. ബോബി സിംഹയുടെ കഥാപാത്രവും കഥയിൽ കൃത്യമായ ഇംപാക്റ്റ് ഉണ്ടാക്കുന്നുണ്ട്. പ്രഭുവെന്ന കഥാപാത്രം കടന്നുവരുന്നതോടെയാണ് ചിത്രത്തിനൊരു ത്രില്ലർ സ്വഭാവം കൈവരുന്നത്. ചിത്രം അൽപ്പം നാടകീയമാവുന്നതും രണ്ടാം പകുതിയിലാണ്. അമ്മുവെന്ന കഥാപാത്രത്തിന്റെ പരിണാമത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതിൽ കഥയിലേക്ക് കടന്നുവരുന്ന ഈ കഥാപാത്രങ്ങൾക്കും വലിയ പങ്കുണ്ട്.
തിരികെയെത്താൻ ഒരു വീടുണ്ടായിട്ടും എന്തുകൊണ്ടാണ് പെൺകുട്ടികൾ അപമാനവും വേദനയും സഹിച്ച് ദാമ്പത്യബന്ധങ്ങളിൽ കുടുങ്ങിപോവുന്നതെന്ന് മനശാസ്ത്രപരമായി കൂടി സമീപിക്കുന്നുണ്ട് ചിത്രം. വിഷലിപ്തമായൊരു ദാമ്പത്യത്തിൽ നിന്ന് സ്വിച്ചിട്ടതുപോലെ ഒരു ദിവസം കൊണ്ട് ഒരു സ്ത്രീയ്ക്കും ഇറങ്ങി വരാനാവില്ല. ആഘാതങ്ങൾ, തിരിച്ചറിവുകൾ, ഭയം, മാനസികമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾ, സ്വയം കുറ്റപ്പെടുത്തലുകൾ എന്നിങ്ങനെ പലവിധ അവസ്ഥകളിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോവുക. അത്തരം വികാരവിചാരങ്ങളെ വളരെ സത്യസന്ധമായി ആവിഷ്‌കരിക്കുകയാണ് അമ്മു. പ്രത്യക്ഷത്തിൽ ഗാർഹിക പീഡനമാണ് വിഷയമെങ്കിലും വിഷലിപ്തമായ ബന്ധങ്ങൾ എങ്ങനെയൊക്കെയാണ് ഒരാളുടെ മാനസികവിചാരങ്ങളെ ബാധിക്കുക എന്നു കൂടി ചിത്രം ചൂണ്ടികാണിക്കുന്നുണ്ട്.
ചാരുകേഷ് ശേഖർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഒരു സാരോപദേശ സിനിമയായി മാറുന്നില്ല എന്നതാണ് അമ്മുവിന്റെ മറ്റൊരു പ്രത്യേകത. കഥാപാത്രങ്ങൾ കടന്നുപോവുന്ന മാനസികാവസ്ഥയേയും വൈകാരികതയേയും പ്രേക്ഷകർക്ക് അനുഭവവേദ്യമാവുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരടി വരാനിരിക്കുന്ന ഒരുപാട് അടികൾക്കുള്ള തുടക്കമാവുമെന്ന്, ഒരു സ്ത്രീയുടെ ശരീരം അവളുടെ മാത്രം ചോയിസാണെന്ന് അമ്മു ഓർമ്മിപ്പിക്കുന്നു. പ്രതിസന്ധികളിൽ നിന്നും പുറത്തുവരാനും രക്ഷിക്കാനും മറ്റാരും വരണമെന്നില്ല, ആ തീരുമാനം എടുക്കേണ്ടത് സ്വയമേവയാണെന്ന് ചിത്രം ഓർമിപ്പിക്കുന്നു. മനുഷ്യപക്ഷത്തു നിന്നും സ്ത്രീകൾക്കു വേണ്ടി സംസാരിക്കുന്ന അമ്മു നിർബന്ധമായും എല്ലാവരും കണ്ടിരിക്കേണ്ടൊരു ചിത്രമാണ്.