ചലച്ചിത്രനടൻ വി പി ഖാലിദ് (Actor VP Khalid) അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി (Jude Antony) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ‘മറിമായം’ (Marimayam) ടെലിവിഷൻ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടി. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.
താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. വലിയകത്ത് തറവാട്ടിലായിരുന്നു ജനനം. പിതാവ് വി കെ പരീദ്, ഉമ്മ കുഞ്ഞിപ്പെണ്ണ്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഖാലിദിന്റേത്. കുട്ടിക്കാലത്ത് ഫോർട്ട്കൊച്ചിയിൽ ഡിസ്കോ ഡാൻസ് പഠിച്ചു. കേരളത്തിലെ ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്ന് മാജിക്കും പഠിച്ചു. സ്‌കൂൾ കാലഘട്ടത്തിൽ നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീടാണ് പ്രൊഫഷണൽ നാടകവേദിയിലേക്ക് എത്തിയത്. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്.
വി പി ഖാലിദ് കൊച്ചിൻ നാഗേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രൊഫഷണൽ നാടകരംഗത്ത് കൊച്ചിൻ സനാതനയുടെ ‘എഴുന്നള്ളത്ത്’, ആലപ്പി തിയറ്റേഴ്സിന്റെ ‘ഡ്രാക്കുള’, ‘അഞ്ചാം തിരുമുറിവ്’ എന്നിങ്ങനെ പല സൂപ്പർഹിറ്റ് നാടകങ്ങളിലും വേഷമിട്ടിരുന്നു. സൈക്കിൾ യജ്ഞക്യാമ്പിൽ റെക്കോർഡ് ഡാൻസറായുള്ള പ്രകടനം ജനശ്രദ്ധയാകർഷിച്ചിരുന്നതിനാൽ സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഒത്തിണക്കി ടിക്കറ്റ് ഷോ പ്രകടനങ്ങൾ നടത്തിയിരുന്നു.
1973ൽ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാറെന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചു. മക്കൾ: ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി ഖാലിദ്, ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകനായ ഖാലിദ് റഹ്മാൻ, ജാസ്മിൻ