നടനും മഞ്ജുവാര്യരുടെ ( Manju Warrier ) സഹോദരനുമായ മധുവാര്യർ ( Madhu Warrier ) ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’( Lalitham Sundaram) ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ (Disney Hotstar) റിലീസ് ചെയ്തു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്ന് ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
‘ലളിതം സുന്ദരം’ റിവ്യൂ (Lalitham Sundaram Malayalam Movie Review)
സഹോദരന്റെ സംവിധാനമോഹത്തിന് സഹോദരി കൈത്താങ്ങായൊരു ചിത്രമെന്ന പ്രത്യേകതയും ‘ലളിതം സുന്ദര’ത്തിനുണ്ട്. ആ സാഹോദര്യം സിനിമയുടെ അണിയറയിൽ മാത്രമല്ല, പ്രമേയത്തിലും നിറഞ്ഞു നിൽക്കുകയാണ്. സാഹോദര്യത്തിന്റെ ആഘോഷമാണ് ചിത്രം. മൂന്നു സഹോദരങ്ങൾക്കിടയിലെ ശീതയുദ്ധങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്.
പത്തോളം ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട്, ഏറ്റവും ഒടുവിലായി തുടങ്ങിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയും പൊട്ടി ജീവിതത്തിന്റെ നാൽക്കവലയിൽ ഗതിയറിയാതെ നിൽക്കുകയാണ് സണ്ണി (ബിജു മേനോൻ), സഹോദരി ആനി (മഞ്ജു വാര്യർ) മുംബൈയിൽ സ്വന്തമായൊരു കമ്പനി നടത്തികൊണ്ടു പോവുന്ന, ആരെയും അസൂയപ്പെടുത്തുന്ന രീതിയിൽ കരിയറിൽ വിജയിച്ചൊരു സ്ത്രീയാണ്. ഇരുവരുടെയും ഇളയ സഹോദരനാണ് ജെറി (അനു മോഹൻ).
തിരക്കേറിയ ജീവിതപ്പാച്ചിലിനിടെ വേരുകളിൽ നിന്ന് അറ്റുപോയ ആ സഹോദരങ്ങൾ അമ്മയുടെ ഓർമ്മദിനത്തിൽ വീണ്ടും ഒത്തുചേരുകയാണ്. അമ്മയുടെ അവസാന ആഗ്രഹം സാധിക്കാനുള്ള അവരുടെ ശ്രമത്തിനിടെ, തിരക്കുകൾക്കിടയിൽ തങ്ങൾക്ക് നഷ്ടപ്പെട്ടതെന്തായിരുന്നുവെന്ന് മൂവരും തിരിച്ചറിയുന്നു.
സഹോദരങ്ങൾക്കിടയിലെ വഴക്കുകളും പരിഭവങ്ങളും അവയുടെ ഫ്ലാഷ് ബാക്ക് സ്റ്റോറികളുമൊക്കെയായി രസകരമായാണ് ചിത്രം പുരോഗമിക്കുന്നത്. ചിലയിടങ്ങളിലൊക്കെ സിനിമ അതിന്റെ സ്വാഭാവികത വിട്ട് അൽപ്പം ആർട്ടിഫിഷലായി പോവുന്നുണ്ടെന്നും പറയാതെ വയ്യ. രണ്ടാം പകുതിയിൽ അനുഭവപ്പെടുന്ന ലാഗിങ്ങും ആസ്വാദനത്തിൽ കല്ലുകടിയാവുന്നുണ്ട്. എന്നിരിക്കിലും, ഉള്ളു തൊടുന്ന ചില മുഹൂർത്തങ്ങളും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ കൊണ്ട് മൊത്തത്തിൽ രസകരമായൊരു കാഴ്ചാനുഭവമാണ് ‘ലളിതം സുന്ദരം’ സമ്മാനിക്കുന്നത്.
എല്ലാത്തിലും പെർഫെക്ഷനിസ്റ്റായ, കരിയറിസ്റ്റായ ആനിയെന്ന കഥാപാത്രമായി മഞ്ജുവാര്യരും ഉള്ളിലൊരുപാട് വേദനകൾ പേറുന്ന സണ്ണിയായി ബിജു മേനോനും തകർത്തു അഭിനയിച്ചിട്ടുണ്ട്. അനു മോഹന്റെ അനിയൻ വേഷം, സൈജു കുറുപ്പിന്റെ അളിയൻ വേഷം, രഘുനാഥ് പലേരിയുടെ അച്ഛൻ കഥാപാത്രം, സുധീഷിന്റെ രാജേഷ് മാഷ് തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം കവരും. ദീപ്തി സതി, രമ്യ നമ്പീശൻ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചില്ലറ പോരായ്മകളൊക്കെ ഉണ്ടെങ്കിലും ആദ്യചിത്രമെന്ന രീതിയിൽ നോക്കുമ്പോൾ മധു വാര്യർ തന്റെ തുടക്കം മോശമാക്കിയില്ല. വലിയ ട്വിസ്റ്റുകളോ ടേണുകളോ ഒന്നുമില്ലാതെ, വളരെ ലളിതമായി കഥ പറഞ്ഞു പോവുകയാണ് തിരക്കഥാകൃത്തായ പ്രമോദ് രാമൻ.
മൂന്നാറിന്റെ അഭൗമസൗന്ദര്യം അതുപോലെ തന്നെ പകർത്തിയെടുത്തിട്ടുണ്ട് പി സുകുമാറിന്റെയും ഗൗതം ശങ്കറിന്റെയും ക്യാമറ. കളർഫുളാണ് ഓരോ ഫ്രെയിമുകളും. മൂന്നാറിലേക്ക് ഒരു പിക്നിക് പോയി വന്ന അനുഭവം കൂടിയാണ് ലളിതം സുന്ദരത്തിന്റെ വിഷ്വൽസ് സമ്മാനിക്കുന്നത്. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
കേൾക്കാനിമ്പമുള്ള പാട്ടുകളാലും സമ്പന്നമാണ് ‘ലളിതം സുന്ദരം’. ബി ഹരിനാരായണന്റെ വരികൾക്ക് ബിജി ബാലാണ് സംഗീതം നൽകിയിരിക്കുന്നത്. ‘ഇന്നലെ കളഞ്ഞുപോയ നമ്മളെ തൊടാൻ’ എന്ന വരികളൊക്കെ പ്രമേയത്തോട് ഏറെ ചേർന്നു നിൽക്കുന്നവയാണ്.
ഫീൽ ഗുഡ് സിനിമ പ്രേമികൾക്ക് ഇണങ്ങിയ ചിത്രമാണ് ‘ലളിതം സുന്ദരം’. ശക്തമായ കഥയും ട്വിസ്റ്റുകളുമൊക്കെ പ്രതീക്ഷിച്ചു പോയാൽ ഒരുവേള ചിത്രം നിങ്ങളെ നിരാശരാക്കിയേക്കും. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ, ലളിത സുന്ദരമായൊരു കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
Courtesy :- Dhanya K Vilayil (The Indian Express)