ഒരുവശത്ത് ഭക്ഷണം, ഭൂമി, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന, സാമൂഹ്യനീതി- സമത്വം- സ്വാതന്ത്ര്യം എന്നിവ വിദൂരസ്വപ്നമാവുന്ന, ജനിച്ചു വളർന്ന മണ്ണിൽ അഭയാർത്ഥികളാവുന്ന ഒരു ജനത. മറുവശത്ത്, എല്ലാകാലത്തും അവരെ അവഗണനയുടെ തുരുത്തിൽ നിർത്തുന്ന, ആഴത്തിൽ വേരൂന്നിയ അവരുടെ ഗോത്രപാരമ്പര്യത്തെ പിഴുതെടുക്കാൻ വ്യഗ്രത കൊള്ളുന്ന ഭരണകൂടം. അത്യന്തികം സങ്കീർണ്ണവും യഥാർത്ഥവുമായ ആ സാമൂഹികപരിസരത്തിൽ നിന്നുകൊണ്ട് ‘ഭൂപടത്തിൽ ഇല്ലാത്ത ഒരു വിഭാഗം മനുഷ്യർ’ക്കു വേണ്ടി സംസാരിക്കുകയാണ് കെ എം കമൽ സംവിധാനം ചെയ്ത ‘പട’ എന്ന ചിത്രം.
ഭരണകൂടത്തിൽ നിന്നും ആദിവാസി- ദളിത് സമൂഹങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന അനീതികളുടെയും വഞ്ചനയുടെയും ചരിത്രം വളരെ വലുതാണ്; പതിറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. ‘ഭൂമിയുടെ യഥാർത്ഥ അവകാശികളായവരെ’ അവരുടെ ഭൂമിയിൽ നിന്നു തന്നെ പലായനം ചെയ്യാൻ നിർബന്ധിക്കുന്ന ഭരണകൂടം ഒരു ജനതയുടെ ഗോത്രപാരമ്പര്യത്തെയും ജീവിതരീതികളെയും കൂടിയാണ് റദ്ദ് ചെയ്യുന്നത്.
ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിൽ (ഒരുവേള കേരളത്തിന്റെ സമരചരിത്രത്തിൽ തന്നെ) വേറിട്ട പ്രതിരോധവുമായി ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. കേരളത്തിൽ 25 വർഷങ്ങൾക്കു മുൻപ് അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാർത്ഥ സമരത്തെ ആസ്പദമാക്കിയാണ് കമൽ ‘പട’ ഒരുക്കിയിരിക്കുന്നത്. 1996ൽ പാലക്കാട് കളക്‌ട്രേറ്റിൽ അയ്യങ്കാളി പടയിലെ നാലുപേർ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ പ്ലോട്ട്.
ബാലു (വിനായകൻ), രാകേഷ് (കുഞ്ചാക്കോ ബോബൻ), അരവിന്ദൻ (ജോജു ജോർജ്), നാരായണൻകുട്ടി (ദിലീഷ് പോത്തൻ)- ഒരു സുപ്രഭാതത്തിൽ പാലക്കാട് കളക്ട്രേറ്റിലേക്ക് പലയിടങ്ങളിൽ നിന്നായി എത്തിച്ചേർന്ന ആ നാലുപേർക്ക് തീർത്തും രാഷ്ട്രീയമായൊരു ഉദ്ദേശമുണ്ട്. വ്യക്തികളല്ല, സമൂഹമാണ് വലുതെന്ന് വിശ്വസിക്കുന്ന, ചാവേറുകളുടെ മനസ്സുള്ള നാലുപേർ. ഒന്നു പാളിയാൽ ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാമെന്ന ബോധ്യത്തോടെ അവരൊരു അപകടകളി കളിക്കുന്നു. വ്യവസ്ഥാപിത സമരങ്ങളാല്‍ ഒന്നും നേടാനാവില്ലെന്ന തിരിച്ചറിവു കൂടിയാണ് അവരെ വേറിട്ട ആ പ്രതിഷേധത്തിലേക്ക് എത്തിച്ചത്. ഒരു ദിവസത്തിൽ നടക്കുന്ന അത്യന്തം ഉദ്വേഗജനകവും നാടകീയവുമായ സംഭവങ്ങളെ വളരെ കയ്യടക്കത്തോടെയും ഹൃദയഗ്രാഹിയായുമാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
സമരനേതാക്കളായി എത്തിയ നാലുപേരും പ്രകടനത്തിൽ ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഴിയുന്ന ആ നിമിഷത്തിനപ്പുറം വിനായകനെയോ ജോജുവിനെയോ കുഞ്ചാക്കോ ബോബനെയോ ദിലീഷിനെയോ പ്രേക്ഷകർക്ക് സീനിൽ കാണാനാവില്ല. കഥാപാത്രങ്ങങ്ങളുടെ മാനസികാവസ്ഥകളെ കൃത്യമായി സ്വാംശീകരിച്ച് ബാലുവും അരവിന്ദനും രാകേഷും നാരായണൻകുട്ടിയുമൊക്കെയായി മാറുകയാണ് അവർ നാലുപേരും. ട്രീറ്റ്മെന്റിലൊന്നു പാളി പോയാൽ ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്ക് വീണുപോകുമായിരുന്ന ചിത്രത്തെ ലൈവാക്കി, പ്രേക്ഷകരുടെ വൈകാരികതയുമായി കണക്റ്റ് ചെയ്യുന്ന രീതിയിൽ നിലനിർത്തുന്നതും ഈ നടന്മാരുടെ പ്രകടനമാണ്.
‘പട’യ്ക്ക് കരുത്ത് പകരുന്ന മറ്റൊരു ഘടകം അതിന്റെ തിരക്കഥയാണ്. കമൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നടന്ന ഓരോ സംഭവങ്ങളെയും ഏറെ സമഗ്രതയോടെയും സൂക്ഷ്മതയോടെയുമാണ് സംവിധായകൻ നിരീക്ഷിച്ചിരിക്കുന്നത്. നല്ല രീതിയിലുള്ള ഗവേഷണത്തിന്റെ പിൻബലവും തിരക്കഥയിൽ പ്രകടമാണ്. കമൽ എന്ന സംവിധായകൻ ചരിത്രത്തോട് പുലർത്തിയ സത്യസന്ധതയാണ് ‘പട’യുടെ മുഖമുദ്ര. വലിയൊരു ലക്ഷ്യത്തിനായി ജീവൻ പോലും അപകടത്തിലാക്കി കൊണ്ട് രംഗത്തെത്തിയ ഒരു തലമുറയ്ക്ക്, അയ്യങ്കാളി പടയിലെ ധീരപോരാളികൾക്ക്, സംവിധായകൻ കമൽ അർപ്പിക്കുന്ന ആദരമെന്ന് ‘പട’യെ വിശേഷിപ്പിക്കാം.
ഇ ഫോർ എന്റർടെയ്ൻമെന്റസ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് പട നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തൻ, പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി എന്നു തുടങ്ങി വലിയൊരു താരനിരയുണ്ടായിട്ടും കച്ചവട സിനിമയുടെ ഫോർമുലകളിലേക്ക് കൊണ്ടുവരാൻ നിർബന്ധിക്കാതെ, ചരിത്രസംഭവങ്ങളെ വളച്ചൊടിച്ച് വികലമാക്കാതെ, സത്യസന്ധ്യമായി അവതരിപ്പിക്കാൻ സംവിധായകനൊപ്പം നിന്ന നിർമാതാക്കളും ഇവിടെ പ്രശംസ അർഹിക്കുന്നുണ്ട്.
അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, വി.കെ ശ്രീരാമൻ, ശങ്കർ രാമകൃഷ്ണൻ, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തിൽ, ഷൈൻ ടോം ചാക്കോ, ജെയിംസ് ഏലിയാ, സന്തോഷ് കീഴാറ്റൂർ, ഗോപാലൻ, സുധീര്‍ കരമന, സിബി തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ കൃത്യമായി പ്രതിഫലിപ്പിക്കാൻ സമീർ താഹിറിന്റെ ക്യാമറയ്ക്ക് സാധിക്കുന്നുണ്ട്. ഷാൻ മുഹമ്മദിന്റെ എഡിറ്റിംഗും എടുത്തുപറയേണ്ട ഘടകമാണ്. വിഷ്ണു വിജയിന്റെ സംഗീതം ആദിവാസി സമൂഹത്തിന്റെ തീർത്തും ജൈവികമായ ആദിതാളങ്ങളെയും ഗോത്രസംഗീതത്തെയും ഓർമ്മിപ്പിക്കുന്നു.
പട്ടിണിമരണങ്ങൾ തുടർകഥയാവുന്ന അട്ടപ്പാടിയുടെ, അടിസ്ഥാന ആവശ്യമായ ഭൂമിക്ക് വേണ്ടി സമരം ചെയ്തവരെ വെടി വെച്ച് വീഴ്ത്തിയ മുത്തങ്ങയുടെ, മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന മധുവെന്ന ചെറുപ്പക്കാരന്റെ ജീവിതപരിസരങ്ങളിൽ നിന്ന് കൂടിവേണം പട മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെ നോക്കികാണാൻ.
സിനിമയെന്ന രീതിയിലും ‘പട’യുടെ സാമൂഹിക പ്രസക്തിയേറെയാണ്. മാടമ്പിത്തരങ്ങൾ ഇപ്പോഴും ആഘോഷമാകുന്ന മലയാളസിനിമയിൽ ഇത്തരം ചിത്രങ്ങൾക്ക് ഏറെ മാനങ്ങളുണ്ട്. സിനിമയെന്ന ശക്തമായ മാധ്യമത്തെ സമൂഹമനസാക്ഷിയ്ക്കു മുന്നിലേക്ക് നീട്ടിപിടിച്ച ചൂണ്ടുവിരലാക്കാൻ ചിലരെങ്കിലും മുന്നോട്ടുവരുന്നു എന്നത് ആശ്വാസകരമാണ്. ആദിവാസി സമൂഹങ്ങളുടെ നിലനിൽപ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും വളരെ സത്യസന്ധമായി ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ചിത്രമായിരുന്നു ജയ് ഭീം. ആ ചിത്രമുണ്ടാക്കിയ ബഹിസ്ഫുരണം ഒടുങ്ങും മുൻപെയാണ്, അരികുവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചുകൊണ്ട് ‘പട’ എത്തുന്നത്. അത്തരം ചില സമീപനങ്ങളാണ് പടയെ ഒരു ‘പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്’ ആക്കുന്നതും.
ആധുനിക കേരളവും ഭരണകൂടവും ആദിവാസി ജനതയോട് പതിറ്റാണ്ടുകളായി തുടരുന്ന നീതി നിഷേധത്തോടാണ് ‘പട’യുടെ കലഹം. ജനാധിപത്യ കേരളം എന്തുകൊണ്ടാണ് എല്ലാകാലവും ഈ വിഭാഗങ്ങളെ വിസ്മരിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ പ്രശ്നങ്ങൾ വേണ്ടരീതിയിൽ അഭിസംബോധന ചെയ്യപ്പെടാതെ പോവുന്നത്? പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതായി അവർ നിലനിൽക്കേണ്ടത് ആരുടെ ആവിശ്യമാണ്?
രണ്ടര പതിറ്റാണ്ടിനിടയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, പഴയതിലും പരിതാപകരമായ അവസ്ഥകളിലൂടെയാണ് ആദിവാസി സമൂഹം ഇന്നും കടന്നുപോവുന്നത്. അതിനാൽ തന്നെ മേൽപ്പറഞ്ഞ ഓരോ ചോദ്യങ്ങളും ഇന്നും പ്രസക്തമാണ്. ആദിവാസി ജനതയ്ക്ക് ഒപ്പം നിൽക്കുന്നുവെന്ന രീതിയിൽ അവരെ കാലാകാലങ്ങളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ സർക്കാരുകളുടെ നൈതികതയെ ചോദ്യം ചെയ്യുന്നുണ്ട് ചിത്രം.
ചരിത്രത്തിൽ എന്തു സംഭവിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തൽ മാത്രമായി ഒതുങ്ങുന്നില്ല ‘പട’. പകരം, കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ഭൂപടത്തിൽ എവിടെയും സ്വന്തമായൊരു ഇടമോ സ്വത്വമോ ഇല്ലാത്തൊരു ജനത കാലാകാലങ്ങളായി കേരള മനസാക്ഷിയോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ ആയിരമിരട്ടി ഉച്ചത്തിൽ, സിനിമയെന്ന മാധ്യമത്തിന്റെ മുഴുവൻ ശക്തിയും സമാഹരിച്ചുകൊണ്ട് ഉറക്കെയുറക്കെ ആവർത്തിക്കുകയാണ് പടയിലൂടെ കമലും സംഘവും. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്ത ഒരു ജനതയ്ക്ക് ആ ചോദ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാനാവില്ല, ഉള്ളിലെവിടെയോ കനം വയ്ക്കുന്ന കുറ്റബോധത്തോടെ മാത്രമേ ‘സുരക്ഷിതമായ ഇടങ്ങളിൽ’ ജീവിക്കുന്ന നമുക്ക് ‘പട’ കണ്ടിറങ്ങാനാവൂ.
ഒരു പതിറ്റാണ്ടിനിടെ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച പൊളിറ്റിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ ഇനി മുതൽ ‘പട’യുമുണ്ടാകും. അധികാര രാഷ്ട്രീയമല്ല, ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തുന്ന, ജനാധിപത്യാവകാശങ്ങളെ മാനിക്കുന്ന രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്ന് ‘പട’ ഓർമ്മപ്പെടുത്തുന്നു. ആദിവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഉയർന്നുവരാൻ വരും ദിനങ്ങളിൽ ‘പട’ നിമിത്തമാവുമെന്ന് പ്രതീക്ഷിക്കാം.
courtesy :- Dhanya K Vilayil (The Indian Express)