അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ജാൻ എ മൻ ചിരിയെ ഇഷ്‍ടപ്പെടുന്ന പ്രേക്ഷകരെ ആകര്‍ഷിച്ചു. അവതരണശൈലിയിലെ പുതുമ ചിത്രത്തെ പ്രത്യേകതയുള്ളതാക്കി. ഇപോഴിതാ നാല് ആഴ്‍ചകള്‍ പിന്നിട്ട ‘ജാൻ എ മാൻ’ കേരള ഗ്രോസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്. പത്ത് കോടിയാണ് ചിത്രം ഇതുവരെ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. ജീവിതത്തില്‍ ഒരു ട്വിസ്റ്റ് പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ’ എന്ന് പറഞ്ഞ് എത്തിയ ‘ജാൻ എ മൻ’ തിയറ്ററുകളില്‍ വലിയ ആരവമാണ് ഉണ്ടാക്കിയിരിക്കുന്നത്. ‘ജാൻ എ മന്റെ’ സംവിധായകൻ നടൻ ഗണപതിയുടെ സഹോദരനായ ചിദംബരമാണ്. ജയരാജിന്റെ അസിസ്റ്റന്റ് ആയി സിനിമ ലോകത്ത് എത്തിയ ചിദംബരം ഛായാഗ്രാഹകനെന്ന നിലയിലും മികവ് കാട്ടിയാണ് സംവിധായകനായി അരങ്ങേറിയത്. ഒടിടിയിലല്ല തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു. ആള്‍ക്കാര്‍ ഒരുമിച്ചിരുന്നു ചിരിക്കണം. ഒറ്റയ്‍ക്കിരുന്നു കാണുമ്പോള്‍ ചിരിക്കണമെന്നില്ല. ഒരുമിച്ചിരുന്നു കാണുമ്പോള്‍ ഒരാള്‍ ചിരിക്കുമ്പോള്‍ അടുത്തയാളും ചിരിക്കും. അങ്ങനെ ചിരി പടരുകയാണ് വേണ്ടത്. കോമഡി സിനിമയുടെ സൈക്കോളജി തന്നെ അങ്ങനെയാണല്ലോ. സുഹൃത്തുക്കളൊക്കെ ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ഇത് എന്നും ചിദംബരം പറഞ്ഞിരുന്നു. ആദ്യം 90 തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്‍ത ‘ജാൻ എ മാൻ’ ഹിറ്റായതോടെ കൂടുതല്‍ സ്‍ക്രീനുകളിലേലക്ക് എത്തിച്ചു. ഗണപതിയും സപ്‍നേഷ് വാരച്ചാലും ചിദംബരവും ചേര്‍ന്നാണ് ‘ജാൻ എ മൻ’ തിരക്കഥയെഴുതിയത്. ഗണപതി പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്‍തു. ബേസില്‍ ജോസഫ് ബാലു വര്‍ഗീസ്, അര്‍ജുൻ അശോകൻ, ലാലു, സിദ്ധാര്‍ഥ് തുടങ്ങിയവരായിരുന്നു ‘ജാൻ എ മനി’ലെ പ്രധാന അഭിനേതാക്കള്‍.