പൃഥ്വിരാജ്, നയൻതാര, അൽഫോൺസ് പുത്രൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് ‘ഗോൾഡ്’ . ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. നേരം, പ്രേമം തുടങ്ങിയ സിനിമകളുടെ ഫാൻസ് ആയ ആരാധകരോട് ഈ വേളയിൽ സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടുവാക്ക് പറയുകയാണ് അൽഫോൺസ്. “ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്,” അൽഫോൺസ് കുറിച്ചു. ശേഷം കമന്റ് ബോക്സിൽ വന്നവരോട് മറുപടി പറയുകയും ചെയ്തിട്ടുണ്ട്. ‘രണ്ട് ശലഭമെങ്കിലും?’ എന്ന് ആകാംക്ഷയോടെ ചോദിച്ച ആൾക്ക് ‘രണ്ടല്ല.. മൂന്ന് ശലഭമുണ്ട്’ എന്ന് അൽഫോൺസ് മറുപടി കൊടുത്തിട്ടുണ്ട്. സ്വർണ്ണം സ്വർണ്ണക്കടത്തിന്റെ കഥയാണോ എന്ന് ചോദിച്ചയാൾക്കും മറുപടിയുണ്ട്. ‘അല്ല’ എന്നാണ് ഉത്തരം.
അൽഫോൺസ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്റര്‍ടെയ്‌നര്‍ ആണ് ഗോള്‍ഡെന്നാണ് പൃഥ്വി പറയുന്നത്. “നടന്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണ് ഇത്. ഇത്തരമൊരു പ്രോജക്റ്റ് എപ്പോഴും സംഭവിക്കുന്നതുമല്ല. ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,” പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. നയന്‍താരയെ കൂടാതെ 47 അഭിനേതാക്കള്‍ കൂടിയുണ്ട് ചിത്രത്തില്‍. ‘നേരത്തിന്റെ’ ഗണത്തില്‍ പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഗോള്‍ഡെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’