
Vedikkettu Movie Review
‘പൊളിറ്റിക്കലി കറക്റ്റ്’ ആവാനുള്ള ബോധപൂർവ ശ്രമമായി സിനിമ ഒരിടത്തും അനുഭവപ്പെടുന്നില്ല എന്നതാണ് ‘വെടിക്കെട്ടി’ന്റെ ഹൈലൈറ്റ്
കെ എസ് ഈ ബി ലൈൻമാൻ കല്യാണത്തലേന്ന് ഒരു ഗ്രാമത്തിലെ കറന്റ് നന്നാക്കാനെത്തുന്നു, അയാളുടെ മുഖത്ത് പ്രകടമായ വിമുഖത, പോസ്റ്റിൽ നിന്നിറങ്ങിയ അയാൾ ചായ നിഷേധിക്കുന്നു, കൂടെ വന്ന ലൈൻമാനോട് ഇവിടുന്നു ചായ കുടിക്കുന്നത് മോശമാണെന്ന് പതുക്കെ പറയുന്നു… ‘വെടിക്കെട്ടിലെ’ ഈ രംഗം വളരെ സ്വഭാവികമായാണ് സിനിമയിൽ വന്ന് പോകുന്നത്. ബലം പിടിച്ച് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാതെ, അതിനു വേണ്ടിയെന്ന് പ്രകടമായി തോന്നാതെ സിനിമയിൽ ആ സീൻ വന്ന് പോകുന്നു. കേരളത്തിലെ ശരാശരി മധ്യവർത്തി ജീവിതത്തിലൊരിക്കലെങ്കിലും കാണേണ്ടി വന്ന കാഴ്ച സ്വഭാവികതയോടെ ഒരു പോപ്പുലർ സിനിമയിൽ വന്നു പോകുന്നു. ഇങ്ങനെ കുറെയധികം നിത്യജീവിത കാഴ്ചകളുടെ, സൂക്ഷ്മമായ നിരീക്ഷണത്തിന്റെ ഒക്കെ കാഴ്ചകൾ ‘വെടിക്കെട്ടിൽ’ വന്നു പോയ്കൊണ്ടേ ഇരിക്കുന്നു. നിത്യ ജീവിത കാഴ്ചകളിലൂടെ സിനിമ ചിലപ്പോഴൊക്കെ പ്രേക്ഷകർക്ക് വേറിട്ട ഒരനുഭവവും തരുന്നു.
ഹാസ്യമാണ് മലയാള ജനപ്രിയ സിനിമയുടെ ആത്മാവ് എന്നുറച്ച് വിശ്വസിക്കുന്നവർ ഒരുപാടുണ്ട്. 80 കളുടെ മധ്യകാലം മുതൽ 2000 ത്തിന്റെ തുടക്കം വരെ സ്‌ക്രീനിൽ കണ്ട, ഹാസ്യത്തിലൂടെയുള്ള സാധാരണ മലയാളി ജീവിത അവതരണം ഇവിടെ വളരെയധികം ആസ്വദിക്കപ്പെട്ട, ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. മലയാള സിനിമയുടെ പല സുവർണ കാലങ്ങളിൽ ഏറ്റവും ശക്തമായ ഒന്നായി ഈ കാലത്തെ അടയാളപ്പെടുത്തുന്ന പഠനങ്ങൾ വന്നിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകൾക്കും, താരങ്ങൾക്കും സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും വലിയ ഡിമാൻഡ് ഉണ്ടാക്കിയ കാലം കൂടിയാണിത്. ഹാസ്യത്തെയും ആ കാലത്തെയും എത്ര തന്നെ പ്രശ്നവത്കരിച്ചാലും മലയാളി ജീവിതത്തിന്റെ പരിഛേദങ്ങൾ ആ സിനിമകളിൽ കാണാമായിരുന്നു.
ആ കാലത്തിന്റെ തുടർച്ചയിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിൻ ജോർജിന്റെയും തിരക്കഥകളെയും അഭിനയത്തെയും കാണുന്നവരുണ്ട്. എവിടെയൊക്കെയോ ആ കാലത്തിന്റെ തുടർച്ച ചെറുതായെങ്കിലും അവരുടെ സിനിമകളിൽ തെളിഞ്ഞു കാണുകയും ചെയ്യുന്നുണ്ടായിരുന്നു. ആ തുടർച്ചയാണ് അവരുടെ കന്നി സംവിധാന സംരംഭം കൂടിയായ ‘വെടിക്കെട്ടി’നേയും ചുറ്റിപ്പറ്റിയുണ്ടായിരുന്നത്. അവരുടെ സിനിമകളിൽ കാണുന്ന സൂക്ഷ്മ നിരീക്ഷണവും വളരെ ഗ്രൗണ്ടഡ് ആയ മലയാളി ജീവിതത്തിന്റെ നിത്യ കാഴ്ചകളും സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഹാസ്യം ഇവിടെ ഇവർ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.
ആലുവക്കടുത്തുള്ള പുഴ വേർതിരിക്കുന്ന രണ്ട് കരകളിലെ മനുഷ്യർ തമ്മിലുള്ള സംഘർഷവും വഴക്കുകളും ഒക്കെയാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. പല കാലങ്ങളിൽ പല നിലക്ക് ഈ വിഷയം കടന്നു വന്നിട്ടുണ്ടെങ്കിലും ‘വെടിക്കെട്ടി’ൽ ഈ വിഷയം പറയുമ്പോൾ ജാതി പ്രകടമായി കടന്നു വരുന്നു. ദളിത് അസ്ഥിത്വ സംഘർഷങ്ങൾ, കെ പി എം എസ്, എസ് എൻ ഡി പി, അറിയാതെ തന്നെ സ്വഭാവികമെന്നവണ്ണം നിത്യജീവിതത്തിൽ കടന്നു വരുന്ന ജാതി വിവേചനം തുടങ്ങിയ വിഷയങ്ങളിലേക്ക് സിനിമ കടന്ന് ചെല്ലുന്നു. ഈ കടന്നു ചെല്ലൽ ‘പൊളിറ്റിക്കലി കറക്റ്റ്’ ആവാനുള്ള ബോധപൂർവ ശ്രമമായി ഒരിടത്തും അനുഭവപ്പെടുന്നില്ല എന്നതാണ് ‘വെടിക്കെട്ടി’ന്റെ ഹൈലൈറ്റ്. ജാതി വിവേചനം എവിടെ എങ്ങനെ സംഭവിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ഒരു ഘട്ടം വരെ സിനിമ കടന്നു പോകുന്നത്.
നേരത്തെ സൂചിപ്പിച്ച സൂക്ഷ്മയായ നിത്യ ജീവിത കാഴ്ചകൾ സിനിമയിൽ ധാരാളം കാണാം. ബി ടി എസ് ആരാധകനായ ചെറുപ്പക്കാരൻ മുതൽ കല്യാണ വീട്ടിലെയും ഉത്സവപറമ്പിലെയും കാഴ്ചകൾ വരെ അതിൽ കടന്നു വരുന്നു. സിനിമയുടെ ദൃശ്യ ഭാഷയിലും ഈ സ്വാഭാവികതയുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ അത്തരം സ്വഭാവികത പലപ്പോഴും അതിഭാവുകത്വത്തിലേക്കും കൃത്രിമമായ റിയലിസ്റ്റിക്ക് കാഴ്ചകളിലേക്കും മാറുന്നുണ്ട് എന്നതും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.
ഈ കാഴ്ചകൾ മാറ്റി നിർത്തിയാൽ ‘വെടിക്കെട്ട്’ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കഥയാണ്. വളരെ തീവ്രമായി മനുഷ്യരുടെ ഇത്തരം വികാരങ്ങളെ കുറിച്ച് പറയുന്ന തിരക്കഥയാണ് സിനിമയുടേത്. വളരെ നീണ്ട സംഭവങ്ങളും കഥയും പറയുന്നത് കൊണ്ടാവാം കഥാപരിസരം ഭംഗിയുള്ളതാണെങ്കിലും കഥ പറച്ചിലും നിർമിതിയും ആകെ കുഴഞ്ഞു മറിഞ്ഞ (clumsy) രീതിയിലാണ്. കഥാപാത്രങ്ങളുടെ ബാഹുല്യവും കഥഗതിയുടെ നീളവും പലപ്പോഴും ആസ്വാദനത്തിന്റെ സ്വാഭാവികതയെ ഇല്ലാതാക്കി. സിനിമയുടെ തുടക്കത്തിലേ ഭംഗി ഇത് കെടുത്തി കളഞ്ഞതു പോലെ തോന്നി. കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ടുകൾ സിനിമയിൽ കടന്ന് വരുന്നതും കുറയ്ക്കാമായിരുന്നു എന്ന് തോന്നി.
ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘വെടിക്കെട്ട്’ നിർമിച്ചിട്ടുള്ളത്. വളരെയധികം ചർച്ചയായ ആ സംഭവത്തിന്റെ അവലംബം സിനിമയുടെ മൊത്തത്തിലുള്ള താളത്തെ ആകെ മാറ്റുകയും മറ്റൊരു രീതിയിലേക്ക് എത്തിക്കുകയും ചെയ്തു. സിനിമയുടെ മുന്നോട്ട് പോക്കിന് അങ്ങനൊരു അവസാനം ആവശ്യമാണ് എന്ന് തോന്നി. കറുപ്പും വെളുപ്പും മനുഷ്യരുമൊക്കെ ഒന്നാണ് എന്നൊക്കെയുള്ള ‘ഹാപ്പിലി എവർ ആഫ്റ്റർ പോലും’ സിനിമയുടെ അത് വരെയുള്ള ഭംഗിയെ കളഞ്ഞതായും തോന്നി. ജാതിയെ പറ്റി പറയുമ്പോൾ പലപ്പോഴും കാണിക്കുന്ന ബോധ്യങ്ങൾ ജൻഡർ പറയുമ്പോൾ (പല സിനിമകളെയും പോലെ) ‘വെടിക്കെട്ടി’നും കൈമോശം വന്നിട്ടുണ്ട്.
‘വെടിക്കെട്ട്’ വ്യത്യസ്തമായ സിനിമയാണ്. പൊതുവെ വന്ന് പോകുന്ന സിനിമാ കാഴ്ചകളിൽ നിന്നും പല നിലക്കുമുള്ള മാറ്റം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വരുത്താൻ ശ്രമിക്കുന്നുണ്ട്. ‘ലോക്കൽ ഈസ് ഇന്റർനാഷണൽ’ എന്ന ആശയത്തെ അവർ ഇവിടെയും മുന്നോട്ട് വെക്കുന്നുണ്ട്.