
Romancham Movie Review
ഓജോ ബോർഡ് കേരളക്കരയിലെ യുവാക്കളെ വലിയ രീതിയിൽ സ്വാധീനിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. ആത്മാവ്, പ്രേതം, പിശാച് എന്നു തുടങ്ങി കഥകളിൽ മാത്രം നിറഞ്ഞുനിന്ന ബിംബങ്ങളെ കുറിച്ചൊക്കെ കൂടുതലറിയാനുള്ള കൗതുകത്താൽ ഹോസ്റ്റൽ മുറികളിലും വീടുകളിലുമൊക്കെ മുറിയടച്ചും മെഴുകുതിരികൾ കത്തിച്ചുവച്ചും ഓജോ ബോർഡുമായി ആത്മാവിനെ കാത്തിരുന്നതും പനിച്ചും തുള്ളിവിറച്ചും രാത്രികൾ തള്ളി നീക്കിയതുമായ കഥകൾ പല ചെറുപ്പക്കാർക്കും പറയാനുണ്ടാവും. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവർക്കും ബാച്ച്‌ലർ കാലത്തിലെ തമാശകളും കുസൃതികളും നൊസ്റ്റാൾജിയയായി കൊണ്ടുനടക്കുന്നവർക്കുമൊക്കെ ഓർത്തോർത്ത് ചിരിക്കാനും രസിക്കാനുമുള്ള നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുകയാണ് ‘രോമാഞ്ചം’.
2007ലാണ് രോമാഞ്ചത്തിന്റെ കഥ നടക്കുന്നത്. ഇത് വെറുമൊരു സാങ്കൽപ്പികകഥയല്ലെന്നും ഒരുകൂട്ടം ചെറുപ്പക്കാരുടെ അനുഭവമാണെന്നും തുടക്കത്തിൽ തന്നെ അണിയറപ്രവർത്തകർ വെളിപ്പെടുത്തുന്നുണ്ട്. ബാംഗ്ലൂർ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു വീട്ടിലാണ് ജിബിയും (സൗബിൻ ഷാഹിർ) കൂട്ടുകാരും താമസിക്കുന്നത്. പ്രത്യേകിച്ച് വലിയ ലക്ഷ്യബോധമൊന്നുമില്ലാത്ത ആറുപേരും, അവർക്കിടയിൽ കൃത്യമായ ജോലിയും കൂലിയും അൽപ്പം ദൈവവിശ്വാസമൊക്കെയുള്ള ഒരാളും- രസകരമായ ഈ ഏഴംഗ സംഘത്തെ അങ്ങനെ പരിചയപ്പെടുത്താം. വീട്ടു ജോലികൾ വീതിച്ചുനൽകിയും രാത്രിസമയങ്ങളിൽ വോളിബോൾ കളിച്ചും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടെയാണ് ജിബിയ്ക്ക് ഓജോ ബോർഡിൽ താൽപ്പര്യം തോന്നുന്നത്. കൂട്ടുകാരെയും ഒരുവിധം കൺവീൻസ് ചെയ്ത് ജിബി ഓജോ ബോർഡ് കളിക്കുന്നു. അതൊരു തുടക്കമായിരുന്നു, അതിനു പിന്നാലെ ചില പ്രശ്നങ്ങളും വിചിത്രമായ സംഭവങ്ങളും ആ വീട്ടിൽ കണ്ടു തുടങ്ങുന്നു. കളി കാര്യമാവുന്നതോടെ ഏഴംഗസംഘവും ഭീതിയിലാവുന്നു.
പൊതുവെ ഹൊറർ ചിത്രങ്ങൾ പ്രേക്ഷകരെ പേടിപ്പിക്കുന്നതിലേക്ക് കൂടുതൽ ഫോക്കസ് കൊടുക്കുമ്പോൾ ഇവിടെ തിരിച്ചാണ് കാര്യങ്ങൾ. ഭയത്തേക്കാൾ പ്രേക്ഷകർക്ക് മനസ്സുതുറന്നു ചിരിക്കാനുള്ള അവസരമാണ് ‘രോമാഞ്ചം’ ഒരുക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിച്ചാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. സിറ്റുവേഷൻ കോമഡികളുടെ ഘോഷയാത്ര തന്നെ ചിത്രത്തിൽ കാണാം. അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയം, സംഭാഷണങ്ങൾ എന്നിവയൊക്കെയാണ് ചിത്രത്തിന്റെ പ്ലസ്. ജിബി എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. അർജുൻ അശോകന്റെ സിനു സോളമൻ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം പോലും ചിരിപടർത്തും. ഇവർക്കൊപ്പം ചെമ്പൻ വിനോദ്, സജിൻ ഗോപു, സിജു സണ്ണി, അനന്ത രാമൻ, എബിൻ ബിനോ, ജഗദീഷ് കുമാർ, ജോയിമോൻ ജ്യോതിർ, അഫ്സൽ, ശ്രീജിത്ത് നായർ എന്നിവരും കൂടി ചേരുമ്പോൾ ചിരിമേളം കൊഴുക്കുകയാണ്.
വലിയ സംഭവവികാസങ്ങളോ അതിനാടകീയ മുഹൂർത്തങ്ങളോ സംഘടനരംഗങ്ങളോ ഒന്നുമില്ലാതെ വളരെ സ്വാഭാവികമായാണ് കഥ പുരോഗമിക്കുന്നത്. സംവിധായകനായ ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. ചിത്രം കണ്ടുകൊണ്ടിരിക്കേ, ക്ളൈമാക്സ് ഭാഗത്ത് പ്രേക്ഷകർക്ക് അൽപ്പം അവ്യക്തത അനുഭവപ്പെടാം. എന്നാൽ രോമാഞ്ചത്തിനു രണ്ടാം ഭാഗമുണ്ടാവാമെന്ന സാധ്യത ബാക്കിവെച്ചാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്.
ബാച്ച്‌ലർ ലൈഫിന്റെ സത്യസന്ധമായൊരു ആവിഷ്കരണമാണ് ഓരോ ഫ്രെയിമിലും പ്രേക്ഷകർക്ക് കാണാനാവുക. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനത്തിലെ ഡീറ്റെയ്‌ലിംഗും പ്രേക്ഷകരുടെ ശ്രദ്ധ കവരും. കിരണ്‍ ദാസിന്റെ എഡിറ്റിംഗും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ വൈബിനോട് ചേർന്നു നിൽക്കുന്നവയാണ്. റീലുകളിലൂടെയും മറ്റും ഏറെ വൈറലായ ‘ആദരാഞ്ജലികൾ’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർക്ക് സമ്മാനിച്ച അതേ വൈബും മേളവും തന്നെയാണ് ചിത്രത്തിന്റെ തിയേറ്റർ കാഴ്ചയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ജോൺപോൾ ജോർജ് പ്രോഡക്ഷൻസിന്റെയും ഗുഡ് വിൽ എന്റർടൈൻമെന്റിന്റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷമാണ് ഹൊറർ കോമഡി ഴോണറിൽ മലയാളത്തിലൊരു ചിത്രം വരുന്നത്. അതിനാൽ, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പൊട്ടിച്ചിരിച്ചും രസിച്ചും കാണാവുന്ന, പൂർണമായും തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഒരു ചിത്രം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ധൈര്യമായി രോമാഞ്ചത്തിനു ടിക്കറ്റെടുക്കാം. രോമാഞ്ചം നിങ്ങളെ നിരാശപ്പെടുത്തില്ല. സജിൻ ഗോപുവിന്റെ കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ചിരിപ്പിച്ച് പൊതപ്പിച്ച് കിടത്തും ഈ പടം.’