സ്വാഭാവികമായ രീതിയിലുള്ള തുടക്കം, റിയലിസ്റ്റിക്കായ സംഭാഷണങ്ങൾ, റോഡ് മൂവിയിലേക്കുള്ള കൂടുമാറ്റം അവിടെ നിന്നും ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്കുള്ള മാറ്റം… സൂചനകളൊന്നുമില്ലാത്തിരുന്നിട്ടും ‘തങ്കം’, ഒരു ടിപ്പിക്കൽ ശ്യാം പുഷ്കരൻ സിനിമയാണ്. അതി ദുരൂഹമായ വഴികളിലൂടെ വളരെ സ്വഭാവികമെന്നവണ്ണം സഞ്ചരിച്ച് അവസാനം മനുഷ്യ മനസാണ് ഏറ്റവും വലിയ ദുരൂഹത എന്ന നിഗമനത്തിലെത്തുന്നു ചിത്രം. വിചിത്രമായ പല അടരുകളുള്ള ‘തങ്കം’ പലപ്പോഴും അതിനൊപ്പം പ്രേക്ഷകരെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. സഫീദ് ആരാഫാത്തിന്റെ സംവിധായകനെന്ന രീതിയിലുള്ള കയ്യൊതുക്കം കൂടി എടുത്ത് പറയേണ്ടതാണ്.
‘തങ്കം’ പേര് സൂചിപ്പിക്കും പോലെ തന്നെ സ്വർണത്താൽ നയിക്കപ്പെടുന്ന കഥയാണ്. കണ്ണൻ, മുത്തു എന്നീ സുഹൃത്തുക്കളുടെ ആത്മബന്ധമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. തൃശ്ശൂരിലെ ചെറുകിട സ്വർണ ഏജന്റുമാരായ ഇവർ വളരെ അപകടകരമായ രീതിയിൽ താഴെക്കിടയിൽ നിന്നു പ്രവർത്തിച്ചു ജീവിതത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു യാത്രയിലേക്കും പിന്നീട് കുറ്റാന്വേഷണത്തിലേക്കും സിനിമ സഞ്ചരിക്കുന്നു. വളരെയധികം അടരുകളുള്ള കഥാഗതിയിലേക്ക് പ്രേക്ഷകരെ സ്വാഭാവികമായി എത്തിക്കുകയെന്ന ജോലിയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ചെയ്തത്. തൃശ്ശൂരും കോയമ്പത്തൂരും ഉൾപ്പെടെ ചില തമിഴ് നാട് പ്രദേശങ്ങളും മുംബൈ നഗരവുമാണ് സിനിമയുടെ പ്രധാന കഥാപരിസരങ്ങൾ. സിനിമയുടെ മുന്നോട്ടുള്ള പോക്കിന് ഈ ലാൻഡ് സ്കെയ്പ്പിംഗ് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഒരിടം അല്ലെങ്കിൽ ഭൂമിക സിനിമയിൽ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നതിന്റെ ഉത്തരം ‘തങ്കം’ ഭംഗിയായി നൽകുന്നു. വളരെ കൃത്യമായി ഓരോ ഇടവും കഥ പറയുന്ന രീതിയും കാണാം.
നേരത്തെ സൂചിപ്പിച്ച പോലെ വളരെയധികം അടരുകളുള്ള സിനിമയാണ് ‘തങ്കം.’ മനുഷ്യൻ ജീവിതത്തിൽ പലയിടത്തും പലതാകുന്നതിന്റെ ഒക്കെ കാഴ്ചകൾ സിനിമ പറയുന്നു. ഇത്തരം അവസ്ഥകൾ അഭിനയത്തിലൂടെ, പെരുമാറ്റത്തിലൂടെ, ശരീര ഭാഷയിലൂടെയൊക്കെ പ്രേക്ഷകരിലെത്തിക്കുക വളരെ ശ്രമകരമാണ്. ബിജു മേനോനും വിനീത് ശ്രീനിവാസനും ഭംഗിയായി ആ ജോലി ചെയ്തിട്ടുണ്ട്. ഗിരീഷ് കുൽക്കർണിയും സിനിമയുടെ വ്യത്യസ്തമായ അന്തരീക്ഷം പ്രേക്ഷകരിലെത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വിനീത് തട്ടിൽ ഡേവിഡ്, അപർണ ബാലമുരളി എന്നിവരും തങ്ങളുടെ ചെറുതും വലുതുമായ രംഗങ്ങളിൽ വളരെ സ്വാഭാവികമായി തന്നെ സ്ക്രീനിൽ വന്നു പോയി. കഥാപാത്രങ്ങളുടെ ഒട്ടും തുറസല്ലാത്ത മാനസികാവസ്ഥകൾ പ്രേക്ഷകരിലെത്തിച്ചത് ഇവരുടെ സാന്നിധ്യമാണ്. തിരക്കഥ ഉദ്ദേശിക്കുന്ന ആശയവിനിമയം ഒട്ടും കൂടുകയും കുറയുകയും ചെയ്യാതെ ഇവർ കാഴ്ചക്കാരിലേക്കെത്തിച്ചു.
സിനിമയിലെ കുറ്റാന്വേഷണ രംഗങ്ങൾ പ്രേക്ഷകരിൽ എത്തുന്നത് വളരെ മൃദുവായാണ്. പതിഞ്ഞ താളത്തിലാണ് മൂന്നോ നാലോ ദിവസങ്ങൾ ഒരു വലിയ കേസിനു പുറകെ സഞ്ചരിക്കുന്നവർ പ്രേക്ഷകർക്ക് മുന്നിൽ ജീവിക്കുന്നത്. ഒരർത്ഥത്തിൽ അതാണ് ഈ സിനിമയുടെ ഭംഗി. വളരെ പോപ്പുലർ ആയ അന്വേഷണ രീതികളെ, കുറ്റകൃത്യങ്ങളെ ഒക്കെ ‘തങ്കം’ ഉപേക്ഷിക്കുന്നു. ഒരു കുറ്റകൃത്യമുണ്ടാക്കുന്ന ഉദ്വേഗത്തേക്കാൾ കൂടുതൽ അതുണ്ടാക്കുന്ന സംഘർഷങ്ങളും ആകാംക്ഷകളും മുറിവുകളുമാണ് സിനിമയുടെ വിഷയം. അവസാനം അവശേഷിക്കുന്നതതാണെന്ന് സിനിമ പറഞ്ഞു പോകുന്നു. ‘തങ്കം’ ഈ നിലക്കൊക്കെ പൂർണത അവകാശപ്പെടാവുന്ന സിനിമയാണെങ്കിലും അവസാനത്തോടടുക്കുമ്പോൾ വളരെയധികം ഫ്ലാറ്റ് ആയി പോകുന്നത് പോലെ അനുഭവപ്പെട്ടു. സ്പൂൺ ഫീഡിങ് ചിലയിടങ്ങളിലെങ്കിലും ആവശ്യമുണ്ടായിരുന്ന വളരെയധികം സാങ്കേതികമായ കാര്യങ്ങൾ ഒറ്റയടിക്ക് പറഞ്ഞവസാനിപ്പിച്ചത് പോലെ തോന്നി. സിനിമക്കും കാണുന്നവർക്കുമിടയിൽ ഉണ്ടായിരുന്ന ആശയ വിനിമയത്തെ ഒറ്റയടിക്ക് മുറിച്ചു കളയും പോലുള്ള അനുഭവമാണ് ഇതുണ്ടാക്കിയത്. ആ വൈകാരികതയിലേക്ക് എത്തുന്ന കാരണം ചിലർക്കെങ്കിലും അജ്ഞാതമായിരിക്കുന്ന അനുഭവം ‘തങ്കം’ ഒടുവിൽ ചിലയിടങ്ങളിൽ നൽകി. ‘തൊണ്ടിമുതലും ദൃക്സാക്ഷി’യും (2017) ‘ഡിയർ ഫ്രണ്ട്’ (2022)പോലുള്ള സിനിമകൾ പറയാൻ ശ്രമിച്ച തരത്തിലുള്ള മനുഷ്യ മനസിന്റെ ആഴത്തെ കുറിച്ചാണ് മറ്റൊരു യോണറിൽ നിന്ന് ‘തങ്ക’വും പറയുന്നത്.
മനുഷ്യ മനസിനെ കുറിച്ച് ചിന്തിക്കുന്ന, കുറ്റകൃത്യങ്ങളിലെ സങ്കീർണതകളെ കുറിച്ച് ആശങ്കപ്പെടുന്നവർക്ക് അത്രയൊന്നും വ്യവസ്ഥാപിത കാഴ്ചകൾ ഇല്ലാത്ത ‘തങ്കം’ നിരാശയില്ലാത്ത അനുഭവം നൽകിയേക്കാം.