
തരുൺ മൂർത്തിയുടെ ആദ്യ ചിത്രം ‘ഓപ്പറേഷൻ ജാവ’ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു. അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് സിനിമയുടെ മൂല കഥ. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷ കണക്കിന് കേസുകളാണ് ഇത്തവണ ‘സൗദി വെള്ളക്ക’ യുടെ വിഷയം. നിയമവും നീതിയും എങ്ങനെ രണ്ടാവുന്നു എന്ന സംവിധായകന്റെ അന്വേഷണം ഇവിടെയും തുടരുന്നു. ഒട്ടും സിനിമാറ്റിക്ക് അല്ലാത്ത ഒരു കേസിനെ അതി വൈകാരികമായി സമീപിച്ചാണ് ഇത്തവണ സംവിധായകൻ ഈ വിഷയം അന്വേഷിക്കുന്നത്. ഒരൊറ്റ വിഷയത്തിലൂടെ പലരുടെയും മാനസിക വ്യാപാരത്തിലൂടെ സഞ്ചാരിച്ചാണ് ഇത്തവണ സംവിധായകൻ ഈ വിഷയം അന്വേഷിക്കുന്നത്. കേസ്, കോടതി, നീതി, നിയമം, വാദി, പ്രതി ഇവയിലൊക്കെ ചില സമയത്തെങ്കിലുമുള്ള പൊള്ളത്തരങ്ങളെ പറ്റിയും സിനിമ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു വ്യാഴവട്ടം നീണ്ട വിചിത്രമായ കേസിന്റെ നാൾവഴികളിലൂടെ നടന്ന കുറെ പേരിലൂടെ സിനിമ സഞ്ചരിക്കുന്നു.
കുട്ടികളും വൃദ്ധരും സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗമാണ്. ഇവരുടെ നൈമിഷികവും വൈകാരികതകളെ മറ്റുള്ളവർ ഉപയോഗിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ‘സൗദി വെള്ളക്ക’ യുടെ കഥ നടക്കുന്നത്. ആ കഥയുടെ തുടർച്ചയിൽ ശിഥിലമാവുന്ന കുടുംബവും കേസ് നടത്തേണ്ടി വരുന്ന വൃദ്ധയും അവരെ ചുറ്റി പറ്റി നടക്കുന്ന മനുഷ്യരും സംഭവങ്ങളും ഒക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ‘ഓപ്പറേഷൻ ജാവ’യുടെ തുടർച്ച പോലെ കാരിക്കേച്ചർ സ്വഭാവമുള്ള നിരവധി കഥാപാത്രങ്ങളാണു സിനിമയെ മുന്നോട്ട് നയിക്കുന്നത്. കന്യാസ്ത്രീ വക്കീൽ, ഒളിച്ചോടുന്ന മജിസ്ട്രറ്റ്, ചവിട്ട്നാടകക്കാരൻ ബ്രോക്കർ തുടങ്ങീ നിരവധി സവിശേഷ കഥാപാത്രങ്ങൾ സിനിമയിൽ വന്നു പോകുന്നു.
മനുഷ്യ നന്മയാണ് സിനിമയുടെ മറ്റൊരു പ്രമേയം. മനുഷ്യരുടെ നന്മയാണ് ആത്യന്തികമായി വിജയിക്കുന്നതെന്നാണ് സിനിമ പറയാൻ ശ്രമിക്കുന്നത്. അനുതാപവും സ്നേഹവുമാണ് മനുഷ്യരെ നിലനിർത്തുന്നത് എന്ന് സിനിമ പറയുന്നു. നന്മക്ക് വേണ്ടി ചില രംഗങ്ങളെങ്കിലും വളരെയധികം നിർബന്ധ ബുദ്ധിയോടെ കൂട്ടി ചേർത്തത് പോലെ തോന്നി. സിനിമയിൽ വന്നു പോയ ചില പാട്ടുകളും സംഭാഷണങ്ങളും ഇത്തരമൊരു സാധ്യത മുന്നിൽ കണ്ട് എഴുതിയത് പോലെ അനുഭവപ്പെട്ടു. അതിവൈകാരികത പലപ്പോഴും സിനിമ പറയാൻ ഉദ്ദേശിച്ച ഗുരുതരമായ വിഷയത്തിൽ നിന്നും മാറി സഞ്ചാരിച്ചത് പോലെ തോന്നി. സിനിമക്ക് പലപ്പോഴും പറയാൻ വിഷയമില്ലാതെ പോകുന്നതായും ചില ഘട്ടങ്ങളിൽ തോന്നി. കേസിൽ നിന്നും മാറി പ്രധാന കഥാപാത്രത്തിന്റെ സഞ്ചാരത്തിലേക്ക് സിനിമയുടെ ശ്രദ്ധ മാറുന്നു. സംഭാഷണങ്ങൾ, പാട്ടുകൾ ഒക്കെ കുറെ ഭാഗങ്ങളിൽ സിനിമയെ ഫോക്കസ് ഔട്ട് ആക്കുന്നു. വളരെ ചെറിയ, അതി സൂക്ഷ്മ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു വിഷയത്തെ ലാഘവത്വത്തോടെ സമീപിച്ചത് പോലെ ചില ഘട്ടങ്ങളിൽ തോന്നുന്നു. പാട്ട്, മെലോഡിരമാറ്റിക്ക് ആയ സംഭാഷണങ്ങൾ ഒക്കെ സിനിമയുടെ മൂഡിന് ചേരാതെ മാറി നിന്നത് പോലെ തോന്നി. കഥാപാത്രങ്ങളുടെ അനാവശ്യ ഡീറ്റെലിംഗ് ഇതേ അവസ്ഥയുണ്ടാക്കി. റിയലിസ്ററിക് ആയ സംഭാഷങ്ങൾക്കും കൃത്രിമത്വം തോന്നി.
കോടതികളിൽ കെട്ടി കിടക്കുന്ന കേസുകളോട്, അതിൽ പല നിലക്ക് ഉൾപ്പെട്ടു വർഷങ്ങൾ പോകുന്ന മനുഷ്യരോട് കുറച്ച് കൂടി അനുതാപ പൂർവമായ സമീപനം ആവശ്യമാണ്. സമയബന്ധിതമായ നീതി സംസാരിക്കേണ്ട വിഷയമാണ്. പക്ഷെ മനുഷ്യ നന്മ, മനുഷ്യന് പൊറുത്തു കൊടുക്കാനുള്ള കഴിവ് ഇതൊക്കെ കേസിനും കോടതിക്കും മീതെയാണ് എന്ന് പറയുന്നിടത്ത്, നിയമത്തിനപ്പുറമാണ് മനുഷ്യത്വം എന്ന് പറയുന്നിടത്ത് ഒക്കെ അത്ര പ്രത്യക്ഷമല്ലാത്ത അപകടം പാതിരിഞ്ഞിപ്പുണ്ട്. നിയമത്തെ മനുഷ്യ നന്മ കൊണ്ട് എതിരിടുക എന്നത് സാമൂഹ്യമായി ഒരു ജനാധിപത്യ രാജ്യത്ത് ലളിതമായി പറഞ്ഞു പോകാവുന്ന ഒന്നല്ല. വിഷയവതരണത്തിലെ ഈ സൂക്ഷ്മതകുറവും ചിലയിടങ്ങളിൽ കല്ലുകടിയായി.
‘സൗദി വെള്ളക്ക’ ഒരൊറ്റ വിഷയത്തിൽ നിന്നും രണ്ട് ദശാബ്ദത്തോളം നീണ്ട ചില ജീവിതങ്ങളെ അടയാളപ്പെടുത്തുന്നു. സിനിമാ പോസ്റ്ററുകൾ മുതൽ എല്ലാം കാല ഗണനയോട് നീതി പുലർത്തി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ ആ സൂക്ഷ്മത പാത്ര നിർമിതിയിലും സംഭാഷങ്ങളിലും ചിലപ്പോഴെങ്കിലും അടയാളപ്പെടാതെ പോയി. സോഷ്യൽ ഡ്രാമ എന്ന നിലയ്ക്ക് പരീക്ഷണമാണ് ഈ സിനിമ. ചിലപ്പോഴെങ്കിലും മുഷിപ്പിച്ചും മറ്റു ചിലപ്പോൾ ആശയക്കുഴപ്പത്തിലായും പ്രേക്ഷകരെ ഇടക്ക് പരീക്ഷിക്കുന്നുണ്ട് ‘സൗദി വെള്ളക്ക’ . ഈ പരീക്ഷണത്തെ അതിജയിക്കാനായാൽ ആസ്വദിക്കാനാവും ഈ സിനിമ.