നവാഗതനായ സംഗീത് പി രാജൻ (Sangeeth P Rajan) സംവിധാനം ചെയ്ത ‘പാല്‍ത്തു ജാന്‍വര്‍’ (Palthu Janwar Movie) ന്‍റെ കഥ എഴുതിയത് എഴുത്തുകാരൻ വിനോയ് തോമസും അനീഷ് അഞ്‌ജലിയും ചേർന്നാണ്. ഭാവന മൂവിസിന്‍റെ (Bavana Movies) ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. ബേസിൽ ജോസഫ് (Basil Joseph), ഇന്ദ്രൻസ് (Indrans), ജോണി ആന്റണി (Johny Antony), ഉണ്ണിമായ (Unnimaya), ദിലീഷ് പോത്തൻ (Dileesh Pothan), ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലളിതമായ ഒരു ഉത്സവ കാല സിനിമയുടെ പ്രതീതി ജനിപ്പിച്ച സിനിമയുടെ ട്രെയിലറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പ്രൊമോഷണൽ ഗാനവും ഒക്കെ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകി.
Palthu Janwar Movie Review
കണ്ണൂരിലെ കുടിയാന്മല എന്ന് പേരുള്ള ഉൾഗ്രാമത്തിലെ ഒരു മൃഗാശുപത്രിയെ ചുറ്റി പറ്റിയാണ് ‘പാൽത്തു ജാൻവറി’ന്‍റെ കഥ വികസിക്കുന്നത്. അവിടേക്ക് പുതിയ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി വന്ന പ്രസൂൺ ഈ മേഖലയിലേക്ക് യാതൊരു താല്പര്യവും ഇല്ലാതെ എത്തിയ ആളാണ്. അച്ഛന്‍റെ മരണ ശേഷം ലഭിച്ച ജോലി ആയത് കൊണ്ടും കടുത്ത ജീവിത സാഹചര്യങ്ങൾ നിർബന്ധിച്ചത് കൊണ്ടും ആ ജോലി ഏറ്റെടുക്കാൻ പ്രസൂൺ നിർബന്ധിതനാവുന്നു. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന പ്രസൂണിന്‍റെ ആത്മസംഘർഷങ്ങളും തൊഴിലിടത്തിലെ വെല്ലുവിളികളും പ്രസൂൺ അതിനെയൊക്കെ അതിജീവിക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് സിനിമയുടെ പ്രധാന കഥാതന്തു. പ്രസൂൺ അവിടെ കണ്ട് മുട്ടുന്ന മനുഷ്യരിലൂടെയും മൃഗങ്ങളിലൂടെയും കഥ വളരുന്നു.
മലയാളത്തിൽ മൃഗാശുപത്രികളെ ചുറ്റി പറ്റി ഉണ്ടായ, ഇന്നും പ്രേക്ഷകർ ഓർക്കുന്ന സിനിമകളാണ് ‘ഡോക്ടർ പശുപതി’ ‘വധു ഡോക്ടറാണ്’ എന്നിവ. ഹാസ്യമാണ് ഈ രണ്ട് സിനിമകളുടെയും ഗണം. എവിടെയൊക്കെയോ അത്തരമൊരു ബാഹ്യ അന്തരീക്ഷം സൃഷ്ടിക്കാൻ ‘പാൽത്തു ജാൻവറും’ ശ്രമിക്കുന്നുണ്ട്. അത്രയൊന്നും ഫലപ്രദമല്ലെങ്കിലും ‘പാൽത്തു ജാൻവറും’ വികസിക്കുന്നത് ഹാസ്യത്തിലൂടെയാണ്. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാൻ പക്ഷേ ആ ഹാസ്യം പരാജയപ്പെട്ടു പോകുന്നുണ്ട്.
‘കമിങ് ഓഫ് ഏജ്’ സിനിമയുടെ സാധ്യതയും ‘പാൽത്തു ജാൻവർ’ പകർന്നു തരുന്നുണ്ട്. ‘പ്രേമ’വും ‘ജൂണും’ പോലുള്ള സിനിമകൾ അത്തരം ചിത്രങ്ങളുടെ സ്വീകാര്യതയെ മലയാളത്തിൽ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ‘പാൽത്തു ജാൻവറി’ലെ നായകൻ ബേസിൽ അത്തരമൊരു dimension കൂടി ചിത്രത്തിനുണ്ട് എന്ന് ഒരു ആഭിമുഖത്തിൽ പറഞ്ഞിരുന്നു. കടുത്ത നിരാശയും ആത്മവിശ്വാസകുറവും പേറുന്ന പ്രസൂണിൽ നിന്ന് ക്ലൈമാക്സിലെ പ്രസൂണിലേക്കുള്ള വളർച്ചയാണ് സിനിമയ്ക്ക് അത്തരമൊരു സാധ്യതയിലേക്ക് തുറന്ന് വച്ചത്. പക്ഷേ അപ്പോഴും രണ്ടാം പകുതിയിൽ ചിത്രം ആ വിഷയത്തെ ഭാഗികമായെങ്കിലും കൈ വിടുന്നു. മനുഷ്യരും മറ്റു ജീവ ജാലങ്ങളും തമ്മിൽ ഉള്ള/ഉണ്ടാവേണ്ട ആത്മ ബന്ധത്തെയും സഹവർത്തിത്വത്തെ കുറിച്ചും സിനിമ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഉപദേശ രൂപത്തിലുള്ള അത്തരം ബോധ്യങ്ങൾ എത്ര കണ്ട് പ്രേക്ഷകരിലേക്കെത്തും എന്ന് സംശയമാണ്.