ഏതൊരു സാധാരണ ശരാശരി യുവാവിന്റെയും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് ധനുഷ് (Dhanush) പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായി മാറിയത്. ധനുഷിന്റെ ജനപ്രിയ ചിത്രങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. ആ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ചിത്രമാണ് തിരുച്ചിത്രംബളം (Thiruchitrambalam Movie). യാരടി നീ മോഹിനി കുട്ടി ഉത്തമ പുത്രൻ എന്നീ ചിത്രങ്ങൾ ധനുഷിന് നൽകിയ സംവിധായകൻ മിത്രം ജവഹർ ആയി ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് തിരുച്ചിത്രമ്പളം. മാത്രമല്ല ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം ധനുഷ് അനിരുദ്ധ (Anirudh) ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
ചെന്നൈയിൽ ഒരു ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന പഴം എന്ന തിരുച്ചിത്രബളവും സുഹൃത്തായ ശോഭനയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. ജീവിതത്തിൽ വിജയിക്കാൻ സാധിക്കാത്ത നിരവധി കഥാപാത്രങ്ങളായി ധനുഷ് മുൻപും പല ചിത്രങ്ങൾ ചെയ്തിട്ടുണ്ട് അത്തരത്തിലുള്ള ഒരു പതിവ് വേഷം തന്നെയാണ് പഴവും. എന്നാൽ എത്ര തവണ ആവർത്തിച്ചാലും പ്രേക്ഷകർക്ക് മടുപ്പുളവാക്കാത്ത രീതിയിൽ പഴത്തെ അനായാസകരമായും ഗംഭീരമായും അവതരിപ്പിക്കുവാൻ ധനുഷിനായിട്ടുണ്ട്. ധനുഷിന്റെ പഴവും നിത്യ മേനോന്റെ (Nithya Menen) ശോഭനയും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. പുതുമകൾ ഒന്നും തന്നെ തരാത്ത കഥയും ഊഹിക്കാവുന്ന കഥാഗതിയും ആണെങ്കിലും പ്രേക്ഷകരെ പൂർണ്ണമായും ആസ്വദിക്കാനുള്ള വക നൽകിയാണ് സംവിധായകൻ മിത്രം ജവഹർ ചിത്രം ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഡയലോഗുകൾ കൊണ്ട് ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ഏച്ചുകെട്ടലോ കൃത്രിമമോ ഇല്ലാത്ത മനോഹരമായ ഡയലോഗുകൾ തിയേറ്ററുകളിൽ കയ്യടികൾ നേടുന്നുണ്ട്. സിനിമയിൽ എടുത്തു പറയേണ്ട മറ്റു പ്രകടനങ്ങൾ പ്രകാശ് രാജിന്റെയും ഭാരതിരാജയുടെതുമാണ്. നിത്യ മേനോനെ കൂടാതെ പ്രിയ ശങ്കറും ഋഷി ഗനെയും ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട്, എന്നിരുന്നാലും ഈ സിനിമയിൽ ഏറെ ഗുണം ചെയ്യുക നിത്യ മേനോന് തന്നെയാണ്. ഇടവേളക്കുശേഷം തിരിച്ചെത്തിയ ധനുഷ് അനുരുത് കോംബോയിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. പക്ഷേ ഒരു വമ്പൻ ഹിറ്റ് ഗാനം ഇത്തവണ ഈ കൂട്ടുകെട്ടിന് തരാൻ സാധിക്കാത്തതും ചെറിയതോതിൽ ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. റൊമാൻറിക് കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ധനുഷ് ചിത്രത്തിന്റെ ആസ്വാദകർക്കും പൂർണ്ണമായും ആസ്വദിക്കാൻ പറ്റിയ ഒരു എന്റർടൈനർ തന്നെയാണ് തിരുച്ചിത്രമ്പളം