വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെയും അസ്വാരസ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന, മാറിയ കാലത്തെ ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ഒരു കുടുംബചിത്രമാണ് അനൂപ് മേനോൻ (Anoop Menon) സംവിധാനം ചെയ്ത ‘പത്മ’ (Padma Movie). അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് (Surabhi Lakshmi) ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
എറണാകുളത്തെ പ്രശസ്തനായൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് രവിശങ്കർ. വളരെ പരിഷ്‌കൃതമായ ജീവിതശൈലിയുടെ ഉടമയാണ് അദ്ദേഹം. നാട്ടിൻപ്പുറത്തിന്റേതായ ജീവിതമിഷ്ടപ്പെടുന്ന, തനി കോഴിക്കോടൻ മലയാളത്തിൽ സംസാരിക്കുന്നയാളാണ് ഭാര്യ പത്മ.
കൗൺസിലിംഗും തന്‍റെ രോഗികളുമൊക്കെയായി എപ്പോഴും തിരക്കിലാണ് രവിശങ്കർ. അതേ സമയം, നാഗരിക ജീവിതത്തിലേക്ക് ചേർന്നു നിൽക്കാൻ ശ്രമിക്കുമ്പോഴും താൻ ഇവിടേക്ക് ചേർന്നവളല്ലെന്ന ബോധം പത്മയ്ക്കുള്ളിൽ എപ്പോഴുമുണ്ട്. ഏക മകനെ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ ചേർത്തതോടെ പത്മ തീർത്തും ഒറ്റപ്പെടുന്നു. പത്മയുടെ ഏകാന്തതയും ചില്ലുകൂട്ടിലെ അലങ്കാരമത്സ്യമെന്ന പോലെയുള്ള അവളുടെ ജീവിതവും തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
തന്‍റെ മുന്നിലെത്തുന്ന രോഗികളോട് ‘നമുക്കൊന്നിച്ചിത് നേരിടാം’ എന്ന് ആത്മബലം കൊടുക്കുന്ന ഡോക്ടർ രവിയ്ക്ക് പക്ഷേ സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ അടിപതറുകയാണ്. എന്നാൽ, ഒരു പുനപരിശോധനയ്ക്ക് അയാൾ തയ്യാറാവുന്നിടത്തുനിന്നും സാഹചര്യങ്ങൾ മാറി തുടങ്ങുന്നു.
വിവാഹേതര ബന്ധങ്ങൾ, ദാമ്പത്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ഒറ്റപെടലുകൾ, പോൺ അഡിക്ഷൻ, ദമ്പതികൾക്കിടയിലെ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങളെ ചിത്രം പരാമർശിച്ചുപോവുന്നുണ്ട്. ഗൗരവകരമായി തന്നെ കണക്കിലെടുക്കേണ്ടതും കൃത്യമായി അഡ്രസ് ചെയ്യപ്പെടേണ്ടതുമാണ് ഇതിൽ പലതും.
‘പത്മ’യെന്ന കഥാപാത്രത്തിനെ ഏറെ മിഴിവോടെയാണ് സുരഭി അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രം കടന്നുപോവുന്ന മാനസികസംഘർഷങ്ങളെ കൃത്യമായി തന്നെ സുരഭി രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ രവിശങ്കർ എന്ന കഥാപാത്രം അനൂപ് മേനോനിലും ഭദ്രം. ശങ്കർ രാമകൃഷ്ണൻ, മാല പാർവതി, ശ്രുതി രജനീകാന്ത്, മെറീന മൈക്കിള്‍, ദിനേഷ് പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
അനൂപ് മേനോൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പത്മ’യ്ക്കുണ്ട്. ചിത്രത്തിന്‍റെ മേക്കിംഗിൽ ചിലയിടങ്ങളിൽ വളരെ കൃത്രിമത്വം തോന്നുന്നു എന്നതാണ് ഒരു പോരായ്മ. എന്നാൽ രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെ ചിത്രം കൃത്യമായി അതിന്റെ ട്രാക്ക് കണ്ടെടുക്കുന്നുണ്ട്.
മഹാദേവൻ തമ്പി പകർത്തിയ ദൃശ്യങ്ങൾ ചിത്രത്തിന് നിറപ്പകിട്ടേകുന്നു. അനൂപ് മേനോൻ, ഡോക്ടർ സുകേഷ് എന്നിവരുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് നിനോയ് വർഗീസ് ആണ്. കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളാൽ സമ്പന്നമാണ് ചിത്രം. ശബ്ദസാന്നിധ്യമായി നടൻ ജയസൂര്യയും ‘പത്മ’യിൽ നിറഞ്ഞുനിൽക്കുന്നു.
സംസാരിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ് പറയുന്നതെങ്കിലും എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ സാധ്യതയുള്ള ചിത്രമല്ല ‘പത്മ’. വിവാഹ ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെയും നേർക്കാഴ്ചകളെയും അഭിമുഖീകരിച്ചിട്ടുള്ളവർക്കാവും ചിത്രം കുറച്ചു കൂടി ആസ്വദിക്കാനാവുക.
വെറുതെ ജീവിച്ചു പോവാനുള്ളതല്ല ജീവിതമെന്നും ബന്ധങ്ങളെയൊന്നും നിസ്സാരമായി (taken for granted) ആയി എടുക്കരുതെന്നുമൊക്കെ ചിത്രം പറയുന്നു. ഒരു ചെടിയ്ക്ക് വളരണമെങ്കിൽ കൂടി വെള്ളവും വളവും സൂര്യപ്രകാശവും അത്യന്താപേക്ഷികമാണെന്ന പോലെ, ദാമ്പത്യത്തിൽ ചേർത്തുപിടിക്കലുകളും സ്നേഹവും കരുതലും എത്രത്തോളം പ്രധാനമാണെന്ന് ‘പത്മ’ ഓർമിപ്പിക്കുന്നു. കുടുംബത്തോടൊപ്പം കാണേണ്ട ചിത്രമാണ് ‘പത്മ’.
Courtesy :- Dhanya K Vilayil (The Indian Express)