ടൊവിനോ തോമസും (Tovino Thomas) കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘വാശി’ തിയേറ്ററുകളിലെത്തി. കേസുകളുടെയും കോടതിയുടെയും പശ്ചാത്തലത്തിൽ പറഞ്ഞുപോവുന്ന ഒരു ഫാമിലി ഡ്രാമയാണ് ‘വാശി’. ഒരിടവേളയ്ക്ക് ശേഷം കീർത്തി സുരേഷ് നായികയായി മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രം, ടൊവിനോ തോമസിന്റെ ആദ്യത്തെ വക്കീൽ വേഷം എന്നീ പ്രത്യേകതകളും ചിത്രത്തിനുണ്ട്.
അഡ്വക്കേറ്റ് എബിൻ മാത്യുവും (ടൊവിനോ തോമസ്) അഡ്വക്കേറ്റ് മാധവി മോഹനും (കീർത്തി സുരേഷ്) സുഹൃത്തുക്കളാണ്. കരിയർ പടുത്തുയർത്താനായി ബുദ്ധിമുട്ടുന്ന രണ്ടു യുവ വക്കീലന്മാർ.അവർക്കിടയിലെ സൗഹൃദം പതിയെ പ്രണയമായി മാറുന്നു. ഇരുമതങ്ങളിൽ പെട്ടവരാണെങ്കിലും രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരാവുന്നു. എന്നാൽ, അതിനിടയിൽ അവർക്ക് ഏറ്റെടുക്കേണ്ടി വരുന്ന ഒരു കേസ് ഇരുവർക്കുമിടയിൽ വിള്ളലുകൾ വീഴ്ത്തുകയാണ്. എബിനും മാധവിയ്ക്കും ഇടയിലെ സമവാക്യങ്ങൾ മാറുകയും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യുന്നു.
ടൊവിനോയുടെയും കീർത്തിയുടെയും പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. കടപ്പാടുകൾക്ക് കീഴ്പ്പെട്ട് ജീവിക്കുന്ന, നയതന്ത്രപരമായി സംസാരിക്കാൻ ഇഷ്ടപ്പെടുന്ന എബിയും കാര്യങ്ങൾ നേരെ ചൊവ്വേ വെട്ടിതുറന്ന് പറയാനിഷ്ടപ്പെടുന്ന മാധവിയും ടൊവിനോയുടെയും കീർത്തിയുടെയും കയ്യിൽ ഭദ്രമാണ്. കുടുംബവും കരിയറും ഒന്നിച്ചുകൊണ്ടുപോവാൻ ശ്രമിക്കുന്ന പുതിയ കാലത്തിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നുണ്ട് കീർത്തിയുടെ മാധവി. തൊഴിലിടങ്ങളിലെ ആൺമേൽകൊയ്മകളോടും മാധവി കലഹിക്കുന്നുണ്ട്. എന്നിരുന്നാലും, കീർത്തിയെന്ന നടിയെ വെല്ലുവിളിക്കുന്ന അഭിനയമുഹൂർത്തങ്ങളൊന്നും ചിത്രത്തിൽ ഇല്ല.
കോട്ടയം രമേശ്, സുരേഷ് കുമാർ, റോണി ഡേവിഡ്, അനു മോഹൻ, ബൈജു സന്തോഷ്, ശ്രീലക്ഷ്മി, വനിത കൃഷ്ണചന്ദ്രൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അൽപ്പം വ്യത്യസ്തമായൊരു പ്രസന്റേഷനാണ് സംവിധായകൻ വിഷ്ണു രാഘവ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. കോടതി റൂമിലെ വിസ്താരവും കുടുംബജീവിതവും വ്യക്തികളുടെ കാഴ്ചപ്പാടുകളുമെല്ലാം കോർത്തിണക്കികൊണ്ടാണ് കഥ പറഞ്ഞുപോവുന്നത്. അവതരണത്തിൽ പുതുമ കൊണ്ടുവരാൻ സംവിധായകൻ വിഷ്‍ണു ജി രാഘവ് ശ്രമിച്ചിട്ടുണ്ട്.
സമകാലിക പ്രസക്തിയുള്ള ഒരു വിഷയവും ‘വാശി’ പരാമർശിക്കുന്നുണ്ട്. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ?, അത്തരമൊരു പ്രവണത സമൂഹത്തിൽ വ്യാപകമാവുന്നുണ്ടോ? തുടങ്ങിയ ചില ചോദ്യങ്ങൾ ചിത്രം ഉയർത്തുന്നുണ്ടെങ്കിലും ആ വിഷയത്തിന് വേണ്ടത്ര ഗൗരവം നൽകാനും പ്രേക്ഷകരിൽ ഇംപാക്റ്റ് ഉണ്ടാക്കുന്ന രീതിയിൽ അതിനെ അവതരിപ്പിക്കാനും ചിത്രത്തിന് കഴിയുന്നില്ല. ഒരു ഫാമിലി ഡ്രാമയുടെ പ്ലോട്ടിലേക്ക് തന്നെ ഒതുങ്ങുകയാണ് ചിത്രം. ഒരു ശരാശരി കാഴ്ചാനുഭവമാണ് ‘വാശി’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
റോബി വർഗീസാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികളുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോൻ ആണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ‘വാശി’ നിര്‍മ്മിച്ചത്. അച്ഛൻ സുരേഷ് കുമാർ നിർമിക്കുന്ന സിനിമയിൽ ഇതാദ്യമായാണ് കീർത്തി നായികയാവുന്നത്.
Courtesy :- Dhanya K Vilayil (The Indian Express)