ധ്യാൻ ശ്രീനിവാസന്റെ (Dhyan Sreenivasan) തിരക്കഥയിൽ ദിലീഷ് പോത്തൻ (Dileesh Pothan), മാത്യു തോമസ് (Mathew Thomas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് നിലമ്പൂർ (Shahad Nilambur) സംവിധാനം ചെയ്ത ‘പ്രകാശൻ പറക്കട്ടെ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ ജീവിതത്തിലൂടെയും കൗമാര പ്രണയത്തിന്റെയും ചിന്തകളുടെയും സഹോദരസ്നേഹത്തിന്റെയും രസക്കൂട്ടുകളിലൂടെയും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു കൊച്ചു കുടുംബചിത്രമാണ് ഇത്.
നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും പേറി നടക്കുന്ന പ്രകാശന്റെയും (ദിലീഷ് പോത്തൻ) മൂത്ത മകൻ ദാസന്റെയും (മാത്യു തോമസ്) കഥയാണ് ചിത്രം പറയുന്നത്. ലതയാണ് (നിഷ സാരംഗ്) പ്രകാശന്റെ ഭാര്യ. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്, എൽപി സ്‌കൂൾ വിദ്യാർത്ഥിയായ അഖിൽ പ്രകാശൻ. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നമ്മുടെയെല്ലാം അയല്പക്കങ്ങളിൽ കാണാവുന്ന ഒരാളാണ് പ്രകാശൻ. നാട്ടിലെ ഒരു ചെറിയ ജങ്ഷനിൽ പലചരക്കു കട നടത്തിയാണ് പ്രകാശൻ കുടുംബം പോറ്റുന്നത്.
പിടിവിട്ട പട്ടം പോലെ പാറി നടക്കുന്ന, പഠനത്തിൽ ഉഴപ്പുന്ന സ്‌കൂളിലേക്ക് എന്നുപറഞ്ഞ് ഇറങ്ങിയാൽ ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്നയാളാണ് ദാസൻ. അതിനിടെയാണ് ദാസനിൽ ഒരു പ്രണയം പൊട്ടിമുളയ്ക്കുന്നത്. തന്റെ കുഞ്ഞനിയനിൽ നിന്ന് കിട്ടിയ കുഞ്ഞു ഐഡിയയിൽ നിന്ന് അവന്റെ പ്രണയം പതിയെ വിജയം കാണുന്നു. അങ്ങനെ ദാസനിൽ പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും വിരിയുകയാണ്. എന്നാൽ സാമ്പത്തിക പരാതീനതകൾക്കിടയിലും വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്ന അവരുടെ കുടുംബത്തിൽ പെട്ടെന്നൊരു പ്രതിസന്ധി ഉണ്ടാകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ചിത്രത്തിൽ എടുത്ത് പറയേണ്ടത് ദിലീഷ് പോത്തന്റെ പ്രകടനം തന്നെയാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും പേറുന്ന ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കുടുംബനാഥനെ ദിലീഷ് പോത്തൻ ഗംഭീരമാക്കിയിട്ടുണ്ട്. സ്‌ക്രീനിൽ ദിലീഷിന്റെ പ്രകാശൻ നമ്മുക്കെല്ലാം അറിയുന്ന ഒരു കുടുംബനാഥനായി തന്നെ നിറഞ്ഞുനിൽക്കുന്നു. അയൽപക്കത്തെ പയ്യൻ ഇമേജ് ഉള്ള മാത്യു തോമസും വൈകാരിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ദിലീഷും മാത്യുവും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മികച്ചതായിരുന്നു. മാത്യുവിന്റെ അനിയനായി എത്തിയ ബാലതാരം ഋതുൻജയും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നുണ്ട്.
മാത്യു തോമസിന്റെ നായികയായി എത്തിയ പുതുമുഖതാരം മാളവികയും അമ്മയായി നിഷാ സാരംഗും യാതൊരു ഉപകാരവുമില്ലാത്ത വ്‌ളോഗറായ അളിയനായി സൈജു കുറുപ്പും കയ്യടി നേടുന്നുണ്ട്. സൈജു കുറുപ്പിന്റെ മാനറിസങ്ങളുമൊക്കെ രസമാണ്. പറവയ്ക്ക് ശേഷം ഒരു മുഴുനീള കഥാപാത്രമായി എത്തിയ ഗോവിന്ദ് വി. പൈയും ശ്രദ്ധനേടുന്നുണ്ട്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ശ്രീജിത്ത് രവി, സ്മിനു സിജോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ‘ലവ് ആക്ഷൻ ഡ്രാമ’യിൽ നിന്ന് ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ ധ്യാൻ ശ്രീനിവാസനിലെ എഴുത്തുകാരനിൽ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്ന് നിരാശയോടെ പറയേണ്ടി വരും. തരക്കേടില്ലാത്ത ഒരു പ്ലോട്ടിനെ നല്ലൊരു തിരക്കഥയിലേക്ക് മാറ്റാൻ ധ്യാനിന് കഴിഞ്ഞിട്ടില്ല. ചില ഡയലോഗുകളിൽ നാടകീയത അനുഭവപ്പെടുന്നുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ പലയിടങ്ങളിലും മുഴച്ചു നിൽക്കുന്നുണ്ട്.
അധ്യാപകർ വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കെ, കഥയിൽ വലിയ പ്രാധാന്യമില്ലാതെ അങ്ങെനെയൊരു സംഭവം നായകന്റെ ഹീറോയിസം അഡ്രസ് ചെയ്യാനായി ഉൾപ്പെടുത്തിയത് കല്ലുകടിയായി തോന്നി. അതുപോലെ, സമ്മതമില്ലാതെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്യുന്ന നായികയോട് “എനിക്ക് സുന്ദരമായി തോന്നുന്ന എന്തും പകർത്തും, മനായാലും, മയിലായാലും, കുയിലായാലും എന്ന് പറയുന്ന ഡയലോഗ് ചിത്രം കാണുന്ന കുട്ടികൾക്ക് കൺസെന്റിനെ സംബന്ധിച്ച് തെറ്റായ സന്ദേശം നൽകുമെന്ന് തോന്നി. പ്രത്യേകിച്ചും സിനിമയിൽ കാണുന്നത് അനുകരിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരിൽ.
മലബാറിലെ ഒരു ഗ്രാമപ്രദേശത്തെ ജീവിതം സ്വാഭാവികതയോടെ കാണിക്കാൻ സംവിധായകൻ ഷഹദ് നിലമ്പൂരിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ തിരക്കഥയിലെ മറികടക്കാവുന്ന പോരായ്മകളെ പോലും സംവിധാനത്തിലൂടെ മറികടക്കാൻ സംവിധായകൻ ഷഹദ് നിലമ്പൂരിനും സാധിച്ചിട്ടില്ല എന്നതാണ് സത്യം. നർമ്മത്തിനായി ഉൾപ്പെടുത്തിയിരിക്കുന്ന പല രംഗങ്ങളും പ്രേക്ഷകന് ചിരി സമ്മാനിക്കാതെ പോകുന്നുണ്ട്.
ഗുരുപ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ ഗ്രാമഭംഗി മനോഹരമായി പകർത്താൻ ഗുരുപ്രസാദിന് കഴിഞ്ഞിട്ടുണ്ട്. ടൈറ്റിൽ ഗാനത്തിലെ വിഷ്വലുകൾ അതിനൊരു ഉദാഹരമാണ്. മനു മഞ്ജിത്തിന്റെയും ബികെ ഹരി നാരായണന്റെയും വരികളെഴുതി ഷാൻ റഹ്മാൻ സംഗീതം ചെയ്ത നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രതീക്ഷകൾ ഇല്ലാതെ പോയാൽ വെറുതെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ഒറ്റതവണത്തെ കാഴ്ചയ്ക്ക് അപ്പുറം വീണ്ടും കാണാനുള്ള ഒന്നുംതന്നെ ചിത്രം നൽകുന്നില്ല.
Courtesy :- Rahimeen K.B (The Indian Express)