ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്,ഇതിനായി പുതിയ ഫീച്ചറുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി. ഓരോ ഫീച്ചറുകളും എല്ലാവരിലേക്കും എത്തും മുൻപ് ബീറ്റാ ഉപയോക്താക്കൾക്ക് നൽകി പരിശോധിക്കുന്ന രീതി വാട്സ്ആപ്പിനുണ്ട്. വാട്സ്ആപ്പ് നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന പുതിയ ഫീച്ചറുകളാണ് താഴെ പറയുന്നത്, ഇവ ഉടൻ തന്നെ പുറത്തിറക്കിയേക്കും.
മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള സവിശേഷത
സന്ദേശങ്ങൾ അയച്ചുകഴിഞ്ഞാൽ അത് എഡിറ്റ് ചെയ്യാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്, അക്ഷരത്തെറ്റുകൾ മുതൽ തെറ്റിപോകുന്ന മെസ്സേജുകൾ വരെ തിരുത്താൻ ഇതിലൂടെ കഴിയും. വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, എഡിറ്റ് മെസേജ് ഫീച്ചർ ആപ്പിന്റെ ബീറ്റ പതിപ്പുകളിലേക്ക് ഉടൻ എത്തിയേക്കും. നിലവിൽ ടെലെഗ്രാമിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്.
മീഡിയ വിസിബിലിറ്റി
അപ്രത്യക്ഷമാകുന്ന ചാറ്റുകളിൽ അയക്കുന്ന ചിത്രങ്ങളും മറ്റും സ്വയമേവ സേവാകുന്നത് ഒഴിവാക്കുന്നതിനായി വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ മാറ്റത്തോടെ, ആൻഡ്രോയിഡിലെ ഡിസാപ്പിയറിങ് ചാറ്റുകളിൽ “മീഡിയ വിസിബിലിറ്റി” ഓപ്ഷൻ വാട്ട്സ്ആപ്പ് തനിയെ ഓഫാകും. ഈ ഫീച്ചർ വരുമ്പോൾ ആളുകൾക്ക് ഫോണിന്റെ ഗാലറിയിൽ മീഡിയ കാണാൻ കഴിയും.
ഡിസപ്പിയറിങ് സന്ദേശങ്ങൾ സേവ് ചെയ്യാൻ
സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമാക്കാനാണ് വാട്സ്ആപ്പ് ഡിസപ്പിയറിങ് അഥവാ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഈ ഉപയോഗിക്കുമ്പോൾ ചില മെസ്സേജുകൾ എങ്കിലും സുരക്ഷിതമായി സൂക്ഷിക്കേണ്ടി വന്നേക്കും. ഇത് ഒരു വിലാസമോ മറ്റെന്തുമാകാം. അപ്രത്യക്ഷമാകുന്ന മോഡിൽ ചാറ്റ് ചെയ്യുമ്പോഴും ആവശ്യമായ സന്ദേശങ്ങൾ പിന്നീട് റഫറൻസിനായി സേവ് ചെയ്യാനും സൂക്ഷിക്കാനും അനുവദിക്കുന്ന പുതിയ ഫീച്ചർ ഈ പ്രശ്നം പരിഹരിച്ചേക്കുമെന്നാണ് കരുതുന്നത്.
നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ
ഉപയോക്താക്കൾക്ക് ആരെയും അറിയിക്കാതെ ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന ഒരു ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആപ്പിന്റെ ഭാവി അപ്ഡേറ്റിൽ വന്നേക്കും. പുതിയ ഫീച്ചർ അനുസരിച്ച്, ഒരു ഉപയോക്താവ് ഒരു ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോൾ, ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ എക്സിറ്റായതായുള്ള അറിയിപ്പ് ലഭിക്കൂ. മറ്റ് ഉപയോക്താക്കൾക്ക് അറിയാൻ കഴിയില്ല.
ഡിലീറ്റഡ് മെസ്സേജുകൾക്ക് അൺഡു ബട്ടൺ
ഒരു ഉപയോക്താവ് അബദ്ധവശാൽ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷനുപകരം ‘ഡിലീറ്റ് ഫോർ മി’ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, പിന്നീട് അത് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴിതാ അബദ്ധത്തിൽ ഇല്ലാതാക്കിയ സന്ദേശം തിരികെ കൊണ്ടുവരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഒരു പുതിയ ‘അൺഡു’ ബട്ടൺ കുറച്ച് സമയത്തേക്ക് സ്ക്രീനിന്റെ താഴത്തെ അറ്റത്ത് പോപ്പ് അപ്പ് ചെയ്യും എന്നാണ് വിവരം, ഇത് ഡിലീറ്റ് ചെയ്ത സന്ദേശം തിരികെ കൊണ്ടുവരാൻ ഉപയോക്താക്കളെ അനുവദിക്കും.